പേജുകള്‍‌

ചൊവ്വാഴ്ച, സെപ്റ്റംബർ 23, 2008

എന്‍റെ റിയാലിറ്റി ഷോ

എനിക്ക് സംഭവിച്ച ഒരു റിയാലിറ്റിയുടെ കാര്യം ഞാന്‍ ഓര്‍ത്തു പോവുകയാണ്.ഇതു എഞ്ചിനീയറിംഗ്-നു പഠിക്കുമ്പോള്‍ ഉണ്ടായ ഒരു സംഭവം ആണ്. എന്‍റെ ഒരു കൂട്ടുകാരന്‍, ശ്യാം,അവന്‍റെ കോളേജില്‍ ഒരു 'inter Collegiate Meet' നടക്കുമ്പോള്‍ അതിലേക്ക് എന്നെയും ക്ഷണിച്ചു. "2-3 ദിവസത്തെ പരിപാടിയാ, നി പെട്ടിം കിടക്കേം ഒക്കെ എടുത്തു ഇങ്ങു പോരെ, നമുക്ക് ഇവിടെ അടിച്ചുപൊളിക്കാം. ഭക്ഷണം ഒക്കെ ഫ്രീയാ" അവന്‍ പറഞ്ഞു.


ഭക്ഷണം എന്നൊക്കെ പറഞ്ഞപ്പോ പിന്നെ ഒന്നും ആലോചിച്ചില്ല. ദാ ഇപ്പൊ വരാം എന്ന് പറഞ്ഞു, ഒരു ധൈര്യത്തിനു ശ്രീകുട്ടനെയും കൂട്ടി, ഒരു ബാഗില്‍ കുറെ തുണി ഒക്കെ വാരി ഇട്ടു വേഗം അങ്ങോട്ട് യാത്ര ആയി.


കോളേജില്‍ ചെന്നപ്പോള്‍ ശ്യാമിന്റെ വക ഉഗ്രന്‍ സ്വീകരണം ഒക്കെ കിട്ടി. അവന്‍ ആ കോളേജിലെ ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറി ഒക്കെ ആയിരുന്നു. ഞങ്ങള്‍ ചെന്നപ്പോള്‍ തന്നെ അവന്‍ ഞങ്ങളെ കുറെ പൊക്കി പറഞ്ഞു. "ഇവന്മാര്‍ അവിടുത്തെ വല്യ കിടുക്കളാ, എന്ത് സഹായം വേണേലും ചോദിച്ചാ മതി. പിന്നെ പരിപാടിക്ക്‌ വെല്ല ഹെല്പും വേണേല്‍ ഇവന്മാര്‍ ഏറ്റു" ശ്യാം ഞങ്ങളെ ഇന്ട്രോടുസ് ചെയ്തുകൊണ്ട് അവന്‍റെ കൂട്ടുകാരോട് പറഞ്ഞു.


ഞങ്ങടെ പൊക്കം അല്പം കൂടി എന്ന് എനിക്ക് തോന്നി. എന്തായാലും അവന്‍ പറഞ്ഞതല്ലേ...വെയിറ്റ് ഒട്ടും കുറയണ്ട എന്ന് ഞങ്ങളും അങ്ങ് വിചാരിച്ചു."ഞങ്ങടെ കോളേജില്‍ നടത്തിയ പരിപാടിയുടെ അത്രേം വരില്ല, എന്നാലും കുഴപ്പമില്ല, അഡ്ജസ്റ്റ് ചെയ്യാം" ഞങ്ങള്‍ തട്ടി വിട്ടു.


