പേജുകള്‍‌

ചൊവ്വാഴ്ച, നവംബർ 25, 2008

ഐ.ടി. തൊഴിലാളികള്‍ - ഗൂഗിള്‍ ടോക്ക്, ഒരു പഠനം

Satish: ഹായ് അളിയാ...
Ranjith: ഹലോ മച്ചാ,എന്നാ ഉണ്ട് വിശേഷം?
Satish:ഓ എന്നാ പറയാനാ...ഇന്നു രാവിലെ കൂടി ഒരു മീറ്റിങ്ങ് ഉണ്ടായിരുന്നു.
Ranjith:അന്നോ?

Satish:അതെ, വല്യ കഷ്ടമാ..

Ranjith:എന്താ കാര്യം?

Satish:ഇവിടെ ഒരു ചെറിയ ലേ ഓഫ് ഒക്കെ ഉണ്ടായിരുന്നു.
Ranjith:അയ്യോ, ശരിക്കും?

Satish:ചെന്നൈ ഓഫീസ് അടച്ചു പൂട്ടി.
Ranjith:ദൈവമേ...

Satish:അവിടെ 200 പേര്‍ ഉണ്ടായിരുന്നു, അതില്‍ 150 പേര്‍ക്കും 'പിങ്ക് സ്ലിപ്പ്'!
Ranjith:എല്ലാവരും ബെഞ്ചില്‍ ആയിരുന്നിരിക്കും,അല്ലെ?

Satish:ഏയ് അങ്ങനെ ഒന്നും ഇല്ല. കണ്ടവരെ ഒക്കെ അങ്ങ് പിടിച്ചു പുറത്താക്കി. അല്ലാതെ എന്താ! കുറെ ആള്‍ക്കാരുണ്ടായിരുന്നു, എല്ലാവരും ഇപ്പൊ പുറത്താ!
Ranjith:ഓ.ക്കേ.

Satish:ഞങ്ങളുടെ കാര്യത്തില്‍ ഇതുവരെ കുഴപ്പം ഒന്നും ഇല്ല. എന്നാണാവോ...

Ranjith:ശരി, അവിടെ എന്തോ പ്രശനങ്ങള്‍ ഉണ്ടായിരുന്നു അല്ലെ? ആരൊക്കെയോ പറയുന്നതു കേട്ടു.

Satish:അതെ ലാഭം എല്ലാം കുറഞ്ഞു കുറഞ്ഞു ഇരിക്കുവാ. അതുകൊണ്ട് കുറെ മുകളിലുള്ള ആള്‍ക്കാരെ പറഞ്ഞു വിടുകയാ.
Ranjith:അപ്പോ നിങ്ങള്‍ക്ക് കുഴപ്പം ഒന്നും വരാന്‍ സാധ്യത ഇല്ലാലോ.

Satish:ഹാ..ഇതു വരെ കുഴപ്പം ഒന്നും ഇല്ല.പക്ഷെ ഇതല്ലേ കോര്‍പ്പറേറ്റ് ലോകം! എപ്പോ എന്താ സംഭവിക്കുക എന്ന് ആര്‍ക്കാ അറിയാവുന്നേ !
Ranjith:അത് ശരിയാ.

Satish:പിന്നെ നിന്‍റെ കമ്പനി എങ്ങനെ ഉണ്ട്? അവിടെ കുഴപ്പം ഒന്നും ഇല്ലെന്നു വിശ്വസിക്കുന്നു.
Ranjith:ഏയ് ഇല്ല, ഇവിടെ അങ്ങനെ ഒരു പരിപാടിയേ ഇല്ല. അതുകൊണ്ട് ഇവിടെ ആര്‍ക്കും പേടിയും ഇല്ല. എന്തൊക്കെ ആയാലും ഇവിടെ മാത്രമല്ലേ ഇങ്ങനെ ബെഞ്ചില്‍ ഇരുന്നു സുഖിക്കാന്‍ പറ്റു!

Satish:അതെ അതെ, പക്ഷേ എന്തായാലും എനിക്ക് വല്യ ടെന്‍ഷന്‍ ആയിരുന്നു. എന്‍റെ കൂടെ ഉള്ള കുറെ പേരെയും പറഞ്ഞു വിട്ടു.അതും കുറെ മാനേജഴ്സിനെ ഒക്കെ പുറത്താക്കി.

Ranjith:വല്ലോ പെര്‍ഫോമന്സും നോക്കി ആയിരിക്കും...
Satish:ഒരാള്‍ ഇവിടുത്തെ റീജ്യണല്‍ മാനേജര്‍ ആയിരുന്നു.

Ranjith:ഓഹോ,അപ്പോ നല്ല പോലെ ചിക്കിലി കിട്ടുന്നവരായിരിക്കും

Satish:അത് ശരിയാ, 10-15 ലക്ഷം ഒക്കെ മേടിച്ചിരുന്നവരാ.

Ranjith:ആഹാ!

Satish:ഇപ്പോ വല്ലപ്പോഴും ഇങ്ങനെ ചാറ്റ് ചെയ്യുന്നതാ ആകെ ഒരു ആശ്വാസം.

Ranjith:ഹി ഹി...ഇവിടെ അത് തന്നെ എപ്പോഴും ഒരു ആശ്വാസം!

Satish:നിന്‍റെ ഒരു സമയം!

Ranjith:പക്ഷേ ചായ കുടിച്ചു എത്ര നേരം ഇരിക്കും? പിന്നെ വല്ലപ്പോഴും പോയി ടി.വി. കാണും, അത് മാത്രമാ ഒരു entertainment! പിന്നെ ഇടക്കിടെ ഒന്നു മയങ്ങും...

Satish:സുഖിച്ചോടാ സുഖിച്ചോ! മറ്റുള്ളവര്‍ ഒക്കെ കഷ്ടപെടുമ്പോള്‍ അവന്‍റെ ഒരു അഹങ്കാരം കണ്ടോ! നിങ്ങളുടെ അവിടെ കുഴപ്പം ഒന്നും വരില്ലേ?
Ranjith:എന്ത് കുഴപ്പം! അല്ലാ അത് വന്നാ തന്നെ എനിക്കെന്തു കുഴപ്പം!

Satish:എടാ നിങ്ങടെ അവിടെ ഒഴിവു വല്ലോം ഉണ്ടെങ്കില്‍ ഒന്നു പറയണേ...അങ്ങോട്ട് ഒന്നു ശ്രമിക്കാം. ങ്ങാ, പിന്നെ നമ്മുടെ കൂടെ ഉണ്ടായിരുന്ന രാജീവിന്‍റെ കാര്യം നിയറിഞ്ഞോ? അവന്‍റെ ജോലി പോയി.
Ranjith:ഹും, അവന്‍റെ ഒരു അഹങ്കാരം കണ്ടപ്പോളേ ഞാന്‍ വിചാരിച്ചതാ ഇതു അധിക നാള്‍ ഇല്ലെന്നു. എന്നിട്ട് ഇപ്പൊ എന്തായി? ഞാന്‍ അന്നേ അവനോടു പറഞ്ഞതാ മനുഷ്യരായാല്‍ നിലത്തു നില്‍ക്കണമെന്ന്.

Satish:എന്നാലും കഷ്ടമായി പോയി...അവന് കെട്ടി രണ്ടു പിള്ളാരും ഉള്ളതാ.
Ranjith:അവന്‍റെ കെട്ടിയോള്‍ക്ക് ജോലി ഇല്ലേ, അത് വെച്ചു കുറെ നാള്‍ അഡ്ജസ്റ്റ് ചെയ്യട്ടെ...ആ പിന്നെ നമ്മുടെ ശരത് ഉണ്ടല്ലോ, അവന്‍ അമേരിക്കക്ക് പോയി. ഇനി അവന്‍റെയും ജാഡ കാണണം!

Satish:ഒന്നുമില്ലേലും അവന്‍റെ കുടുംബം ഒന്നു രക്ഷപെടട്ടെടാ...

Ranjith:പിന്നെ ഒരു കുടുംബം. ഒന്നു പോടാ...

Satish:ശരി ശരി...

Ranjith:അളിയാ ഞാന്‍ ഇപ്പൊ വരാം, എന്‍റെ മാനേജര്‍ വിളിക്കുന്നു. എന്തോ ഒരു അത്യാവശ്യ മീറ്റിങ്ങ് ഉണ്ടെന്നു.

Satish:ഒന്നു നിക്കെടാ, കാര്യങ്ങള്‍ ഒക്കെ ചോദിച്ചു വരുന്നതല്ലാ ഉള്ളു..

Ranjith:അതല്ലട, എന്തോ urgent ആണെന്ന്. ഡാ പിന്നെ കാണാം, ബൈ... [X]

Satish:ഡാ..ഡാ...


Ranjith is offline. You can still send this person messages and they will receive them the next time they are online. [X]

മാനേജര്‍ ഒരു പിങ്ക് നിറത്തിലെ പേപ്പര്‍ കൊണ്ടു ഡിസ്കഷന്‍ റൂമില്‍ കാത്തിരിന്നു...

വ്യാഴാഴ്‌ച, നവംബർ 20, 2008

ഒരു സോഫ്റ്റ്‌വെയര്‍ വിലാപം

വളരെ സന്തോഷത്തോടെയാണ് ടിന്‍റുമോന്‍ തനിക്ക് കിട്ടിയ പ്രൊജെക്ടിലെക്കു പോയത്. ഇത്രെയും നാള്‍ ബെഞ്ചിലിരുന്നു കഷ്ടപ്പെടുക ആയിരുന്നു, എത്ര ചോദിച്ചെന്നോ ഒരു പ്രൊജക്റ്റ്‌ കിട്ടാന്‍. പക്ഷേ അധികാരികള്‍ ഇതുവരെ മൈന്‍ഡ് ചെയ്തിരുന്നില്ല. അവസാനം അവന്‍റെ മാവും പൂത്തു.

അങ്ങനെ വളരയേറെ പ്രതീക്ഷകള്‍ തോളിലും പുറത്തും ഒക്കെ ഏറ്റി അവന്‍ തന്‍റെ പുതിയ പ്രൊജെക്ടില്‍ എത്തി. ടിന്‍റുമോന്‍ ഉള്‍പടെ വെറും 3 പേര്‍ അടങ്ങുന്ന ടീം. ബാക്കി രണ്ട് ആണുങ്ങളും.

"കണ്ട മണ്ണ് പണിക്കാരെ ഒക്കെ വിട്ടിരിക്കുന്നു, ഹും ഇവന്മാര്‍ക്ക് ഈ പ്രൊജെക്ടില്‍ മാത്രമെ വരാന്‍ കണ്ടൊള്ളോ? വേറെ എത്രയോ നല്ല പ്രൊജെക്ടുകള്‍, എത്രയോ നല്ല പെണ്‍കുട്ടികള്‍! എന്നിട്ടും എനിക്ക് ഇതു തന്നെ ഗതി!" ടിന്‍റുമോന്‍ മനസ്സില്‍ ചിന്തിച്ചു.

