പേജുകള്‍‌

ശനിയാഴ്‌ച, സെപ്റ്റംബർ 27, 2008

സുന്ദരന്റെ പെണ്ണു കാണല്‍

ഇത്രെയും എഴുതിയതില്‍ കുറെ കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നു, ബാബുമോന്‍, ടോണി മോന്‍, ടിന്‍റുമോന്‍, കൊച്ചേട്ടന്‍ ഒക്കെ... പക്ഷെ ഇവര്‍ കൂടാതെ എന്‍റെ മുറിയില്‍ ഒരു സഹമുറിയന്‍ ഉണ്ട്. സഹമുറിയന്‍ എന്ന് പറയാനാ പറ്റില്ല, ഒരു മുറി മുഴുവനും അവനു വേണം. അവനാണ് 'സുന്ദരന്‍'. പേരു ജനിക്കുന്നതിനു മുമ്പെ അവന്‍റെ അച്ഛനമ്മമാര്‍ ഇട്ടതാണ്. പക്ഷേ ഇപ്പോള്‍ പേരില്‍ മാത്രമെ ഉള്ളു സൗന്ദര്യം.
അപ്പൊ കഥ എഴുതാനുള്ള കാര്യം. അത് സുന്ദരന് വന്ന ഒരു കല്യാണ ആലോചനയുമായി ബന്ധപെട്ടതാണ്. സുന്ദരന് പൊതുവെ നല്ല പണി ഉള്ള കൂട്ടത്തിലാ.എന്നും വരുമ്പോള്‍ ഒരു 10-11 മണി ഒക്കെ ആവും. ഇടക്ക് ഓരോ അസുഖം പിടിച്ചു ഒരു 10-25 ദിവസത്തെ ലീവ് ഒക്കെ പതിവാ.

അങ്ങനെ ജോലി ഒക്കെ ചെയ്തു ഉണ്ങനെ പോവുമ്പോഴാ സുന്ദരന് ഒരു ആലോചന വന്നത്. പെണ്ണും ബാംഗ്ലൂര്‍ ഒക്കെ ഉള്ളത് തന്നെ. നാട്ടിലെ ഏതോ ഒരു ബന്ധു വഴി വന്ന ആലോചനയാ. അവസാനം പെണ്ണ് കാണല്‍ ബാംഗ്ലൂര്‍ വെച്ചുതന്നെ നടത്താന്‍ തീരുമാനിച്ചു, ലീവ് എടുക്കണ്ടല്ലോ.

പെണ്ണു കാണാനുള്ള സ്ഥലവും തീരുമാനിച്ചു. എല്ലാ മലയാളികളുടെയും 'ഹാങ്ങ്‌ ഔട്ട്' സ്ഥലമായ 'ഫോറം'!


മുഹൂര്‍ത്തവും രാഹുകാലവും ഒക്കെ നോക്കി ഒരു 11 മണി ആകുമ്പോ ഫോറത്തില്‍ വരാന്‍ പെണ്ണിനോട് പറഞ്ഞു.

11 മണി എന്നൊക്കെ പറഞ്ഞാലും സുന്ദരന്‍ അതിരാവിലെ തന്നെ ഉറക്കം എഴുന്നേറ്റു. തലേ ദിവസം 12 മണിക്ക് എങ്ങാണ്ട് വന്നവനാ! ഒരിക്കലും ഇല്ലാത്ത പോലെ കുളിക്കാനായി കുളിമുരിയിലെക്ക് ഓടി. എന്നിട്ട് വെള്ളം ഒക്കെ നിലത്തോഴിച്ചു ശബ്ദം ഉണ്ടാക്കി (സാധാരണ ഇതു ടിന്‍റുമോന്‍റെ പണിയാ, എപ്പോ ഓഫീസില്‍ പോണം എന്ന് പറഞ്ഞു കുളിക്കാന്‍ കേറിയാലും നിലത്തു കുറെ വെള്ളം ഒക്കെ ഒഴിച്ച് ശബ്ദം ഉണ്ടാക്കി ഇങ്ങു ഇറങ്ങി വരും, ദേഹത്ത് വെള്ളം തൊടുകപോലും ഇല്ല. വെള്ളം അലെര്‍ജി ഉള്ള കൂട്ടത്തിലാ.)