പിന്നെ അന്നത്തെ ദിവസം ഫുഡ് ഒക്കെ തട്ടി അങ്ങ് ആഘോഷിച്ചു. എല്ലാവരും ഓരോരോ വിഭവങ്ങള്‍ സ്പോന്‍സര്‍ ചെയ്തു അവസാനം മൂക്ക് മുട്ടെ തിന്നു. ഇടക്കിടക്ക് ഓരോ പാട്ടും നൃത്തവും ഒക്കെ പോയി കാണും. വെയിറ്റ് കൈവിടാതിരിക്കാനായി ഇടയ്ക്ക് ഓരോരോ കമന്റും അടിക്കും. "ഇതു അത്ര ശരിയായില്ല", "സംഗതി ഒന്നും വന്നില്ല" എന്നുള്ള മട്ടില്‍.ശ്യാമിനോടുള്ള ബഹുമാനം കൊണ്ടാന്നോ എന്തോ അവന്മാര്‍ എല്ലാം ക്ഷമയോടെ കേട്ടു. അത് മനസ്സിലാക്കി ഞങ്ങളും വിട്ടുകൊടുത്തില്ല. ഓരോ പരിപാടി കഴിഞ്ഞപ്പോഴും കമന്റ്സ് വന്നുകൊണ്ടിരുന്നു. "ഇതു തീരെ കൊള്ളില്ലയിരുന്നു, ഞങ്ങള്‍ എങ്ങാനം ആയിരുന്നെങ്കില്‍ കാണിച്ചു തരാമായിരുന്നു" എന്നൊക്കെ അങ്ങ് തള്ളി കളഞ്ഞു!


എന്തായാലും അന്ന് ശരീരത്തിന് കേടോന്നുമില്ലാതെ അങ്ങ് പോയി. പിറ്റേ ദിവസം രാവിലെ കുളിച്ചു ഒരുങ്ങി ഒക്കെ ചെന്നു ഞങ്ങടെ വിമര്‍ശനം വീണ്ടും ആരംഭിച്ചു. കുറച്ചു കഴിഞ്ഞു ഒരു പാവം (ആണെന്ന് തോന്നുന്നു) പയ്യന്‍ വന്നു ഞങ്ങളോട് പറഞ്ഞു: "നിങ്ങള്‍ ശ്യാം ചേട്ടന്റെ കൂട്ടുകാര്‍ അല്ലെ? ഞങ്ങള്‍ക്ക് ഒരു സഹായം വേണം. ഞങ്ങള്‍ എല്ലാരും കൂടി ഒരു പരിപാടി നടത്തുന്നുണ്ട്. അതിന് ഇപ്പൊ 3 ടീമേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ . നിങ്ങള്‍ രണ്ടു പേരും കൂടെ ഒന്നു ടീമായി കേറണം, എന്നാലേ പരിപാടി നടക്കു..."


ദൈവമേ! വെളുക്കാന്‍ തേച്ചത് പണ്ടായല്ലോ...ഞാന്‍ ഇനി എന്ത് ചെയ്യും എന്ന് അറിയാന്‍ വയ്യാതെ ശ്രീകുട്ടന്റെ കാലേല്‍ ആഞ്ഞു ഒരു ചവിട്ട് അങ്ങ് കൊടുത്തു. എന്നിട്ടും അവന് കാര്യം മനസ്സിലായില്ല, അവന്‍ ചാടി കേറി അങ്ങ് ഏറ്റുകളഞ്ഞു : "അതിനാന്നോ പാട്? ഞങ്ങടെ കോളേജില്‍ എത്ര എത്ര പരിപാടികള്‍ ഞങ്ങള്‍ നടത്തിയിട്ടുള്ളതാ...പേടിക്കാതെ പൊയ്ക്കോ, ഞങ്ങള്‍ ഏറ്റെന്നെ...."അപ്പോ ശ്യാമും ഞങ്ങളോട് പറഞ്ഞു:"എന്തായാലും ഇവന്മാര്‍ നടത്തുന്ന പരിപാടി അല്ലെ, നിങ്ങള്‍ക്ക് ഫസ്റ്റോ സെകോണ്ടോ ഉറപ്പാക്കാം!"


"ആ ചേട്ടന്മാരെ ഒന്നു ഹെല്പ് ചെയ്തേക്കണേ..."അവന്‍ ഓര്‍ഗനൈസ് ചെയ്യുന്ന പിള്ളാരോട് പറഞ്ഞു.


അങ്ങനെ ഞങ്ങള്‍ പ്രാക്ടീസ് തുടങ്ങി. "വെറും ഒരു ക്വിസ് പരിപാടി പോലെ ഉള്ളു...നിങ്ങള്‍ കലക്കുമെന്നെ..." അവന്മാര്‍ തള്ളി(ആക്കിയതാണോ എന്തോ എന്ന് അപ്പോ മനസ്സിലായില്ല).