പക്ഷേ അതിനൊന്നും അവന്‍റെ സന്തോഷത്തെ തകര്‍ക്കാനായില്ല, കാരണം അവന്‍ ബെഞ്ചില്‍ ഇരുന്നു ഒരുപാടു കരഞ്ഞിരുന്നു. ദൈവം അവന്‍റെ കരച്ചില്‍ കണ്ടു മനസ്സലിഞ്ഞു അവന് നല്‍കിയതാണ് ആ പ്രൊജക്റ്റ്‌.

"ഞാന്‍ ഈ പ്രൊജെക്ടില്‍ പണിഞ്ഞു പണിഞ്ഞു ഒരു താജ് മഹാള് തന്നെ പണിയും" ടിന്‍റുമോന്‍ ഇടക്കിടെ പറയാറുള്ള ഡയലോഗ് വീണ്ടും വീണ്ടും മനസ്സില്‍ ആവര്‍ത്തിച്ചു.

അങ്ങനെ ടിന്‍റുമോന്‍ പ്രൊജെക്ടില്‍ ചെന്നു പണിയാന്‍ ആരംഭിച്ചു. ഉളിയും കൊട്ടുവടിയും ഒക്കെ നല്ലതുപോലെ പ്രയോഗിച്ചു അവന്‍ സോഫ്റ്റ്വെയറുകള്‍ മിനുക്കിയെടുത്തു. കുഴപ്പങ്ങള്‍ ഉള്ള ഇടങ്ങള്‍ അവന്‍ ചാന്ത് കുഴച്ചുവെച്ചു അഡ്ജസ്റ്റ് ചെയ്തു. ക്ലയന്‍റ്, ബഗ്ഗുകള്‍ കണ്ടുപിടിച്ചപ്പോള്‍ അവന്‍ അതു‌ മറച്ചു പെയിന്റ് ചെയ്തു വൃത്തിയാക്കി. അവസാനം അവന്‍ ഒരു കൊച്ചു താജ് മഹാള്‍ തന്നെ പണിഞ്ഞെടുത്തു.

അധികാരികള്‍ എല്ലാവര്‍ക്കും സന്തോഷമായി. "ഇനിയും ഇനിയും വലുതാക്കണം ഈ പ്രൊജക്റ്റ്‌" അവര്‍ ടിന്‍റുമോനെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു. അവനു തന്‍റെ പണിയില്‍ അഭിമാനം തോന്നി.
അങ്ങനെ ഇരിക്കെയാണ് അധികാരികള്‍ ടിന്‍റുമോനേ വിളിച്ചു ഒരു കാര്യം പറഞ്ഞതു: "ടിന്‍റു മേശിരി, നിന്‍റെ പണി ഒക്കെ ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു. അതുകൊണ്ട് നിന്‍റെ ജോലി ഭാരം കുറയ്ക്കാനായി ഒരു പുതിയ പണിക്കാരിയെ കൂടി നിന്നെ സഹായിക്കാന്‍ അയക്കുന്നു".

ടിന്‍റുമോന്‍ സന്തോഷം കൊണ്ടു സല്‍സ നൃത്തം ചവുട്ടി. അത് കണ്ടു കൂടെ ഉള്ളവര്‍ അടക്കം പറഞ്ഞു "പാവം, ജോലി ചെയ്തു വട്ടായതാണ്. പണിഞ്ഞുകൊണ്ടിരുന്നപ്പോള്‍ വല്ലോ ഹാര്‍ഡ്വെയറും തലയില്‍ വീണു കാണും".

പക്ഷേ അതിനൊന്നും വീണ്ടും ടിന്‍റുമോനെ തളര്‍ത്താനായില്ല. കാരണം ഇതായിരുന്നു അവനെ മുന്നോട്ടു നയിച്ച പ്രതീക്ഷ, എന്നെങ്കിലും ഒരു പെണ്‍കുട്ടി കൂടെ ജോലി ചെയ്യാന്‍ വരുമെന്ന പ്രതീക്ഷ. അവന്‍റെ താജ് മഹാളിനു വേണ്ടി ഒരു പണിക്കാരിയെ കൊടുത്തതിനു അവന്‍ പുണ്യാളന്മാര്‍ക്ക് പെട്ടി കണക്കിന് മെഴുകുതിരി കത്തിച്ചു.

അങ്ങനെ ആ സുദിനം വന്നെത്തി. ടിന്‍റുമോന്‍ തന്‍റെ പുതിയ പണിക്കാരിക്കായി കാത്തിരുന്നു. അവസാനം അവള്‍ വന്നു. 'അനിത', ടിന്‍റുമോന്‍റെ സങ്കല്പത്തിലെ അതെ രൂപം.

ടിന്‍റുമോന്‍ പ്രൊജെക്ടിന്ടെ ബാലപാഠങ്ങള്‍ അനിതയ്ക്ക് പറഞ്ഞുകൊടുത്തു. എത്ര ചട്ടി സിമന്റ്‌, എത്ര ചട്ടി മണല്‍ എന്നൊക്കെ വളരെ വിശദമായി അവന്‍ അവള്‍ക്കു മനസ്സിലാക്കി കൊടുത്തു. ഉളി പിടിക്കാനും, ചാന്ത് കുഴക്കാനും ഒക്കെ അവന്‍ അവളെ പഠിപ്പിച്ചു. ക്രമേണ അവര്‍ തമ്മില്‍ അടുത്തു‌, അല്ലെങ്കില്‍ ടിന്‍റുമോന് അങ്ങനെ തോന്നിപോയി. കാരണം അവളും ടിന്‍റുമോനോട് വളരെ അടുത്തിടപഴകി. അവര്‍ തമ്മില്‍ മെറ്റലും ചരലും ഒക്കെ കൈമാറി.

വിരോധാഭാസം എന്ന് പറയട്ടെ, അവന്‍ തന്‍റെ മനസ്സിലെ ഇഷ്ടം അവളോട്‌ തുറന്നു പറഞ്ഞില്ല. അങ്ങനെ പ്രൊജെക്ടിന്ടെ പണി എല്ലാം കഴിയാറായി, ഇനി അല്പം മിനുക്ക്‌ പണികള്‍ മാത്രം. "ഇന്നു തന്നെ മനസ്സിലെ ഇഷ്ടം അവളോട്‌ തുറന്നു പറയണം" ടിന്‍റുമോന്‍ മനസ്സില്‍ പ്രതിഞ്ഞ എടുത്തു, "അല്ലെങ്കില്‍ താമസിച്ചു പോയാലോ?". അവനു ചെറിയ ഒരു ആശങ്കയും ഉണ്ടായി.

ടിന്‍റുമോന്‍ തന്‍റെ സ്നേഹം പ്രകടിപ്പിക്കാനായി തങ്ങള്‍ പണിഞ്ഞ താജ് മഹാളിനു മുകളില്‍ കയറി, എന്നിട്ട് ഉളി എടുത്തു അവന്‍ കൊത്താന്‍ ആരംഭിച്ചു.

"അ...നി...താ" അവന്‍ മനസ്സില്‍ പതിഞ്ഞത് പോലെ തന്നെ അവിടെ കൊത്തിവെച്ചു.

പെട്ടെന്നാണ് അനിത വേറെ ഒരു പ്രൊജെക്ടിലെ ഒരു പണിക്കാരനുമായി ടിന്‍റുമോന്‍റെ മുന്നില്‍ വന്നത്.

"ടിന്‍റുമോനേ, ഞാന്‍ കുറെ നാളായി പറയണം എന്ന് വിചാരിച്ച് ഇരിക്കുകയായിരുന്നു, നല്ല സമയം വരട്ടെ എന്ന് കരുതി". അനിത പറഞ്ഞു.

ടിന്‍റുമോന്റെ ഉള്ളൊന്നു പിടച്ചു. ഉള്ളില്‍ എന്ത് ചെയ്യണം എന്ന് അറിയാന്‍ വയ്യാത്ത ഒരു അവസ്ഥ ആയിരുന്നു. എങ്കിലും അവന്‍ മനസ്സാനിധ്യം വീണ്ടെടുത്തു. "അവള്‍ തന്‍റെ സ്നേഹം തുറന്നു പറയാന്‍ വന്നിരിക്കുന്നു, അതും അവളുടെ ഏറ്റവും നല്ല സുഹൃത്തിനെ കൂടി കൂട്ടിയിരിക്കുന്നു, ധൈര്യത്തിനായിരിക്കും". ടിന്‍റുമോന്‍റെ ചിന്തകള്‍ കാടു കയറി.

"അത്..അത്.. " അനിതയുടെ ശബ്ദം ഇടറി.

"മടിക്കാതെ പറഞ്ഞോളു..." ടിന്‍റുമോന്‍ അവള്‍ക്കു ധൈര്യം പകര്‍ന്നു.

അനിത അടുത്തുനിന്ന പണിക്കാരനെ ചൂണ്ടി കാണിച്ചു പറഞ്ഞു "ഇതാണ് എന്‍റെ കല്യാണം നിശ്ചയിക്കപ്പെട്ട പണിക്കാരന്‍...!"

ഒരു നിമിഷം, അത് മാത്രമേ ടിന്‍റുമോന്‍ കണ്ടുള്ളൂ. അവന്‍റെ കയ്യില്‍ ഇരുന്ന ഉളി ഉയര്‍ന്നുപൊങ്ങി.


"ആ..."

(The End)

ചൊവ്വാഴ്ച, നവംബർ 18, 2008

മഴയത്തെ പൂക്കള്‍...