എന്നിട്ട് ഒരുങ്ങാന്‍ ആരംഭിച്ചു. അത്രെയും നേരം സംഗതി എന്താണെന്നു ഞങ്ങള്‍ക്ക് ആര്‍ക്കും പിടികിട്ടിയില്ല. അപ്പോളാണ് സുന്ദരന്‍ തന്നെ ആ വാര്‍ത്ത‍ വെളിയില്‍ വിട്ടത്. നാണത്തോടെ കളം ഒക്കെ വരച്ചുകൊണ്ട് അവന്‍ പറഞ്ഞു " ഇന്നു ഒരു പെണ്ണു കാണല്‍ ഉണ്ട്, അതാ...ആരേലും ഒരു കമ്പനിക്ക് എന്‍റെ കൂടെ വരണം.."

"അതിനെന്താ? ഇന്നു ശനി അല്ലെ? ഒരു പണിയും ഇല്ലല്ലോ. എല്ലാരും കൂടെ അങ്ങ് പോവാം...അതാവുമ്പോ എല്ലാര്‍ക്കും അഭിപ്രായം പറയുകേം ചെയ്യാമല്ലോ...." കൊച്ചേട്ടന്‍ കേറി അങ്ങ് ഏറ്റു.

"എല്ലാരും ഒന്നും വരണ്ടാ, പെണ്ണിന് കണ്‍ഫ്യൂഷന്‍ ആയാലോ...ആരേലും ഒരാള്‍ വന്നാ മതി" സുന്ദരന്‍ പറഞ്ഞു.

ആരു വക വെക്കാന്‍! സുന്ദരന്റെ വിഷമം കണ്ടു ഞാന്‍ പറഞ്ഞു: " ശരി എന്നാ ഞാന്‍ നിന്‍റെ കൂടെ വരാം. ബാക്കി എല്ലാവരും കുറച്ചു മാറി നിന്നു കണ്ടോട്ടെ. കല്യാണം എന്നൊക്കെ പറഞ്ഞാ എല്ലാരുടേം അഭിപ്രായം നോക്കണ്ടേ?"

"പക്ഷേ എന്‍റെ കൂടെ വരുന്നതൊക്കെ കൊള്ളാം, കുറച്ചു ഡിസന്റ് ആയിട്ടു വരണം! നിന്‍റെ ആ എപ്പോഴുമുള്ള ഷര്‍ട്ട്‌ ഒക്കെ മാറ്റി വേറെ ഒരെണ്ണം എടുത്ത് ഇട്ടോണ്ട് വാ" സുന്ദരന്‍ പൌഡര്‍ ഒക്കെ വാരി പൂശികൊണ്ട്‌ പറഞ്ഞു.

എവിടുന്നോ ഒരു ജൂബ്ബ ഒക്കെ സങ്കടിപ്പിച്ച് അതാണ് അവന്‍ ഇട്ടിരുന്നത്. ഒരു ജീവിത പ്രശ്നം അല്ലെ. ഞാന്‍ അങ്ങ് സമ്മതിച്ചു.

സുന്ദരന്‍ പൌഡറിനു മുകളില്‍ ഒരു അര കുപ്പി പെര്‍ഫ്യൂം കൂടെ തളിച്ച് കാണും. പിന്നെയാ മനസ്സിലായത് അത് ടിന്‍റു മോന്‍ വേടിച്ചു വെച്ചിരുന്ന പുതിയ പെര്‍ഫ്യൂം ആരുന്നു എന്ന്.

ഞാന്‍ ഉടനെ പോയി ഒരു കാക്ക കുളി ഒകെ അങ്ങ് വെച്ചുകൊടുത്തു. എന്നിട്ട് അവിടെ കണ്ട ബാബുമോന്റെ ഒരു ഷര്‍ട്ടും ഇട്ടുകൊണ്ട്‌ പറഞ്ഞു: "ഞാന്‍ റെഡി, ഇനി എന്‍റെ കാരണം കൊണ്ടു താമസിച്ചെന്ന് പറയരുത്".

അങ്ങനെ ഒരു 10.30 ഒക്കെ ആയപ്പോള്‍ സുന്ദരനും, ഞാനും, കൊച്ചേട്ടനും,ബാബുമോനും, ടിന്റുമോനും,ടോണി മോനും കൂടെ ഫോറം ലക്ഷ്യമാക്കി പദയാത്ര ആരംഭിച്ചു.