ചെറിയെ ചെറിയെ ഉടായിപ്പ് പരിപാടികള്‍ ഒക്കെ കാണിച്ചു നടന്നിരുന്ന ഞങ്ങള്‍ വിചാരിച്ചു" ഓ ക്വിസ് എന്നൊക്കെ പറഞ്ഞാ എവിടെ വരെ പോവാനാ!".


"ക്വിസ് എന്ന് പറഞ്ഞാ ഒരു 4-5 റൌണ്ട് കാണും, കുഴപ്പം ഒന്നും ഇല്ലാലോ? അതില്‍ 'dumb charades'- ഉം കാണും." ശ്യാം പറഞ്ഞു."ആഹാ, അതാ ഞങ്ങള്‍ക്ക് ഇഷ്ടപെട്ടത്, ഞങ്ങള്‍ എത്ര സമ്മാനം വാങ്ങിയിട്ടുള്ളതാ എന്ന് അറിയുവോ?" ഞാന്‍ ഒരു ജാഡ ഒക്കെ ഒപ്പിച്ചങ്ങു തട്ടിവിട്ടു.


അങ്ങനെ ഒരു 5 മണി ആയി കാണും. ഓടിറ്റോറിയത്തില്‍ അനൌണ്സ്മെന്‍്റ്റ് നടന്നു. "അടുത്ത പരിപാടിയായ ക്വിസ് ഉടനെ ആരംഭിക്കുന്നതാണ്..."


ഞാനും ശ്രീകുട്ടനും ഓടിച്ചെന്നു സ്റ്റേജില്‍ ഒരു മൂലയ്ക്ക് സ്ഥലം പിടിച്ചു. "ടീം നമ്പര്‍ 4". അപ്പോഴാണ് ഞങ്ങള്‍ സദസ്സിലേക്ക് ഒന്നു എത്തി നോക്കിയത്. "അമ്മേ..."ഞാന്‍ അറിയാതെ പറഞ്ഞു പോയി. നോക്കിയപ്പോള്‍ ഏകദേശം ഒരു 1500-ല്‍ അധികം ആളുകള്‍ നിരന്ന് അങ്ങ് ഇരിക്കുന്നു. "അവിടെ ഇരുന്നു നോക്കിയപ്പോള്‍ ഇത്രേം ഒന്നും തോന്നിയില്ലലോ, അവന്മാര്‍ നമ്മളെ സിംഹ കൂട്ടിലേക്ക് അണല്ലോടാ തുറന്നു വിട്ടത്...ചതിയന്മാര്‍..." വിറയ്ക്കുന്ന ശബ്ദത്തില്‍ ഞാന്‍ ശ്രീകുട്ടനോട് പറഞ്ഞൊപ്പിച്ചു. അവന്‍ മുട്ടുകള്‍ തമ്മില്‍ കൂട്ടി മുട്ടാതിരിക്കാന്‍ പാടുപ്പെടുകയായിരുന്നു.


ആദ്യത്തെ റൌണ്ട് : Dumb Charades


ഞാനും ശ്രീകുട്ടനും തമ്മില്‍ നേരത്തെ ഒരു ധാരണ ഒക്കെ ഉണ്ടായിരുന്നു. ഏത് വാക്ക് വന്നാലും മറ്റുള്ളവര്‍ക്ക് മനസ്സിലാവാതെ alphabetize ചെയ്യ്തു പറയാന്‍ ഒരു സൂത്ര പണി ഞങ്ങള്‍ പഠിച്ചിരുന്നു. മറ്റു ടീമുകള്‍ക്കൊക്കെ കിട്ടിയ വാക്കുകള്‍ കണ്ടു ഞങ്ങള്‍ കണ്ണ് തള്ളി. ആര്ക്കും ഉത്തരം പറയാന്‍ ആയില്ല. അവസാനം ഞങ്ങടെ ഊഴം ആയി. ശ്രീകുട്ടന്‍ ആണ് വാക്കു കേള്‍ക്കാന്‍ പോയത്. അവന്‍ പോയി എന്തൊക്കെയോ ആംഗ്യം കാണിച്ചു. ഞാന്‍ മനസ്സിലായത് ഒരു പേപ്പറില്‍ കുറിച്ചിട്ടു. 'C-l-a-d-i-s-t-i-c-s’ എങ്ങനെ പറയണം എന്ന് അറിയാന്‍ വയ്യാത്തത്തുകൊണ്ട് ഞാന്‍ anchor നെ അടുത്ത് വിളിച്ചു പറഞ്ഞു."ഇതാ ആ വാക്ക്".