ഇതു എന്‍റെ വീട്ടിലെ ചില പൂക്കള്‍, ഒരു മഴയത്ത് ഞാന്‍ തന്നെ ക്ലിക് ചെയ്ത ചില ഫോട്ടോകള്‍..വ്യാഴാഴ്‌ച, നവംബർ 13, 2008

ഹരികൃഷ്ണന്റെ കഥ

വര്‍ഷം 2010. പാലക്കടുത്തുള്ള പാറമേല്‍ ഗവണ്‍‌മെന്റ് ഭ്രാന്താശുപത്രി.
"അയ്യോ...അവര്‍ എന്നെ കൊല്ലാന്‍ വരുന്നേ..! എനിക്ക് വീട്ടി പോണേ..." സെല്ലിന്‍റെ കതകു തുറന്നു വന്ന നേഴ്സിനെ തള്ളി വീഴ്ത്തി പുറത്തുകടക്കാന്‍ ശ്രമിച്ചുകൊണ്ട് ഹരികൃഷ്ണന്‍ നിലവിളിച്ചു.
"എന്‍റെ കര്‍ത്താവേ, ഈ പ്രാന്തനെ ആരേലും ഒന്നു പിടിച്ചു നിറുത്തണേ" താഴെ വീണ നേഴ്സ് വിളിച്ചു പറഞ്ഞു. വാതില്‍ക്കല്‍ നിന്ന രണ്ടു തടിമാടന്‍ അറ്റെന്‍ഡര്‍മാര്‍ ഓടി വന്നു ഹരികൃഷ്ണനെ പിടിച്ചു നിറുത്തി. അവരുടെ കരാള ഹസ്തങ്ങളില്‍ നിന്നും ഹരികൃഷ്ണന്‍ കുതറി നോക്കി. എവിടെ രക്ഷ! ആറടിയുള്ള മുട്ടാളന്മാരുടെ മുന്നില്‍ എലുമ്പനായ ഹരികൃഷ്ണന്‍ എന്ത് ആവാന്‍.
"ഹും ഇവനെ ഷോക്ക് റൂമിലേക്ക്‌ കൊണ്ടുപോകൂ" നേഴ്സ് അലറി.
ഉടനെ തന്നെ ആ മുട്ടാളന്മാര്‍ ഹരികൃഷ്ണനെ പൊക്കി എടുത്തു ഷോക്ക് റൂമിലേക്ക്‌ കൊണ്ടു പോയി. 110 വാട്ട് കറന്റ് അവന്‍റെ സിരകളിലൂടെ കടന്നു പോയപ്പോള്‍ ഹരികൃഷ്ണന് എന്തോ ഒരു ആശ്വാസം തോന്നി. അവന്‍ പതുക്കെ ഒരു മയക്കത്തിലേക്ക് വഴുതി വീണു.
ആശുപത്രിയിലെ അന്തേവാസികള്‍ക്ക് ഇത് ഒരു സ്ഥിരം കാഴ്ച ആയിരുന്നു. വെറും ആറു മാസങ്ങള്‍ക്കു മുന്‍പാണ് ഹരികൃഷ്ണനെ അവിടെ അഡ്മിറ്റ് ചെയ്തത്. പക്ഷേ അന്ന് തൊട്ടിന്നുവരെ ചികില്‍സിച്ചിട്ടും ഒരു മാറ്റവും ഇല്ല. ഇടയ്ക്ക് വല്ലപ്പോഴും ഒരു വിഭ്രാന്തി, അല്ലാത്തപ്പോള്‍ ഏതോ ലോകത്ത് ചിന്തയില്‍ ആണ്ടങ്ങനെ ഇരിക്കും. എല്ലാവരുടെയും ചോദ്യങ്ങള്‍ക്ക് കുറെ ഉത്തരങ്ങള്‍ ഉള്ളിലൊതുക്കി ഒരു നോട്ടം മാത്രം സമ്മാനിക്കും. വിഭ്രാന്തിയുടെ സമയങ്ങളില്‍ കണ്ണില്‍ കാണുന്നതൊക്കെ എറിഞ്ഞുടക്കും, അല്ലാത്തപ്പോള്‍ വെറും പാവത്തിനെ പോലെ പെരുമാറും. അവിടെ ഡോക്ടര്‍ ആയിരുന്ന സുധീഷിനു ഹരികൃഷ്ണനെ ചികില്‍സിച്ചു ഭേദമാക്കണം എന്ന് വളരെ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ എന്ത് ചെയ്യാന്‍. എന്ത് ചോദിച്ചാലും ഒരു പുഞ്ചിരി മാത്രം സമ്മാനിച്ച്‌ അവന്‍ ആര്‍ക്കും പിടികൊടുക്കാതെ അങ്ങനെ നടക്കും.
അങ്ങനെ ഇരിക്കുമ്പോളാണ് സുധീഷിനു സ്ഥലം മാറ്റം വന്നത്. ദീര്‍ഖ നാളായി അവിടെ സേവനം ചെയ്തുവന്ന സുധീഷിനെ പിരിയാന്‍ അവിടുത്തെ അന്തേവാസികള്‍ക്ക് വല്യ വിഷമം ആയിരുന്നു. പക്ഷേ വിധിയുടെ വിളയാട്ടതിനു വഴങ്ങി അല്ലാ പറ്റു.അങ്ങനെ അവരുടെ ഒക്കെ യാത്ര അയപ്പ് സ്വീകരിച്ചു സുധീഷ്‌ യാത്ര ആയി.
പകരമായി അങ്ങോട്ട് വന്നത് ഒരു ലേഡി ഡോക്ടര്‍ ആയിരുന്നു. പേരു സംഗീത. അവിടുത്തെ നേഴ്സുമാര്‍ക്ക് ഒന്നും സംഗീതയെ പിടിച്ചില്ല. കാരണം കാഴ്ചയില്‍ അവരെകാളൊക്കെ സുന്ദരിയായിരുന്നു അവള്‍. "ഹും അവളുടെ ഒരു നടത്തം കണ്ടില്ലേ" സംഗീത ഇല്ലാത്തപ്പോള്‍ നേഴ്സുമാര്‍ അവളെക്കുറിച്ച് പിറുപിറുത്തു.
സംഗീത വന്നു ജോലി ഒക്കെ ഏറ്റെടുത്ത ശേഷം അവള്‍ അവിടുത്തെ അന്തേവാസികളുടെ ഫയല്‍ ഒക്കെ പരിശോദിച്ചു. എല്ലാം സാധാരണ ഭ്രാന്തന്‍മാര്‍ മാത്രം. ജീവിതത്തിന്‍റെ ഏതോ നിസഹായ അവസ്ഥയില്‍ മനസ്സിന്‍റെ താളം തെറ്റിയവര്‍. പക്ഷേ അതില്‍ ഒന്നില്‍ അവളുടെ കണ്ണ് ഉടക്കി നിന്നു.
പേരു :ഹരികൃഷ്ണന്‍.
വയസ്സ് :31
രോഗ കാരണം : അവ്യക്തം.
"അത്ഭുതം ആയിരിക്കുന്നു" അവള്‍ മനസ്സില്‍ ഓര്‍ത്തു. "ഒരു കാരണവും ഇല്ലാതെ ഒരാള്‍ ഭ്രാന്തന്‍ ആവുക! ഇതില്‍ എന്തോ നിഗൂടത ഉണ്ട്".
സംഗീത ഹരികൃഷ്ണനെ കുറിച്ചു കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിച്ചു. അവിടെ ഉള്ള നേഴ്സുമാരോടും അറ്റെന്‍ഡര്‍മാരോടും ഒക്കെ അവനെ പറ്റി അന്വേഷിച്ചു. ആര്‍ക്കും കൂടുതല്‍ ഒന്നും അറിയില്ല. വഴിയില്‍ അലഞ്ഞു നടന്ന ഹരികൃഷ്ണനെ ആരോ നാട്ടുകാര്‍ ചേര്‍ന്നു ആശുപത്രിയില്‍ എത്തിച്ചതാണത്രേ. സംഗീത അവന്‍റെ പഴയ ഫയല്‍ ഒക്കെ വീണ്ടും പരിശോദിച്ചു. ഇടക്ക് അര്‍ത്ഥമില്ലാതെ ഓരോ പുലമ്പലുകള്‍ - ബ്ലോഗ് എഴുതണം ബ്ലോഗ് വായിക്കണം, അവനെ തകര്‍ക്കണം എന്നൊക്കെ, പക്ഷേ അതാരും കാര്യമാക്കി ഇല്ല.
പക്ഷേ സംഗീതയ്ക്ക് അതില്‍ എന്തോ പന്തികേട് തോന്നി. അവള്‍ ഹരികൃഷ്ണനോട് സംസാരിക്കാന്‍ ശ്രമിച്ചു. പക്ഷേ വീണ്ടും പഴയ ആ ചിരി മാത്രം. അപ്പോഴാണ് സംഗീത താന്‍ MBBS നു സെക്കന്‍ഡ്‌ ലാംഗ്വേജ് ആയി പഠിച്ച ഹിപ്നോട്ടിസത്തെ പറ്റി ഓര്‍മ്മിച്ചത്. "യസ്, അത് തന്നെ! അതൊന്നു പരീക്ഷിച്ചു കളയാം..." അവള്‍ മനസ്സില്‍ പറഞ്ഞു.
അങ്ങനെ സംഗീത ഹരികൃഷ്ണനെ ഹിപ്നോട്ടിസത്തിനു വിധേയനാക്കി .അതോടെ രഹസ്യങ്ങളുടെ ചുരുള്‍ അഴിഞ്ഞു. അവന്‍ അഭ്യസ്ത വിധ്യന്‍ ആയിരുന്നു. ഏതോ നല്ല കോളേജില്‍ നിന്നും M.Tech ബിരുദം നേടിയിട്ടുണ്ട്. നല്ല ജോലി, നല്ല കുടുംബം. അങ്ങനെ ഇരിക്കുമ്പോളാണ് അവന് ബ്ലോഗ് എഴുതുന്നതില്‍ കമ്പം കയറിയത്. ആദ്യമൊക്കെ എല്ലായിടത്തുനിന്നും നല്ല പ്രതികരണം ആയിരുന്നു. ആരാധകര്‍ പെരുകി, എല്ലാവരും അവനെ വാനോളം പുകഴ്ത്തി. പെണ്‍കുട്ടികള്‍ അവന്‍റെ ഫോട്ടോ അവരുടെ മുറിയില്‍ പ്രതിഷ്ടിച്ചു. ലോകര്‍ അവനെ ബ്ലോഗിന്‍റെ ഗുരുവായി വാഴ്ത്തി. ബ്ലോഗ് എഴുതുന്നതില്‍ അവന് എതിരാളികള്‍ ഇല്ലായിരുന്നു.