"എടാ ഒരു കുഴപ്പം, പെണ്ണിനെ എങ്ങനെ തിരിച്ചറിയും? അത് പോലെ പെണ്ണു സുന്ദരനെ എങ്ങനെ തിരിച്ചറിയും?" ടിന്‍റു മോന്‍ ഇതു മാത്രമാണ് ലോകത്തില്‍ അറിയാത്ത കാര്യമെന്ന മട്ടില്‍ ചോദിച്ചു.

"സുന്ദരനെ ഏത് ആള്‍ക്കൂട്ടത്തിലും തിരിച്ചറിയാന്‍ പറ്റും...അതിന് പ്രതേയ്കിച്ചു ഒന്നിന്‍റെയും ആവശ്യം ഇല്ല" കൊച്ചേട്ടന്‍ പറഞ്ഞു.

പക്ഷേ നമ്മള്‍ എങ്ങനെ പെണ്ണിനെ തിരിച്ചറിയും? അതും അവരു അറിയാതെ വേണ്ടേ നമുക്കു കാണാന്‍?" ടോണി മോന്‍ പറഞ്ഞു.

"ഹി ഹി അണ്ണാന്‍ കുഞ്ഞുങ്ങളെ മരം കേറ്റം പഠിപ്പിക്കണോ??" ബാബുമോന്‍ കണ്ണിറുക്കി കൊണ്ടുപറഞ്ഞു.

ഇതിനിടയില്‍ സുന്ദരന്‍ കേറി ഇടപെട്ടു "ഹും നിന്‍റെ ഒക്കെ പറച്ചില്‍ കേട്ടാല്‍ തോന്നും നി ഒക്കെയാണ് പെണ്ണുകാണാന്‍ പോവുന്നത് എന്ന്! അവളുടെ നമ്പര്‍ എന്‍റെ കയ്യില്‍ ഉണ്ട് അവിടെ ചെന്നു വിളിച്ചാല്‍ മതി".

അങ്ങനെ അവസാനം ഞങ്ങള്‍ ഫോറത്തില്‍ എത്തി. ഏകദേശം ഒരു 10.45 ആയി കാണും. ഞാന്‍ പറഞ്ഞു

"സുന്ദരന്‍ തല്‍കാലം ഇവിടെ നില്‍ക്ക്. ഞങ്ങള്‍ പോയി വല്ല പടത്തിനും ടിക്കറ്റ് ഉണ്ടോ എന്ന് നോക്കിയിട്ട് വരാം".

എന്തായാലും സുന്ദരന്റെ ഭാഗ്യമോ നിര്‍ഭാഗ്യമോ എന്ന് അറിയില്ല...എല്ലാ പടവും ഫുള്‍ ആയിരുന്നു.

അങ്ങനെ ഞാനും സുന്ദരുനും കൂടി ഒരു കടയുടെ മുന്നില്‍ നിന്നു. ബാക്കി ഉള്ളവര്‍ എല്ലാം കുറച്ചു മാറി നിന്നു. അവസാനം പെണ്കുട്ടി വന്നു. സുന്ദരന്റെ അത്രേം വണ്ണം ഇല്ലെങ്കിലും തരക്കേടില്ലാത്ത വണ്ണം ഉണ്ടായിരുന്നു പെണ്ണിന്. എന്തായാലും അവനു മാച്ച് ആവും. പെണ്ണിന്റെ കൂടെ ഒന്നു രണ്ടു കൂട്ടുകാരികള്‍ ഉണ്ടായിരുന്നു. ഞാന്‍ അവസരം മനസ്സിലാകി പറഞ്ഞു: "നമുക്ക് ആ KFC യില്‍ ഇരുന്നു സംസാരിക്കാം, അവിടെ ആവുമ്പോള്‍ ഇഷ്ടം പോലെ സ്ഥലം ഉണ്ടല്ലോ"

എന്നെ ദയനീയമായി നോക്കികൊണ്ട്, വന്നവരുടെ മുന്നില്‍ കുറയാതിരിക്കാന്‍ സുന്ദരന്‍ പറഞ്ഞു "അതിനെന്താ അങ്ങോട്ട് പോവാം". ഒരു വെജിറ്റേറിയന്‍ ആയ സുന്ദരനെയാണ് ഞാന്‍ ചിക്കന്‍ കഴിക്കാന്‍ വിളിച്ചത്. രാവിലെ ഇറങ്ങിയപ്പോഴേ സുന്ദരന്‍ പറയുന്നുണ്ടായിരുന്നു "എന്‍റെ കയ്യില്‍ പൈസാ ഒന്നും ഇല്ല...വെറുതെ കറങ്ങിയിട്ട് ഇങ്ങു പോരാം. അത്ര തന്നെ!". അതിനൊരു മാറ്റം ഒക്കെ വരണ്ടേ... ഹി ഹി...ഞാന്‍ മനസ്സില്‍ പൊട്ടിച്ചിരിച്ചു.