"ഉത്തരം ശരിയാണ്..." ഓടിറ്റോറിയം മുഴവനും നിറുത്താതെ കരഘോഷം. ആദ്യമായി ഉത്തരം പറഞ്ഞതിന്‍റെ അഹങ്കാരത്തില്‍ ഞങ്ങള്‍ ഞെളിഞ്ഞിരുന്നു. ഞാന്‍ ശ്രീകുട്ടന്റെ ചെവിയില്‍ പറഞ്ഞു: "കണ്ടോടാ ഇത്രേ ഉള്ളരുന്നു....നമ്മള്‍ വരാതിരുന്നെങ്കില്‍ വല്യ നഷ്ടമായേനെ..."


അടുത്ത ചോദ്യവും അതുപോലെ തന്നെ ആരും പറഞ്ഞില്ല.വീണ്ടും ശ്രീകുട്ടന്‍ പോയി ആംഗ്യം കാണിച്ചു, ഞാന്‍ കുറിച്ചിട്ടു. 'v-o-c-i-f-e-r-o-u-s’. വീണ്ടും ശരി ഉത്തരം. അങ്ങനെ ഞങ്ങള്‍ക്ക് 20 മാര്‍ക്ക് ആയി.ബാക്കി എല്ലാ ടീമും പൂജ്യവും വാങ്ങി വായ്നോക്കി ഇരിക്കുകയാണ്. "ഹും... ക്വിസ്സിനു വന്നിരിക്കുന്നു...മണ്ടന്മാര്‍..." ശ്രീകുട്ടന്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.


ഞങ്ങളോട് പരിപാടിയില്‍ പങ്കെടുക്കണം എന്ന് പറഞ്ഞ പിള്ളേര്‍ എല്ലാം തുള്ളിച്ചാടുന്നത് സ്റ്റേജില്‍ ഇരുന്നു ഞങ്ങള്‍ നോക്കിക്കണ്ടു. ശ്യാം കുറച്ചു അഹങ്കാരത്തോടെ അവിടെ ഒക്കെ നടന്നു "നമ്മുടെ പയ്യന്മാരാ" എന്നൊക്കെ പറയുന്നുണ്ടായിരുന്നു. അവിടം കൊണ്ടു തീര്‍ന്നിരുന്നെങ്കില്‍ കഥ വേറൊരു വഴിക്കാകുമായിരുന്നു. പക്ഷെ അവിടെ എങ്ങും തീര്‍ന്നില്ല.


രണ്ടാമത്തെ റൌണ്ട്: Debate


ഒരു വിഷയം തന്നിട്ട് 'For and Against' വാദിക്കണം. കുറച്ചു പോയിന്റ്സ് ഒക്കെ പറഞ്ഞാലേ മാര്‍ക്ക് കിട്ടു. അതാണ് നിയമം. എന്‍റെ കാല് വിറക്കാന്‍ ആരംഭിച്ചു. സഭാകമ്പം കണ്ടുപിടിച്ച ആളെ തല്ലി കൊല്ലണം. ഞാന്‍ മനസ്സില്‍ ഓര്‍ത്തു. സാധാരണ വിധത്തില്‍ സ്റ്റേജില്‍ കയറി ഒരു നാല് വാക്ക് പറയണം എന്ന് പറഞ്ഞാലേ എന്‍റെ മുട്ട് വിറക്കും. ഇതിപ്പോ ഡിബേറ്റ് എന്നൊക്കെ പറഞ്ഞാ...ദൈവമേ...അതും അത്ര പരിചയമില്ലാത്ത ഇംഗ്ളീഷില്‍! ഇതു വരെ കെട്ടിപ്പൊക്കി കൊണ്ടുവന്ന കോട്ടകള്‍ എല്ലാം തകര്‍ന്നു വീഴുന്നത് ഞാന്‍ മനസ്സില്‍ സിനിമ കണ്ടു.