അങ്ങനെ അവന്‍ അശ്വമേധം നടത്തികൊണ്ടിരുന്നപ്പോള്‍ ആണ് ഒരു പാവം ബ്ലോഗ്ഗര്‍ കായംകുളത്തുനിന്നു എത്തിയത്. അവനെ എല്ലാവരും സ്നേഹത്തോടെ 'കുഞ്ഞാട്' എന്ന് വിളിച്ചു. അവനും ബ്ലോഗുകള്‍ എഴുതി തുടങ്ങി. പക്ഷേ ഹരികൃഷ്ണന് അതൊന്നും പിടിച്ചില്ല. അവന്‍ കുഞ്ഞാടിനെ തകര്‍ക്കാന്‍ കുപ്രചരണങ്ങള്‍ തുടങ്ങി. കുഞ്ഞാട് എഴുതുന്നത് ബ്ലോഗ് പാരമ്പര്യത്തിന്റെ നീതിക്ക് നിരക്കാത്തതാണെന്ന് അവന്‍ പ്രചരിപ്പിച്ചു. കുഞ്ഞാടിനെതിരെ അവന്‍ ബ്ലോഗുകള്‍ എഴുതി. പക്ഷേ അതിനൊന്നും കുഞ്ഞാടിനെ തടഞ്ഞു നിറുത്താന്‍ ആയില്ല. നാട്ടുകാര്‍ ഹരികൃഷ്ണനെ വിട്ടു കുഞ്ഞാടിനെ വാഴ്ത്താന്‍ ആരംഭിച്ചു.
ഇതു സഹിക്കാന്‍ വയ്യാതെ ഹരികൃഷ്ണന്‍ കുഞ്ഞാടിനെ വകവരുത്താന്‍ തീരുമാനിച്ചു. രാത്രിയില്‍ പതിയിരുന്നു ആക്രമിക്കണം. ഹരികൃഷ്ണന്‍ മനസ്സില്‍ ഉറപ്പിച്ചു.അങ്ങനെ രാത്രി കുഞ്ഞാട് ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങി വരുന്ന വഴിയില്‍ ഹരികൃഷ്ണന്‍ പതിയിരുന്നു. കുഞ്ഞാട് മൂളിപാട്ടൊക്കെ പാടി വന്നപ്പോള്‍ ഹരികൃഷ്ണന്‍ അവനെ പുറകില്‍ നിന്നും ആക്രമിച്ചു. പക്ഷേ ആയോധന കലകളില്‍ നിപുണനായ കുഞ്ഞാടുണ്ടോ വിടുന്നു. കുങ് ഫു‌, കരാട്ടേ, കളരി പയറ്റ്, ഇതെല്ലം കുഞ്ഞാട് ഹരികൃഷ്ണന് കാണിച്ചു കൊടുത്തു. അവന്‍ ഹരികൃഷ്ണനെ അടിച്ച് നിലമ്പരിശാക്കി കളഞ്ഞു. ഇടയില്‍ എപ്പോളോ ഒരു അടി സ്ഥാനം തെറ്റി ഹരികൃഷ്ണന്റെ തലയ്ക്കു കൊണ്ടു.

"ഞാന്‍ എവിടെയാ" ഹരികൃഷ്ണന്‍ ഹിപ്നോടിക് നിദ്രയില്‍ നിന്നും ഞെട്ടി ഉണര്‍ന്നു. സംഗീതയെ കണ്ട അവന്‍ പരിഭ്രമിച്ചു. "ഞാന്‍ എവിടെയാ?" അവന്‍ അസ്വസ്ഥനായി ചോദിച്ചു.
"പേടിക്കണ്ട" സംഗീത പറഞ്ഞു."ഹരികൃഷ്ണന്റെ ബ്ലോഗുകള്‍ ഇന്നും ജനങ്ങള്‍ വായിക്കുന്നുണ്ട്."
"സത്യമാണോ?" ആശ്ചര്യത്തോടെ ഹരികൃഷ്ണന്‍ ചോദിച്ചു.
സംഗീത ഇന്‍റര്‍നെറ്റില്‍ കയറി ഹരികൃഷ്ണന്റെ ബ്ലോഗ് സ്റ്റാറ്റിസ്റ്റിക്സ് ഒക്കെ കാണിച്ചു കൊടുത്തു. ശരിയാണ് ആളുകള്‍ വയിക്കുകേം കമന്റ് ഇടുകേം ഒക്കെ ചെയ്തിട്ടുണ്ട്. ഹരികൃഷ്ണന് ഒരു സന്തോഷം തോന്നി."അപ്പോം കുഞാടോ?" അവന്‍ അല്പം ദേഷ്യത്തോടെ ചോദിച്ചു."കുഞ്ഞാടിന്റെ ബ്ലോഗുകളും ആളുകള്‍ വായിക്കുന്നുണ്ട്, കമന്റുകള്‍ ഇടുകേം ചെയ്യുന്നു. പക്ഷേ നിന്‍റെ ബ്ലോഗ് ആരാധകര്‍ ആരും നിന്നെ വിട്ടു പോയിട്ടില്ല..."സംഗീത ഹരികൃഷ്ണനോട് ആ സത്യങ്ങള്‍ തുറന്നു പറഞ്ഞു. അവന്‍റെ മനസ്സില്‍ കൊണ്ടു നടന്ന ഒരു അഗ്നി പര്‍വതം ഇറക്കി വെച്ച ഒരു അനുഭവം ഹരികൃഷ്ണന് ഉണ്ടായി."പിന്നെ ഞാന്‍ ഇത്ര നാളും ഈ വിദ്വേഷം മനസ്സില്‍ വെച്ചു ഭ്രാന്തനായി നടന്നതെന്തിനു?" ഹരികൃഷ്ണന്‍ ആരോടെന്നില്ലാതെ ചോദിച്ചു പോയി.
അവന്‍ പതിയെ പതിയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നു. ബ്ലോഗുകള്‍ അവന്‍ വീണ്ടും എഴുതി, നാട്ടുകാര്‍ കമന്റും ഇട്ടു. അവന്‍റെ ജിവിതത്തിന്റെ താളം കണ്ടെത്താന്‍ സഹായിച്ച ഡോക്ടറോട് അവന് ഒരു ബഹുമാനവും ആരാധനയും ഒക്കെ തോന്നി പോയി. അത് പ്രേമമായി വളര്‍ന്നു.
അവന് ആശുപത്രിയില്‍ നിന്നും പോകുവാനുള്ള സമയം വന്നു. പോകുന്നതിനു മുന്‍പ് അവന്‍ സംഗീതയോട് ചോദിച്ചു"ഡോക്ടര്‍ എനിക്ക് ഇനി ഒരു ആഗ്രഹം കൂടി ഉണ്ട്, എനിക്ക് ഡോക്ടറെ കല്യാണം കഴിക്കണം."
സംഗീത അതിന് മറുപടിയായി ഒന്നു പുഞ്ചിരിച്ചു, എന്നിട്ട് പറഞ്ഞു:
"ഈ ജീവിതത്തില്‍ എനിക്ക് ഒരു വിവാഹം ഉണ്ടെങ്കില്‍ അത് കുഞ്ഞാടും ഒത്തായിരിക്കും..."

(ശുഭം... എന്ന് വിശ്വസിക്കുന്നു...)

ചൊവ്വാഴ്ച, നവംബർ 11, 2008

പാപി ചെല്ലുന്നിടം...

"ഛേ! ഈ നശിച്ച കറണ്ട് കട്ട് കാരണം ഒന്നും ചെയ്യാന്‍ പറ്റിലല്ലോ!" ബാബുമോന്‍ വല്യവായില്‍ പറഞ്ഞു.

"അതിന് നിനക്കിനി എന്തോന്ന് ചെയ്യാനാ? നി ഓഫീസില്‍ പോയാ പിന്നെ ഇവിടെ കറണ്ട് ഉണ്ടെലെന്താ ഇല്ലേലെന്താ?" കൊച്ചേട്ടന്‍ സംശയം മൂത്ത് ചോദിച്ചു.

"ഓ കറണ്ട് ഉണ്ടേല്‍ ഒരു സിനിമ ഒക്കെ കണ്ടിട്ട് പോവാമായിരുന്നു." ബാബുമോന്‍ മുഖം ഒക്കെ വീര്‍പ്പിച്ചു പറഞ്ഞു.

"ഇന്നും ചൂടുവെള്ളം ഇല്ല! അല്ലേല്‍ ഒന്നു കുളിക്കാമായിരുന്നു". ടിന്റുമോന്‍ ഉടുപ്പൊക്കെ പെട്ടെന്ന് വലിച്ചു കേറ്റികൊണ്ട് പറഞ്ഞു. "ശോ നേരത്തെ ഏക്കണമാരുന്നു. ഇനി എന്തായാലും ലേറ്റ് ആവും".

"ഇതു തന്നെ അല്ലെടാ നി എന്നും പറയുന്നതു. എന്നിട്ട് ഒരു ദിവസം എങ്കിലും നേരത്തെ എഴുന്നെല്‍ക്കുന്നുണ്ടോ? അതും ഇല്ല, ഇനി ഈ കാര്യം പറഞ്ഞാ കുനിച്ചു നിറുത്തി നിന്നെ ഇടിക്കും!" ടോണി മോന്‍ പുച്ഛത്തോടെ ടിന്റുമോനെ ഇടിക്കാന്‍ ഓങ്ങി, പക്ഷേ ബാബുമോന്‍ സമയത്തിന് ചാടി വീണത്‌ കൊണ്ടു അപകടം ഒന്നും സംഭവിച്ചില്ല.

ഇതു ഞങ്ങടെ വീടിലെ സ്ഥിരം പരിപാടി ആയിരുന്നു. എന്നും രാവിലെ ഓഫീസില്‍ പോവാന്‍ നോക്കുമ്പോള്‍ കറണ്ട് കാണില്ല. എത്ര നേരത്തെ എഴുന്നേറ്റാലും എത്ര താമസിച്ചു എഴുന്നേറ്റാലും ഇതു തന്നെ സ്ഥിതി.

രാവിലെ ഒരു സെറ്റ് പോയി കഴിഞ്ഞിട്ടാണ് ഞാന്‍ ഒക്കെ ഓഫീസില്‍ പോവുന്നത്. എന്നും ഒരു പത്തു മണി ഒക്കെ ആവുമ്പോള്‍ വീട്ടില്‍ നിന്നു ഇറങ്ങും. പക്ഷേ അന്നേരവും കറണ്ട് കാണില്ല. കറണ്ട് ഉണ്ടെങ്കില്‍ സൂര്യയില്‍ ഉള്ള പടം ഒക്കെ കണ്ടുതീര്‍ത്തിട്ടെ പോവാറുള്ളൂ.

അവന്‍മാര്‍ നമ്മളെ ഒക്കെ ഉദ്ദേശിച്ചല്ലേ ഇതൊക്കെ കാണിക്കുന്നത്. പക്ഷേ അത് വല്ലപ്പോഴും മാത്രം, മിക്കവാറും നിരാശയായിരിക്കും ഫലം. രാവിലെ 7 മണിക്ക് വല്ലോം എഴുന്നേറ്റു Heater ഓണ്‍ ചെയ്താല്‍ 1-2 പേര്‍ക്ക് കുളിക്കാനുള്ള ചൂടുവെള്ളം ആവും. അപ്പോഴേക്കും കറണ്ട് പോവുകേം ചെയ്യും. പിന്നെ ഉള്ള ചൂടുവെള്ളത്തിനായി ഒരു കടി പിടി തന്നെ ആണ്. ആദ്യം എഴുന്നെല്‍കുന്നവര്‍ക്ക് ചൂടുവെള്ളത്തില്‍ കുളിക്കാം, ബാക്കി എല്ലാര്‍ക്കും നല്ല തണുത്തുറഞ്ഞ വെള്ളം തന്നെ ശരണം.