അവര്‍ എല്ലാം പോയി ടേബിളില്‍ ഇരുന്നപ്പോള്‍ ഞാന്‍ കുറച്ചു സാധനങ്ങള്‍ ഒക്കെ ഓര്‍ഡര്‍ ചെയ്തു. ഒരു ൭൩൫ രൂപ ആയികാണും. ഞാന്‍ സുന്ദരനോട് ഉറക്കെ ചോദിച്ചു. "അയ്യോടാ ഞാന്‍ പേഴ്സ് എടുക്കാന്‍ മറന്നു, നിന്‍റെ കയ്യില്‍ പൈസ ഉണ്ടാവുമോ?"

"അതിനെന്താ?!" ഒരു ജാടയും ഇല്ലാതെ അവന്‍ പേഴ്സ് എടുത്തു തന്നു. അല്ലാത്തപ്പോ വല്ലോം ഒരു ചെലവ് ഒക്കെ ചോദിച്ചാല്‍ അവന്‍റെ ഒരു ജാട കാണണം... ദൈവമേ ഇങ്ങനെ എല്ലാ ദിവസവും ഒരു പെണ്ണു കാണല്‍ ഉണ്ടായിരുന്നെങ്കില്‍! ഞാന്‍ അല്പം അത്യാഗ്രഹിച്ചു പോയി.

അപ്പോഴാണ് ഞാന്‍ മറ്റുള്ളവരുടെ കാര്യം ഓര്‍ത്തത്. എന്തായാലും സ്വന്തം കാര്യം മാത്രം നോക്കിയാ പോരല്ലോ. ഞാന്‍ ഫോണ്‍ എടുത്തു ഒരു കറക്കങ്ങു വെച്ചു കൊടുത്തു. അവന്മാര്‍ എല്ലാം ഉടനെ തന്നെ പ്രത്യക്ഷ പെടുകയും ചെയ്തു. വീണ്ടും പോയി ഒരു 500 രൂപ കൂടി.

ചിക്കെന്റെ കാല് കടിച്ചു വലിക്കുന്നതിന്നിടയില്‍ കൊച്ചേട്ടന്‍ ചോദിച്ചു " ഡാ ഇതന്നോ നി പറയാറുള്ള നിന്‍റെ ഗേള്‍ ഫ്രണ്ട്?"


പെണ്ണിന്റെയും സുന്ദരന്റെയും മുഖം ഒരു പോലെ കറക്കുന്നത്‌ കണ്ടു. അല്പം യാഥാര്‍ത്യമായി തോന്നാന്‍ ടിന്‍റു മോനും അടിച്ചു " അപ്പൊ നീ വീണ്ടും പുതിയ ലൈന്‍ തുടങ്ങി അല്ലെ! ഇനി എങ്കിലും നിറുത്തികൂടെ ഇതൊക്കെ! എന്നിട് ഞങ്ങളെ പോലെ ഡിസന്റ് ആയി ജീവിക്കാന്‍ പഠിക്ക്!


ഒരു പെണ്ണിനെ പോലും മുഖമുയര്‍ത്തി നോക്കാത്ത സുന്ദരന്‍ അതൊക്കെ സഹിച്ചു കൊണ്ടിരുന്നു. എന്തായാലും പെണ്ണു കാണല്‍ അധികം നീണ്ടില്ല. "എനിക്ക് അത്യാവശ്യമായി ഒരു ഫ്രണ്ട് നെ കാണാന്‍ ഉണ്ടെന്നു പറഞ്ഞു പെണ്ണു തടി തപ്പി.


അന്നത്തോടെ സുന്ദരന്‍ ഒരു പ്രതിജ്ഞ എടുത്തു: "നിന്‍റെ ഒക്കെ കൂടെ താമസിക്കുന്നിടത്തോളം കാലം ഞാന്‍ കല്യാണം കഴിക്കില്ല" എന്ന്.


തന്‍റെ ദൃഡ പ്രതിജ്ഞയില്‍ ഉറച്ചു സുന്ദരന്‍ ഇന്നും ഒരു 'ബ്രഹ്മചാരിയായി' കഴിയുന്നു...

1 അഭിപ്രായം:

Thank you for providing the comments