ബാക്കി എല്ലാ ടീമുകളും തകര്‍ക്കുകയാണ്.


"ഇപ്പൊ ഇറങ്ങി ഓടിയാല്‍ ഉള്ള മാനം കൊണ്ടു രക്ഷപെടാം..." ശ്രീകുട്ടന്‍ വിറച്ചുകൊണ്ട് ഐഡിയ പറഞ്ഞു, "നമുക്ക് വീട്ടി ചെന്നിട്ട് നിന്നാ മതി,അറിയാവുന്ന ആരും ഇല്ലാത്തതിനാല്‍, വല്യ പബ്ലിസിറ്റി കൊടുക്കാതിരുന്ന മതി."
"എന്നാ ഓടിക്കോ" ഞാന്‍ ആദ്യമായി ഒരു അഭിപ്രായത്തില്‍ ശ്രീകുട്ടനോട് എതിര് പറയാതെ യോജിച്ചു.
പക്ഷെ വിധി എന്ന കശ്മലന്‍ anchor-ഉടെ രൂപത്തില്‍ വിളിച്ചു:"അടുത്തത് നമ്മുടെ പ്രീയപ്പെട്ട ടീം നമ്പര്‍ 4"


അങ്ങനെ ഞങ്ങള്‍ മൈക്കും പിടിച്ചു എഴുന്നേറ്റു. കാല് കൂട്ടിഇടിക്കുന്നത് അറിയാതിരിക്കാനായി ഞാന്‍ നല്ലവണ്ണം മുട്ടുകള്‍ ചേര്‍ത്തു നിന്നു. 'കേരളത്തിലെ രാഷ്ട്രീയം നല്ലതോ ചീത്തയോ' അതാണ് ഞങ്ങള്‍ക്ക് കിട്ടിയ വിഷയം. ശ്രീകുട്ടന്‍ എന്തൊകെയോ അനുകൂലിച്ചു കൊണ്ട് പറഞ്ഞ് ഒപ്പിച്ചു. കടിച്ചാല്‍ പൊട്ടില്ല എന്ന എനിക്ക് തോന്നിയ കുറെ വാക്കുകള്‍ കൂടി ഒരു 5-6 വരികള്‍ ഞാനും പറഞ്ഞൊപ്പിച്ചു. ആര്‍ക്കും ഒന്നും മനസ്സിലായില്ല എന്ന് എനിക്ക് മനസ്സിലായി. സദസ്സില്‍ ആകെ ഒരു മൌനം മാത്രം. കൂവല്‍ ഒന്നും കേള്‍ക്കുന്നില്ല താനും. ഞാന്‍ അതിശയിച്ചു. എന്തായാലും ആ റൌണ്ട് അവിടെ അവസാനിച്ചു. ഞങ്ങള്‍ക്ക് 5 മാര്‍ക്കും ബാക്കി ഉള്ളവര്‍ക്ക് ഇരുപതില്‍ കുറയാതെ ഉള്ള മാര്‍ക്കുകളും കിട്ടി.


മൂന്നാമത്തെ റൌണ്ട്: (ഇത്രെയും ആയപ്പോള്‍ പേരു ഓര്‍ക്കാനുള്ള മാനസിക അവസ്ഥയില്‍ അല്ലായിരുന്നു)


ഒരു പാട്ടു പറഞ്ഞിട്ട ആര് പാടിയതാണ് എന്ന് കണ്ടുപിടിക്കണം, അതായിരുന്നു ചോദ്യം. പക്ഷെ പാട്ടെല്ലാം ഇംഗ്ലീഷിലും. മറ്റു ടീമുകള്‍ എല്ലാം പുട്ട് പോലെ പറഞ്ഞു,അവസാനം ഞങ്ങള്‍ക്കുള്ള പാട്ടു കേള്‍പ്പിച്ചു. ശ്രീകുട്ടന്‍ എന്തോ ഒരു പേരു എന്‍റെ ചെവിയില്‍ പറഞ്ഞു. "അതൊന്നുമല്ല" ഞാന്‍ തറപ്പിച്ചു പറഞ്ഞു, എന്നിട്ട് ആകെ അറിയാവുന്ന ഒരു പേരങ്ങ് വെച്ചു കാച്ചി. "shakira" .