ഇതില്‍ മനം നൊന്തു ഞങ്ങള്‍ അടുത്തുള്ള സ്ഥലങ്ങളില്‍ ഒക്കെ ഒന്നു അന്വേഷിച്ചു. അവിടെ ഒക്കെ കറണ്ട് ഉണ്ട്, പോയാല്‍ ഒരു 5 മിനിട്ട്, അതിനകം തന്നെ വരുകേം ചെയ്യും.പക്ഷേ ഞങ്ങടെ അവിടുത്തെ സ്ഥിതി കണ്ടാല്‍ തോന്നും ഞങ്ങടെ കറണ്ട് എടുത്തിട്ടാ ബാംഗ്ലൂര്‍ മുഴുവനും ഓടുന്നത് എന്ന്!

ഇങ്ങനെ ഒക്കെ ദുഖിച്ച് ഇരുന്നപ്പോളാണ് ഓണര്‍ അമ്മച്ചി വന്നിട്ട് വീട് മാറണമെന്ന കാര്യം പറഞ്ഞത്. എന്തായാലും ഇതു തന്നെ തക്കം, ഞങ്ങള്‍ വിചാരിച്ചു. ഈ നശിച്ച സ്ഥലത്തുനിന്നും മാറി വേറെ നല്ല സ്ഥലത്തു വല്ലോം പോവാം!

ഞങ്ങള്‍ മെഴുകുതിരി വെട്ടത്തു പ്രതിജ്ഞ എടുത്തു, കാരണം അപ്പോഴും കറണ്ട് ഇല്ലായിരുന്നു."ഇനി പോവുന്നത് എപ്പോളും കറണ്ട് ഉള്ള സ്ഥലം തന്നെ ആയിരിക്കും. വാടക അല്പം അധികം ആയാലും വേണ്ട"

അങ്ങനെ അന്വേഷിച്ച് അന്വേഷിച്ച് ഞങ്ങള്‍ ഒരു നല്ല സ്ഥലം കണ്ടെത്തി. അവിടെ വര്‍ഷങ്ങളായി താമസ്സിക്കുന്നവരോട് ചോദിച്ചു "ചേട്ടാ ഇവിടെ കറണ്ട് കട്ട് വല്ലോം ഉണ്ടോ?" "കറണ്ട് കട്ടോ അതെന്താ??" അവര്‍ പറഞ്ഞതു കെട്ട് ഞങ്ങള്‍ അറിയാതെ തുള്ളിച്ചാടി പോയി. അവര്‍ കറണ്ട് കട്ടിനെ കുറിച്ച് കേട്ടിട്ട് പോലും ഇല്ല!!! ഇതു തന്നെ പറ്റിയ സ്ഥലം. ഞങ്ങളുടെ തുള്ളിച്ചാട്ടം കണ്ടു അവര്‍ കന്നടയില്‍ "ഇവര്‍ എല്ലാ ഉച്ചരു" എന്നൊക്കെ പറഞ്ഞു കൊണ്ടു കേറി കതകടച്ചു. ഞങ്ങള്‍ വിചാരിച്ചു ഞങ്ങളെ പോലെ ഉള്ള മഹാന്‍മാര്‍ അവിടെ താമസ്സിക്കാന്‍ ചെന്നതിന്റെ സന്തോഷം പ്രകടിപ്പിച്ചതായിരിക്കും എന്ന്. പിന്നെ ആരോടോ ചോദിച്ചപ്പോള്‍ മനസ്സിലായി "വേഷം കണ്ടാല്‍ പറയില്ല, ഭ്രാന്തന്മാരാണെന്നു തോന്നുന്നു" എന്ന് പറഞ്ഞാണത്രേ അവര്‍ കതകു അടച്ചത്.

പിന്നേ...ഞങ്ങള്‍ അവരുടെ വീട്ടില്‍ ഒന്നും അല്ലല്ലോ താമസിക്കാന്‍ പോകുന്നത്. വേണേ സഹിച്ചാ മതി! അല്ല പിന്നേ!

അങ്ങനെ ആറ്റുനോറ്റിരുന്നു ഞങ്ങള്‍ വീട് മാറുന്ന ദിവസം വന്നെത്തി."അങ്ങനെ ഈ പൊട്ട സ്ഥലത്തിനോട് വിട...വിട...വിടാ..." ബാബുമോന്‍ വിതുമ്പികൊണ്ട്‌ പറഞ്ഞു, എന്തൊക്കെയായാലും ഞങ്ങള്‍ 2 വര്‍ഷം അവിടെ താമസിച്ചതല്ലേ, കരഞ്ഞില്ലെങ്കിലെ കുറ്റമുള്ളു. താക്കോല്‍ കൊടുത്തപ്പോള്‍ ഞങ്ങള്‍ അമ്മച്ചിയോട്‌ വീമ്പിളക്കി. "ഈ വൃത്തികെട്ട സ്ഥലം ഒക്കെ മാറി നല്ല കിടിലന്‍ സ്ഥലതോട്ടാ ഞങ്ങള്‍ മാറുന്നത്, ഇനി കറണ്ട് ഇല്ലാതിരിക്കുന്ന പ്രശ്നം ഇല്ല! "

അങ്ങനെ മുഹൂര്‍ത്തം ഒക്കെ നോക്കി ഞങ്ങള്‍ പുതിയ വീട്ടില്‍ വലതു കാല്‍ വെച്ചു കയറി.

"അയ്യോ...കറണ്ട് ഇല്ലെടാ.." ടിന്റുമോന്‍ നിലവിളിച്ചു പോയി.

"ഡാ ഒരു മംഗള കര്‍മ്മം നടക്കുമ്പോള്‍ ആശുഭങ്ങളായിട്ടുള്ള കാര്യങ്ങള്‍ ഒന്നും പറയാതെ" കൊച്ചേട്ടന്‍ പറഞ്ഞു.

"പിന്നേ കറണ്ട് ഇല്ലാത്തതല്ലേ അശുഭം! ഒന്നു പോടാ.." ടിന്റുമോന്‍ പ്രതിഷേധം പ്രകടിപ്പിച്ചു.

"എന്നാ വാ നമുക്കു പാല് കാച്ചാം" ഞാന്‍ പറഞ്ഞു.

"ഓ 5 മിനിട്ട് കൊണ്ടു കറണ്ട് വരുമായിരിക്കും, അത് കഴിഞ്ഞു നമുക്ക് പാല് കാച്ചാം. അത്രേം നേരം നമുക്ക് സാധനങ്ങള്‍ ഒക്കെ അടുക്കി വെക്കാം " ടോണി മോന്‍ പറഞ്ഞു.
അങ്ങനെ സാധനങ്ങള്‍ ഒക്കെ വാരി അടുക്കി വെച്ചു, അതെ എല്ലാം കൂടി വാരി കൂട്ടി ഇടുന്നതിനു ഞങ്ങടെ ഭാഷയില്‍ അടുക്കി വെക്കുക എന്ന് തന്നെയാ പറയുന്നേ! എല്ലാം കഴിഞ്ഞപ്പോള്‍ ഒരു 2 മണിക്കൂര്‍ ആയി. എന്നിട്ടും കറണ്ട് കിടന്നിടത്ത് ഒരു പൂട പോലും ഇല്ല എന്ന അവസ്ഥ.

ഗതി കെട്ട് ഞങ്ങള്‍ പാല് കാച്ചി ഒരു കാപ്പി ഒക്കെ ഇട്ടങ്ങു കുടിച്ചു. എന്നിട്ടും നോ രക്ഷ!

"എടാ ചിലപ്പോ ഇവിടെ വല്ലോ repair നടക്കുന്നതായിരിക്കും. അല്ലെ ഇത്ര വല്യ കട്ട് ഇവിടെ വരാത്തതല്ലെ" കൊച്ചേട്ടന്‍ പറഞ്ഞു.
"പിന്നേ അവന്മാര്‍ക്ക് നമ്മള് വരുന്ന ദിവസം തന്നെ വേണമല്ലേ repair ചെയ്യാന്‍" ടോണിമോന്‍ കോപാക്രാന്തനായി.
"എടാ സമാധാനിക്കു, ഇന്നു ഒരു ദിവസം മാത്രമെ ഇങ്ങനെ കാണു. നാളെ തൊട്ടു നോക്കിക്കോ, കറണ്ട് കട്ട് ഇല്ലാത്ത ഒരു സംസ്ഥാനം..., ഒരു രാജ്യം..., ഒരു ലോകം...! അഹാഹാ..." ടിന്റുമോന്‍ ഏതോ ഒരു സ്വപ്നലോകത്തില്‍ ലയിച്ചു ചേര്‍ന്നു.
"എന്തായാലും താന്‍ പാതി ദൈവം പാതി എന്നല്ലേ, നമ്മളു ചെയ്യാനുള്ള പണി നമുക്ക് ചെയ്യാം, കേബിള്‍ കണക്ഷന്‍ ഒക്കെ റെഡി ആക്കി വെക്കാം, കറണ്ട് വരുമ്പോ കണ്ടു തുടങ്ങാമല്ലോ." ബാബുമോന്‍ അല്പം വിവേകത്തോടെ സംസാരിച്ചു.അങ്ങനെ ഞങ്ങള്‍ എല്ലാ ജോലികളും ഭംഗിയായി നിര്‍വഹിച്ചു.
സന്ധ്യയായി, ഉഷസ്സുമായി,രണ്ടാം ദിവസം.
ബാബുമോന്‍ അതിരാവിലെ തന്നെ ചാടി എഴുന്നേറ്റു. "എടാ കറണ്ട് ഉണ്ടെടാ...!!! ഹു ഹു ഹാ ഹാ!!!" ബാബുമോന്‍ കുളിക്കാനുള്ള ആഗ്രഹം മൂത്ത് ഓടിച്ചെന്നു ഹീറ്റര്‍ ഓണ്‍ ചെയ്തു.
അധികം താമസിച്ചില്ല "ഠിം!" ദാ കിടക്കുന്നു, വീണ്ടും കറണ്ട് പോയി.
"ദൈവമേ, ചതിച്ചല്ലോ, ഇനി എങ്ങനെ കുളിക്കും!"
- - - - - - -
അങ്ങനെ സ്ഥിരം കലാ പരിപാടികളുമായി ഒരാഴ്ച കഴിഞ്ഞു. ഒരു ശനിയാഴ്ച ഞങ്ങള്‍ എല്ലാം കൂടി കറണ്ട് ഇല്ലാത്തതിന്‍റെ മുഷിപ്പു മാറ്റാന്‍ ഒന്നു കറങ്ങാന്‍ ഇറങ്ങി. കറക്കം ഒക്കെ കഴിഞ്ഞു ഞങ്ങളുടെ അടുത്തുള്ള ഒരു കടയില്‍ ഊണു കഴിക്കാന്‍ കയറി. വെറുതെ ഒരു അന്വേഷണ ത്വരയോടെ കടക്കാരനോട് ചോദിച്ചു.
"ചേട്ടാ, കറണ്ട് ഉണ്ടോ?"
"ഹും! കറണ്ട് , അതിന്റെ പേരു ഇവിടെ മിണ്ടി പോവരുത്, കഴിഞ്ഞ ആഴ്ച വരെ ഒരു കുഴപ്പവും ഇല്ലാതെ ഇരുന്ന സ്ഥലമാ, ഇപ്പൊ ഇവിടെ കറണ്ട് ഉള്ളത് ആകെ ഒന്നോ രണ്ടോ മണിക്കൂറാ. അന്വേഷിച്ചപ്പോ അവര് പറയുവാ, ഏതോ സബ് സ്റ്റേഷന്‍ അടിച്ച് പോയത്രേ! ഇനി കുറേ നാള്‍ ഇതു തന്നെ ആയിരിക്കും സ്ഥിതി...!
അവിടെ ഇരുന്നു ചിരിക്കണോ കരയണോ എന്ന് അറിയാന്‍ വയ്യാതെ വിളമ്പിവെച്ച ചോറ് മുഴുവനും അകത്താക്കി വീട്ടിലേക്ക് നടന്നു....

വെള്ളിയാഴ്‌ച, നവംബർ 07, 2008

കള്ളന്‍മാരുടെ കാവല്‍

ഇതു ഒരു പരീക്ഷ കാലത്തിന്‍റെ കഥയാണ്. ഞാനും, പുഞ്ചിരിയും, മോളും ശ്രീക്കുട്ടനും ഒക്കെ കൂടി ഒരു സുനിത ചേച്ചിയുടെ വീട്ടില്‍ വാടകക്ക് താമസിക്കുന്ന സമയം. സ്റ്റഡി ലീവ് ഓടിക്കൊണ്ടിരുന്നു. സാധാരണ സ്റ്റഡി ലീവ് ആയാല്‍ ഒരാഴ്ച വീട്ടില്‍ പോയി നിന്നിട്ട് പരീക്ഷ തുടങ്ങുന്നതിനു ഒരു 5 ദിവസം മുന്‍പ് തിരിച്ചു കോളേജില്‍ വരും. 5 മൊഡ്യൂള്‍ ഉള്ളത് 5 ദിവസം കൊണ്ടു തീര്‍ക്കണം എന്നുള്ളതാണു ഉദ്ദേശം. പക്ഷേ എല്ലാ പ്രാവശ്യവും അത് തലേദിവസം 5 മണിക്കൂര്‍ കൊണ്ടു തീര്‍ക്കാറാണു പതിവ്.
അങ്ങനെ ആ സ്റ്റഡി ലീവിനും പഠിക്കാനുള്ള ആഗ്രഹവും പേറിക്കൊണ്ടു പതിവു പോലെ വീട്ടില്‍നിന്നു താമസ്സിക്കുന്നിടത്തെയ്ക്ക് വണ്ടി കയറി.
സുനിത ചേച്ചിയും, ഭര്‍ത്താവും, അമ്മയും ഒക്കെ താഴത്തെ നിലയില്‍ ആണ് താമസിച്ചിരുന്നത്‌. ഞങ്ങള്‍ മുകളിലത്തെ നിലയിലും. ഞങ്ങള്‍ വല്ലപ്പോഴും ഒക്കെ അവിടെ പോയി വയറു നിറച്ചു കഴിക്കുമായിരുന്നു. അങ്ങനെ ഇരുന്നപ്പോഴാണ് അവര്‍ എല്ലാം കൂടി ഒരു തീര്‍ഥ യാത്രക്ക് പോവാന്‍ തീരുമാനിച്ചത്. ഒരു അഞ്ചാറു ദിവസത്തെ പരിപാടി. പോവുന്നതിനു മുന്‍പ് സുനിതചേച്ചി വന്നു ഞങ്ങളോട് കാര്യം പറഞ്ഞു. "മക്കളെ ഞങ്ങള്‍ എല്ലാവരും കുറെ ദിവസത്തേക്ക് ഒരു യാത്രക്ക് പോവാ, താഴെ ആരും ഉണ്ടാവില്ല. വീടൊക്കെ ഒന്നു നോക്കിക്കോണേ. കള്ളന്‍മാരുടെ ശല്യം ഒക്കെ ഉള്ള സ്ഥലമാ..."
അങ്ങനെ വീടൊക്കെ ഞങ്ങളെ വിശ്വസിച്ച് ഏല്‍പ്പിച്ചിട്ട് അവര്‍ യാത്ര ആയി. വിശ്വസിച്ച് ഏല്‍പ്പിച്ചെന്നു പറഞ്ഞാല്‍, അത്ര വിശ്വാസം ഒന്നും ഇല്ലാത്തതു കൊണ്ടു മുറി ഒക്കെ പൂട്ടി താക്കോല്‍ ഒന്നും തരാതെയാണ് പോയത്. രണ്ടു നിലയുടെയും ഇടയില്‍ ഒരു വാതില്‍ ഉണ്ടായിരുന്നു. എപ്പോഴും അത് താഴെ നിന്നു പൂട്ടിയിരിക്കും. അത് തുറന്നാല്‍ നേരെ ചെല്ലുന്നത് താഴത്തെ ഹാളില്‍ ആണ്.
രാത്രി ഒരു 9 മണി ആയി കാണും. എല്ലാവരും പഠിച്ചു പഠിച്ചു മയങ്ങികൊണ്ടിരുന്നപ്പോള്‍ മോള്‍ ഒരു ആഗ്രഹം പറഞ്ഞു. "എടാ നമുക്ക് ഇവിടെ ടി.വി. ഒന്നും ഇല്ലാലോ, താഴെ ആണെങ്കില്‍ ടി.വിയും സി.ഡി. പ്ലെയറും ഒക്കെ ഇരുപ്പുണ്ട്‌...ആരും ഇല്ല താനും. നമുക്ക് കുറച്ചു നേരം പോയി ടി.വി. ഒക്കെ കണ്ടിട്ട് വരാം."
അത് ശരിയാണ്, ഞങ്ങള്‍ കുഞ്ഞുക്കുട്ടി പരാധീനക്കാര്‍ക്ക് എവിടുന്നാ ടി.വി. ഒക്കെ! ഒരിക്കല്‍ മേടിക്കാന്‍ ഒരു ശ്രമം നടത്തി, പക്ഷേ സാമ്പത്തിക ബാധ്യത മൂലം അത് ചീറ്റിപോയി.
"അതിന് താഴെ എല്ലാം പൂട്ടി ഇട്ടേച്ചു പോയേക്കുവല്ലേ...എങ്ങനെ അകത്തു കയറും?" ഞാന്‍ ചോദിച്ചു.
"ഓ അതിനാന്നോ പാട്! ആ ഇടക്കലത്തെ വാതില്‍ ഉണ്ടല്ലോ, അത് തുറക്കാന്‍ വളരെ എളുപ്പമാ, ഒരു 4 സ്ക്രൂ ഉരേണ്ട കാര്യമേ ഉള്ളു... " ചുണ്ടില്‍ ഒരു ചിരി ഒക്കെ ഫിറ്റ് ചെയ്തു അവന്‍ തന്നെ പറഞ്ഞു.
"ആഹാ എന്നാ ഒന്നു നോക്കിയിട്ട് തന്നെ കാര്യം" പുഞ്ചിരി പുസ്തകം ഒക്കെ മടക്കി വെച്ചിട്ട് പറഞ്ഞു "ബോബനും മോളിയും ഒക്കെ ഇനി പിന്നെ വായിക്കാം".
"ശരി എന്നാ ടി.വി. കണ്ടിട്ട് തന്നെ കാര്യം." ഞാനും ശ്രീകുട്ടനും കൂടെ ഉറപ്പിച്ചു പറഞ്ഞു.
അങ്ങനെ എവിടുന്നോ ഒരു സ്ക്രൂ ഡ്രൈവര്‍ ഒക്കെ തപ്പി പിടിച്ചു കൊണ്ടു വന്നു ഞങ്ങള്‍ പണി ആരംഭിച്ചു. ഒരു 5 മിനിട്ട് കഴിഞ്ഞപ്പോ അതാ ആ വാതില്‍ ഞങ്ങള്‍ക്ക് മുന്നില്‍ തുറക്കപ്പെട്ടു. വേഗം തന്നെ ഓടി താഴെ ചെന്നു. എല്ലാ മുറികളും വീണ്ടും പൂട്ടിയിരിക്കുന്നു. ഞങ്ങളെ അവര്‍ക്ക് നന്നായി അറിയാവുന്നത് കൊണ്ടാണെന്ന് തോന്നിപോയി. ആകെ തുറന്നു കിടക്കുന്നത് ഹാളും അടുക്കളയും മാത്രം.
മോള്‍ ചെന്നു ലൈറ്റ് ഇടാന്‍ ആരംഭിച്ചു.
"ടാ മണ്ടാ.. ലൈറ്റ് ഇട്ടാ ഇവിടെ ആരാണ്ട് കള്ളന്‍മാര്‍ കയറി എന്ന് നാട്ടുകാര്‍ വിചാരിക്കും" ശ്രീകുട്ടന്‍ പറഞ്ഞു.
"ഓ പിന്നെ...കള്ളന്‍മാര്‍ ലൈറ്റ് ഇട്ടോണ്ടല്ലേ മോഷ്ടിക്കുന്നത്! ഒന്നു പോടാ." മോള്‍ തിരിച്ചടിച്ചു.
"എന്തായാലും അവര്‍ ഇവിടെ ഇല്ലാന്ന് നാട്ടുകാര്‍ക്ക് എല്ലാം അറിയാവുന്ന സ്തിഥിക്ക് ലൈറ്റ് ഇടണ്ടാ..." ഒത്തു തീര്‍പ്പിനായി പുഞ്ചിരി പറഞ്ഞു.
മോള്‍ ചെന്നു സോഫയില്‍ മലര്‍ന്നു കിടന്നു ടി.വി. കാണാന്‍ ആരംഭിച്ചു.
"ടാ സൂക്ഷിച്ചു വേണം. സാധനങ്ങള്‍ എല്ലാം ഇരിക്കുന്ന സ്ഥലം എല്ലാം ഓര്‍ത്തു വെച്ചോണം,മാറി പോയാ അവര്‍ക്ക് വല്ലോ സംശയവും തോന്നും" എന്‍റെ കുശാഗ്ര ബുദ്ധി പ്രവര്‍ത്തിച്ചു.
"പോടാ പോടാ, 4-5 ദിവസം കഴിഞ്ഞിട്ട് വരുമ്പോള്‍ എന്ത് എവിടെയാണെന്നു എങ്ങനെ ഓര്‍മ്മിക്കാന്‍!" ശ്രീകുട്ടന്‍ എന്‍റെ ബുദ്ധിയെ പുച്ഛിച്ചു തള്ളി.