"ഉത്തരം തെറ്റാണ്". ചെറിയെ കൂവല്‍ അല്ലാതെ ഒന്നും കേട്ടില്ല.(അതേതോ ബോയ് ബാന്‍ഡിന്‍്റെ പാട്ടായിരുന്നു, അപ്പോഴാ ഞാന്‍ പറഞ്ഞതു shakira എന്ന്!)


"ഞാന്‍ അതുതന്നെ അല്ലെടാ പറഞ്ഞേ" ശ്രീകുട്ടന്‍ ചൂടായി, "പിന്നെ നീ എന്തിനാ മാറ്റി പറഞ്ഞേ?"


"ആ ഇനി ഇപ്പൊ അങ്ങനെ ഒക്കെ പറയാം.അന്നേരം ടെന്‍ഷനില്‍ ഞാന്‍ കേള്‍ക്കാഞ്ഞത് നിന്‍റെ ഭാഗ്യം." ഞാന്‍ പറഞ്ഞു.


എന്തായാലും മൊത്തം കുളം ആയി എന്ന് പറഞ്ഞാ പോരെ. പിന്നെ നടന്ന രണ്ട് റൌണ്ട് ഒന്നും എനിക്ക് ഒരോര്‍മ്മയും ഇല്ല.പരിപാടി കഴിഞ്ഞപ്പോ ആരോ എന്‍റെ മുഖത്ത് വെള്ളം തളിച്ചെന്നു തോന്നുന്നു. പരിപാടി കഴിഞ്ഞു വിജയികളെ പ്രഖ്യാപിക്കാന്‍ പോയപ്പോഴാണ്‌ അവര്‍ കണ്ടതത്രേ: ഞാന്‍ ബോധം ഇല്ലാതെ കിടക്കുന്നു! എന്തായാലും എന്നെ പൊക്കി എടുത്തുകൊണ്ടു വന്ന കൂട്ടത്തില്‍ ശ്രീകുട്ടനും പയ്യെ സ്റ്റേജില്‍ നിന്നു മുങ്ങി. ശ്യാം പറഞ്ഞപ്പോഴാ കാര്യങ്ങള്‍ ഒക്കെ മനസ്സിലായത്. ആരേലും കൂവിയാല്‍ വെട്ടികളയും, കൊന്നുകളയും എന്നൊക്കെ പറഞ്ഞു അവന്‍ ഭീഷണി പെടുത്തിയത് കൊണ്ടാണത്രേ ആരും അനങ്ങാതെ ഇരുന്നത്. അല്ലേല്‍ ഞങ്ങള്‍ക്ക് ഇടാന്‍ മാല ഒക്കെ എല്ലാരും കൂടെ റെഡി ആക്കി വെച്ചിരുന്നു! ഇങ്ങനെ ഒരു സംഭവത്തിനു ശേഷം പിന്നെ ഞങ്ങള്‍ ആ കോളേജിലേക്ക് പോയിട്ടേ ഇല്ല.


എന്തായാലും അവന്‍റെ കോളേജ് നല്ല ദൂരത്ത് ആയിരുന്നത്‌ കൊണ്ട് എന്‍റെ കോളേജില്‍ ആരും ഈ സംഭവം അറിഞ്ഞതെ ഇല്ല. അല്ലെ മാനം കപ്പലു കയറിയേനെ...

2 അഭിപ്രായങ്ങൾ:

  1. അപ്പൊ,നമ്മള് ഒരു സകല കലാ "വല്ലഫന്‍ " ആയിരുന്നു അല്ലെ?
    നന്നായി...ഇങ്ങനെ തന്നെ വേണം വേറെ കോളേജില്‍ ചെന്നു ആളാവാന്‍..
    ഒന്നു തെളിഞ്ഞു..നല്ല ബോധം ഉണ്ടായിരുന്നു എന്ന്...അതില്ലാതെ,പിന്നെ.." അത്(ബോധം) കെട്ട് കിടക്കില്ലായിരുന്നല്ലോ...
    പോസ്റ്റ് തകര്ത്തു..അടുത്തത് പോരട്ടെ..

    മറുപടിഇല്ലാതാക്കൂ

Thank you for providing the comments