"എന്തായാലും ഒരു മുന്‍കരുതല്‍ ഒക്കെ വേണമല്ലോ, അതോണ്ട് പറഞ്ഞതാ." അല്പം സങ്കടത്തോടെ ഞാന്‍ പറഞ്ഞു.
"ശോ എനിക്ക് വിശക്കുന്നു. അടുക്കളെ വല്ലോം ഉണ്ടോന്നു ഞാന്‍ ഒന്നു നോക്കട്ടെ" പുഞ്ചിരി അടുക്കള ലക്ഷ്യമാക്കി ഓടി.
"അളിയാ രക്ഷപെട്ടു. എന്തുമാത്രം സാധനങ്ങളാ ഈ ഫ്രിഡ്ജില്‍ ഇരിക്കുന്നെ! ൨-൩ ദിവസം കുശാല്‍ ആയി!" പുഞ്ചിരിയുടെ നിലവിളി കെട്ട് ഞങ്ങളെല്ലാം ഓടി ചെന്നു.
ശരിയാണ്, ഫ്രിഡ്ജ്‌ മുഴുവനും സാധനങ്ങള്‍... വിവിധ തരം ജ്യുസുകള്‍ ഒക്കെ നിരത്തി വെച്ചിരിക്കുന്നു. എല്ലാവരും ഓരോന്ന് എടുത്തു തിന്നാന്‍ തുടങ്ങി.
"ടാ ഇതു കുഴപ്പം ആവും,അവര്‍ വന്നു എല്ലാം തീര്‍ന്നു പോയി എന്ന് കണ്ടാല്‍ പ്രശ്നം അല്ലെ?" ശ്രീകുട്ടന്‍ ചോദിച്ചു.
"അതിന് നമ്മള്‍ എല്ലാം തീര്‍ക്കുന്നില്ലലോ, കുറച്ചൊക്കെ വെച്ചേക്കാം" പുഞ്ചിരി പറഞ്ഞു.
ജ്യൂസ്‌ ഒക്കെ കുറെ കുടിച്ചിട്ട് അറിയാതിരിക്കാനായി കുറെ വെള്ളം ഒക്കെ ചേര്‍ത്ത് അങ്ങ് വെച്ചു.
"കളറിനു ഒരു ചെറിയ മങ്ങള്‍ ഉണ്ട്, എന്നാലും സാരമില്ല, നിറഞ്ഞു തന്നെ ഇരിപ്പുണ്ടല്ലോ." മോള്‍ പറഞ്ഞു.
അപ്പോളാണ് അവിടെ ഇരുന്ന ഫോണ്‍ പുഞ്ചിരിയുടെ ശ്രദ്ധയില്‍ പെട്ടത്. "ഹിഹി ഇന്നു ഞാന്‍ ഫോണ്‍ വിളിച്ചു മരിക്കും, ഹഹഹാ!" പുതിയ കളിപാട്ടം കിട്ടിയ കുട്ടികളെ പോലെ അവന്‍ തുള്ളിച്ചാടി.
ടാ അധികം ഒന്നും വിളിക്കണ്ട, ബില്‍ കൂടിയാ അവര്‍ക്ക് വല്ലോ സംശയവും തോന്നും." ഞാന്‍ വീണ്ടും സദാചാരത്തിന്റെ വക്താവായി."ഏയ് ഏറിയാല്‍ ഒരു മണിക്കൂര്‍ അത്രേ ഉള്ളു..." പുഞ്ചിരി നമ്പര്‍ കുത്തികൊണ്ട് പറഞ്ഞു.
അങ്ങനെ ഒരു 2-3 ദിവസം ടി.വി യും ഫോണും ഒക്കെ ആയി കഴിഞ്ഞു.ഒരു ദിവസം ഞങ്ങള്‍ പതിവുപോലെ ടി.വി. ഒക്കെ കണ്ടു വിശ്രമിക്കുക ആയിരുന്നു. രാത്രി ഒരു 9 മണി ആയി കാണും. മോള്‍ വിശപ്പ്‌ മൂത്ത് എന്തൊക്കെയോ അടുക്കളയില്‍ പോയി തപ്പി പെറുക്കി തിന്നാന്‍ ആരംഭിച്ചു. നോക്കുമ്പോള്‍ അതാ വീടിനു മുന്നില്‍ ഒരു കാര്‍ വന്നു നില്‍ക്കുന്നു. അതില്‍ നിന്നു സുനിത ചേച്ചിയും ഭര്‍ത്താവും ഒക്കെ ചാടി ഇറങ്ങുന്നു. പെട്ടന്ന് തന്നെ ഞങ്ങള്‍ എല്ലാം stair case വഴി ഓടി, മുകളില്‍ ചെന്നു കതകും അടച്ചു. ധൃതിക്കിടയില്‍ ഞങ്ങള്‍ മോളുടെ കാര്യം അങ്ങ് മറന്നു പോവുകേം ചെയ്തു. കതകു അടച്ചു കഴിഞ്ഞപ്പോഴാണ് മോള്‍ താഴെ കുടുങ്ങി പോയ കാര്യം ഓര്‍ത്തത്‌.
താഴെ നിന്നു ഒരു പൊട്ടിത്തെറി കേള്‍ക്കാമെന്ന് കരുതി ഞങ്ങള്‍ കതകിനോട് ചേര്‍ന്നു നിന്നു ശ്രദ്ധിച്ചു. പക്ഷേ കുറെ നേരം കഴിഞ്ഞിട്ടും നിരാശ ആയിരുന്നു ഫലം!
നോക്കിയിരുന്നു നോക്കിയിരുന്നു എപ്പോഴോ ഞങ്ങള്‍ എല്ലാം ഉറക്കത്തിലേക്കു വഴുതി വീണു.
പ്രഭാതം പൊട്ടി വിടര്‍ന്നു. സുനിത ചേച്ചിയുടെ അമ്മായി രാവിലെ മുറ്റമടിക്കാനായി ചൂല് തപ്പി സ്റ്റോര്‍ റൂമില്‍ ചെന്നു.
"അയ്യോ എന്നെ കൊല്ലുന്നേ...! കള്ളന്‍, കള്ളന്‍..." ഒരു നിലവിളി ആയിരുന്നു. ചക്കൊക്കെ മൂടിയ ഒരു രൂപം ചാടി, തുറന്നു കിടന്ന അടുക്കള വാതിലില്‍ കൂടെ ഇറങ്ങി അയ്യം വഴി ഓടി. ബഹളം ഒക്കെ കെട്ട് ഉണര്‍ന്ന ഞങ്ങളും ചാടി എഴുന്നേറ്റു ആ രൂപത്തിനെ പിന്തുടര്‍ന്നു. കുറച്ചു ദൂരം ഓടിയപ്പോഴാണ് ചാക്കൊക്കെ മാറ്റി മോള്‍ പുറത്തു ചാടിയത്. നാട്ടുകാര്‍ ആരും കൂടാഞ്ഞത് കൊണ്ടു ആരും അവനെ കണ്ടുമില്ല.
"എടാ അവിടുന്ന് പുറത്തു ചാടാന്‍ വേറെ വഴി ഇല്ലായിരുന്നു... എനിക്ക് വയ്യ നാട്ടുകാരുടെ ഇടി കൊള്ളാന്‍."
ഞങ്ങള്‍ അവനെയും കൂട്ടി ചാക്കും ഒക്കെ കൊണ്ടു ഒന്നും അറിയാത്ത പോലെ തിരിച്ചു ചെന്നു. അമ്മായി ബോധം ഇല്ലാതെ നിലത്തു കിടക്കുന്നു. സുനിത ചേച്ചിയും ഭര്‍ത്താവും വെള്ളം ഒക്കെ തളിച്ച് അമ്മായിയെ എഴുന്നേല്‍പ്പിച്ചു.
"ഏതോ ഭയങ്കര കള്ളനായിരുന്നു, ഒരു ആറു-ആറര അടി നീളമുണ്ട്! വല്യ കറുത്തിരണ്ട രൂപം! ചാടി വന്നു എന്നെ കൊല്ലാനും നോക്കി!" അമ്മായി ബോധം വീണപ്പോള്‍ പറഞ്ഞു.
"അതെ അതെ, ഞങ്ങള്‍ ഓടിച്ചിട്ടും അവന്‍ രക്ഷപ്പെട്ടു കളഞ്ഞില്ലേ... ഓടിച്ചപ്പോള്‍ ചാക്ക് ഒക്കെ ഇട്ടിട്ടു ഓടി കളഞ്ഞു. പക്ഷേ മുഖം കാണാന്‍ ഞങ്ങള്‍ക്ക് പറ്റിയില്ല...ഏതോ പഠിച്ച കള്ളന്‍ തന്നെ." അവര്‍ക്ക് കാര്യങ്ങള്‍ പിടികിട്ടുന്നതിനു മുന്‍പ് തന്നെ ഞങ്ങള്‍ മോളെയും കൊണ്ടു സ്ഥലം കാലിയാക്കി.
-----------
എന്തായാലും ഞങ്ങള്‍ കയറി വിളയാടിയത് അവര്‍ക്ക് മനസ്സിലാവാഞ്ഞത് കൊണ്ടു തടി കേടാവാതെ രക്ഷപ്പെട്ടു. കുറെ നാള്‍ കൂടി അവിടെ താമസിക്കുകേം ചെയ്തു.

തിങ്കളാഴ്‌ച, നവംബർ 03, 2008

ഓയൂരില്‍ നിന്നും തീവ്രവാദികളെ പിടിച്ചു

(Disclaimer: ഇതു വെറും ഒരു സങ്കല്പ കഥ മാത്രമാണ്. ഇതിന് ആരോടെങ്കിലും സംബന്ധം തോന്നുന്നെങ്കില്‍ അവരവര്‍ തന്നെ സഹിച്ചോണം!)

ഇങ്ങനെ പത്രത്തില്‍ ഒരു തലക്കെട്ട്‌ കണ്ടാണു ഞാന്‍ ഉറക്കം ഉണര്‍ന്നത്. ദൈവമേ! ചതിച്ചോ! ടോണിമോന്‍ നാട്ടില്‍ പോയിട്ടുണ്ടായിരുന്നു. അവന്‍ ഓയൂരുകാരന്‍ ആണ് താനും. അതും വെളുത്തു പൊക്കമുള്ള 25 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു യുവാവിനെ ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.ഇനി അബദ്ധത്തില്‍ എങ്ങാനം(തെറ്റിധാരണയുടെ പുറത്ത് ആണെങ്കില്‍ കൂടി) അവനെ പിടിച്ചാലോ?
ഇതു ടോണി മോന്‍ തന്നെ. ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു. അവനെ കണ്ടാല്‍ ഒരു തീവ്രവാദി ലുക്ക് ഒക്കെ ഉണ്ട് താനും.
ഞാന്‍ ഈ വാര്‍ത്ത ടിന്റുമോനെയും ബാബുമോനെയും കൊച്ചേട്ടനെയും ഒക്കെ കാണിച്ചു. അവരും ഉറപ്പിച്ചു പറഞ്ഞു. ഇതു അവന്‍ തന്നെ. ഒയൂരില്‍ നിന്നും നാടു വിട്ടു പോയിട്ടുള്ള ചുരുക്കം ചിലരില്‍ ഉള്ള ഒരാളാന്നു ടോണിമോന്‍.
"ഇനി നമ്മള്‍ എന്ത് ചെയ്യും? തീവ്രവാദികളുടെ ഫ്രണ്ട്സിനെ ഒക്കെ അകത്താക്കുന്ന സീസണ്‍ ആണ്. ഇനി അവനെങ്ങാനം നമ്മുടെ ഒക്കെ പേരു പറഞ്ഞാ... ദേവിയെ...ഞാന്‍ നാട്ടില്‍ പോവാ, എനിക്ക് വയ്യാ പോലീസിന്റെ ഇടി കൊള്ളാന്‍!" ബാബുമോന്‍ ആദ്യം കണ്ട കുറെ തുണികള്‍ ഒക്കെ വാരി ഒരു ബാഗില്‍ കുത്തിനിറച്ചു കൊണ്ടു പറഞ്ഞു.
"അയ്യാടാ...അതിന്റെ പേരില്‍ എന്റെ കുറെ ഉടുപ്പുകള്‍ അടിച്ചോണ്ട് പോകാമെന്ന് കരുതിയോ?" ടിന്റുമോന്‍ ചാടി വീണു തടഞ്ഞു.
"എടാ, അവന്‍ പറഞ്ഞതിലും കാര്യമുണ്ട്. ടോണിമോനേ പിടിച്ചാല്‍ ഉറപ്പായിട്ടും പോലീസ് നമ്മളേം തേടി വരും. ഒരുത്തനെ പോക്കിയാ അവന്റെ കൂട്ടുകാരേം പോക്കും, ഉറപ്പാ." ഞാന്‍ പറഞ്ഞു.
"ഹും ഗള്‍ഫില്‍ പോവാണെന്ന് പറഞ്ഞാ അവന്മാര്‍ വീട്ടില്‍ നിന്നും ഇറങ്ങിയിരിക്കുന്നത്. ടോണിമോന്‍ എന്താ പറഞ്ഞിരിക്കുന്നത് എന്ന് ആര് അറിയുന്നു!" പത്രത്തില്‍ നോക്കിക്കൊണ്ട്‌ കൊച്ചേട്ടന്‍ പറഞ്ഞു. "ഇനി നാട്ടില്‍ പോവാണന്നൊക്കെ നമ്മളോട് പറഞ്ഞിട്ട് വല്ല കാശ്മീരിലും പോയതാന്നോ? "
"ഇനി ഒറ്റ വഴിയേ ഉള്ളു. എത്രേം വേഗം നമുക്കും ഒന്നു മാറി നില്‍ക്കാം." ടിന്റുമോന്‍ പറഞ്ഞു.
"ഇപ്പൊ പോലീസുകാര്‍ ഒക്കെ ഭയങ്കര അന്വേഷണം അല്ലെ... വേഗം തന്നെ അവര്‍ ഇവിടേം എത്തും."
"ഡാ അവന്റെ കയ്യില്‍ മൊബൈല്‍ ഫോണ്‍ ഇല്ലേ? ഒന്നു വിളിച്ചു നോക്കിയാലോ? " ബാബുമോന്‍ ചോദിച്ചു.
"പിന്നെ എന്തിനാ? ചുമ്മാ ഇരിക്കുന്ന പട്ടിയുടെ വായില്‍ കമ്പിട്ടു കുത്തി കടിപ്പിക്കണോ?" ടിന്റുമോന്‍ എതിര്‍ത്ത് കൊണ്ടു പറഞ്ഞു.
"അതല്ലടാ...ഇനി അവന്‍ ശരിക്കും വീട്ടില്‍ പോയതാണങ്കിലോ? വെറുതെ ടെന്‍ഷന്‍ അടിക്കണ്ടല്ലോ." ഞാന്‍ പറഞ്ഞു.
"എന്നാ നി നിന്റെ ഫോണില്‍ നിന്നു തന്നെ അങ്ങ് വിളിച്ചാ മതി. ഇനി അവസാനം അതിനും ഉത്തരം പറയാന്‍ എനിക്ക് വയ്യ!" ബാബുമോന്‍ മൊബൈല്‍ ഒക്കെ കീശയില്‍ തിരുകി കൊണ്ടു പറഞ്ഞു.
ഞാന്‍ അവിടെ നോക്കിയപ്പോള്‍ അതാ കിടക്കുന്നു ടിന്റുമോന്റെ മൊബൈല്‍ വഴിയില്‍! പിന്നെ താമസിച്ചില്ല, അവന്‍ കാണാതെ ഒരു വിളി അങ്ങ് വെച്ചു കൊടുത്തു. പക്ഷേ ഒരു രക്ഷയും ഇല്ല. ഫോണ്‍ സ്വിച്ചട് ഓഫ് ആണ്.
"ഇപ്പൊ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഒക്കെ ഉപയോഗിക്കാം എന്ന് കേട്ടല്ലോ. പിന്നെ എന്താ സ്വിച്ചട് ഓഫ്?" കൊച്ചേട്ടന്‍ ചോദിച്ചു.
"പിന്നെ നി ജയിലില്‍ നിന്നു വന്നതല്ലേ...എടാ തീവ്രവാദി എന്ന് പറഞ്ഞാ പിന്നെ ഒരു സൌകര്യോം കാണില്ല. ഇടി മാത്രം കിട്ടും" ടിന്റു മോന്‍ തന്‍റെ അനുഭവം വിവരിച്ചു.
"അത് ശരി ആയിരിക്കും. പോലീസുകാര്‍ മൊബൈലില്‍ നിന്നുള്ള കോള്‍ ഒക്കെ ട്രേസ് ചെയ്തു ഇങ്ങു വരും. എല്ലാവനും അകത്തായത് തന്നെ" ഞാന്‍ എന്ത് ചെയ്യുമെന്ന് ഒരു പിടിയുമില്ലാതെ പറഞ്ഞു.
ഇങ്ങനെ ഒക്കെ പറഞ്ഞു കൊണ്ടിരിക്കുമ്പോഴാന്നു പെട്ടെന്ന് ഡോര്‍ ബെല്‍ മുഴങ്ങിയത്....
"ദൈവമേ...." ഞങ്ങള്‍ എല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞു."ഇത്ര വേഗം പോലീസ് എത്തിയോ? ഇനി നമ്മള്‍ എന്ത് ചെയ്യും?" വിറയാര്‍ന്ന സ്വരത്തില്‍ ടിന്റുമോന്‍ ചോദിച്ചു.
"എടാ ആരേലും പോയി വാതില്‍ തുറക്ക്‌. എന്തായാലും നേരിട്ടല്ലാ പറ്റു..." അല്പം ധൈര്യം സംഭരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.
വീണ്ടും നിറുത്താതെ ബെല്‍ മുഴങ്ങി."ട്രിം ട്രീം...."
"എന്നാ വാ നമുക്ക് എല്ലാം കൂടി ഒരുമിച്ചു പോയി തുറക്കാം."
വാതില്‍ തുറന്നതും ഒരു അലര്‍ച്ച ആയിരുന്നു. "എവിടെ പോയി കിടക്കുവായിരുന്നെടാ എല്ലാ എണ്ണോം ?"
എവിടുന്നോ ഒരു കറുത്ത കണ്ണട ഒക്കെ വെച്ചു ദാ നില്ക്കുന്നു നമ്മുടെ ടോണി മോന്‍!
"എടാ നിന്നെ അവര്‍ വെറുതെ വിട്ടോ?" ഗുഡ് മോര്‍ണിംഗ് പറയുന്ന ഭാവത്തില്‍ ടിന്റുമോന്‍ ചോദിച്ചു.
"ആരാ എന്താ..നിനക്കൊക്കെ വട്ടു പിടിച്ചോ?" ഒന്നും മനസ്സിലാവാതെ ടോണിമോന്‍ ചോദിച്ചു.
"ഇനി ഒളിക്കാന്‍ നോക്കിയിട്ട് കാര്യമില്ല. ഞങ്ങള്‍ എല്ലാം അറിഞ്ഞു. നി കാശ്മീരി പോയിട്ട് എപ്പോ വന്നു?"
"കാശ്മിരോ? എടാ മണ്ടന്മാരെ ഞാന്‍ വീട്ടി പോയതാ. നിന്നോടൊക്കെ അന്നേ പറഞ്ഞതല്ലേ? ഇനി സംശയം ഉണ്ടെങ്കില്‍ ഇന്നാ നോക്ക്." ടോണി മോന്‍ ബാഗ് തുറന്നു വീട്ടില്‍ ഉണ്ടാക്കിയ കുറെ അച്ചാറുകളും തീറ്റി സാധനങ്ങളും പുറത്തിട്ടു."ഇപ്പൊ വിശ്വാസം ആയോ?"
ബാബുമോന്‍ ചാടി വീണു രണ്ടു കവര്‍ പൊട്ടിച്ചു തിന്നാന്‍ തുടങ്ങി.
"അപ്പൊ നിന്നെ ശരിക്കും പോലീസ് പിടിച്ചില്ലേ? ഞങ്ങള്‍ വിചാരിച്ചു നി തന്നെ ആരിക്കും അതെന്നു". കൊച്ചേട്ടന്‍ പറഞ്ഞു.
"ഏത്?"
ടിന്റുമോന്‍ ആ പത്ര വാര്‍ത്ത ടോണി മോനേ കാണിച്ചു.
"ഹും നിന്നെ പോലെ ഒക്കെ ഉള്ള കൂട്ടുകാരെ സഹിക്കുന്നതിലും നല്ലത് വല്ല തീവ്രവാധികളുടെയും കൂടെ പോവുന്നതാ! നിയൊക്കെ ചുട്ട കോഴിയെ പറപ്പിക്കുന്ന ഇനങ്ങള്‍ ആണല്ലോ. നിന്‍റെ ഒക്കെ വാക്കു കേട്ടു വല്ലോ പോലീസുകാര്‍ വരാഞ്ഞത് എന്‍റെ കാരണവന്മാര്‍ ചെയ്ത പുണ്യം!
-----
ഇതൊക്കെ ആണെങ്കിലും അന്നത്തെ ദിവസം മുഴുവനും ടോണി മോനേ ഒരു സംശയ ദൃഷ്ടിയോടെയാണ് ഞങ്ങള്‍ നോക്കിയത്!