പേജുകള്‍‌

ചൊവ്വാഴ്ച, സെപ്റ്റംബർ 16, 2008

സഞ്ചാര സാഹിത്യം

കുറേ നാള്‍ ആയി മനസ്സിനെ അലട്ടുന്ന ഒരു ഒരു ചിന്തയാണു എനിക്കും ഒരു സഞ്ചാര സാഹിത്യം ഒക്കെ എഴുതണം. അങ്ങനെ ഇരുന്നപ്പോള്‍ ആണ് എനിക്കും ഒരു സാഹചര്യം ഒത്തു വന്നത്.


എന്റെ യാത്ര തുടങ്ങുന്നത് അതിരാവിലെ വീട്ടില്‍ നിന്നുമാണ്. പ്രത്യേകിച്ച് ലക്ഷ്യങ്ങള്‍ ഒന്നും ഇല്ലാതെ അലഞ്ഞു നടക്കുന്ന മനസ്സ്. അതിനെ ഏകാഗ്രം ആക്കി ഒരു ചെറിയ കുളി ഒക്കെ കഴിഞ്ഞു ഞാന്‍ എന്റെ യാത്ര ആരംഭിച്ചു. യാത്രയില്‍ ഇടയ്ക്ക് കഴിക്കാനായി ഞാന്‍ പ്രാതലും കരുതിയിരുന്നു. അല്‍പ സമയം കൊണ്ട് അതിദൂരം സഞ്ചരിച്ചു എന്ന് എനിക്ക് തോന്നിപോയി. പക്ഷേ വളരെ അധികം വാഹനങ്ങള്‍ ഉള്ളതിനാല്‍ എന്റെ വാഹനം വളരെ പതുക്കെയാണു നിങ്ങികൊണ്ടിരുന്നത്.


ഇപ്പോള്‍ ഞാന്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് ഒരു ഗലിയില്‍ കൂട്ടെയാണ്.കഷ്ടപ്പാടിന്റെയും ദാരിദ്ര്യത്തിന്റെയും ഒക്കെ മുഖമുദ്ര അണിഞ്ഞു നില്ക്കുന്ന വീടുകള്‍, ഇടിഞ്ഞു വീഴാറായ മേല്‍ക്കൂരകള്‍, മഴയില്‍ നിന്നും അഭയം പ്രാപിക്കാനായി കെട്ടി വെച്ചിരിക്കുന്ന പ്ലാസ്റ്റിക് കവറുകള്‍. അവിടെ ഒക്കെ മുറ്റത്തു കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികള്‍. എന്നാലും അവരുടെ ഒക്കെ മുഖത്ത് ഒരു സന്തോഷം കാണാന്‍ എനിക്ക് സാധിക്കുന്നുണ്ടായിരുന്നു. ഉള്ളത് കൊണ്ടു തൃപ്തിപെടുന്നവര്‍, ഇന്നത്തേക്ക് മാത്രം വിചാരപെടുന്നവര്‍.... ഞാന്‍ പലതും മനസ്സില്‍ ഓര്‍ത്തു.


പിന്നെ ഞാന്‍ കടന്നു പോയത് ഒരു പാലത്തില്‍ കൂടെ ആയിരുന്നു.കണ്ടാല്‍ അഴുക്കു ചാല്‍ ഒഴുകുന്നത്‌ പോലെ ഉള്ള ഒരു പുഴ. കഷ്ടിച്ച് വാഹങ്ങള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും പോകുവാന്‍ പറ്റിയ ഒരു പാലം.പരിഷ്കാരത്തിന്റെ പരിണിത ഫലമായ മാലിന്യങ്ങളുടെ ദുര്‍ഗന്ധം അവിടെയൊക്കെ വമിക്കുന്നുണ്ടായിരുന്നു. അതൊക്കെയും കടന്നു എന്റെ വാഹനം മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.


കുറേ കൂടി എന്റെ വാഹനം മുന്നോട്ട് പോയി. പരിഷ്കാരത്തിന്റെ പ്രത്യക്ഷ ചിന്ഹങ്ങള്‍ തലയെടുപ്പോട് കൂടി നില്ക്കുന്ന ഒരു വീധിയിലൂടെയാണ് ഞാന്‍ പിന്നീട് സഞ്ചരിച്ചത്. ബഹുനില മന്ദിരങ്ങള്‍, കണ്ണഞ്ചിപ്പിക്കുന്ന ചില്ല് കൊട്ടാരങ്ങള്‍, ഷോപ്പിങ്ങ് മാളുകള്‍...അങ്ങനെ സൂചി കുത്താന്‍ സ്ഥലം ഇല്ലാത്ത രീതിയില്‍ കുത്തി നിറച്ചിരിക്കുന്ന കെട്ടിടങ്ങള്‍. ഭൂമി ദേവിയുടെ ഒരു തേങ്ങല്‍ എനിക്ക് കേള്‍ക്കാമോ എന്ന് പോലും എനിക്ക് തോന്നിപോയി.അവിടെ ഉള്ള ജനങ്ങള്‍ പുച്ഛത്തോടെ താഴെക്കിടയില്‍ ഉള്ളവരെ നോക്കുന്നതായും എനിക്ക് കാണാമായിരുന്നു.


അവിടെയും കടന്നു എന്റെ വാഹനം മുന്നോട്ട് പോയ്കൊണ്ടിരുന്നു. ഇപ്പോള്‍ എന്റെ വാഹനം നീങ്ങുന്നത് ഒരു മിനിട്ടുകൊണ്ട് ഒരു ഇഞ്ച്‌ എന്ന രീതിയിലാണ്. വഴിയോരത്ത് സ്കൂള്‍ ബസ്സിനായി കാത്തു നില്ക്കുന്ന കുട്ടികളുടെ കലപില എനിക്ക് കേള്‍ക്കാമായിരുന്നു.ഓഫീസില്‍ എത്താനായി നെട്ടോട്ടം ഓടുന്ന അനേകം പേര്‍. ഈ രീതിയില്‍ ദിവസവും ഓഫീസില്‍ പോകുന്നവരെ കുറിച്ചോര്‍ത്തു എനിക്ക് ദുഃഖം തോന്നി. എന്തായാലും ഞാന്‍ കയ്യില്‍ കരുതിയിരുന്ന പ്രാതല്‍ ഭക്ഷിക്കുവാനാരംഭിച്ചു. കുറെ ബദ്ധപെട്ട ശേഷം ഡ്രൈവര്‍ എന്റെ വാഹനം ഒരു ഇടവഴിയിലൂടെ തിരിച്ചു വിട്ടു.


അവിടെ കണ്ട കാഴ്ചകള്‍ അതിദയനീയം ആയിരുന്നു. ഞാന്‍ ആദ്യം കടന്നു പോയ തെരുവിനെക്കള്‍ പരിതാപകരമായ ഒരു അവസ്ഥ. ചെറ്റകുടിലുകളെകാളും ദുരവസ്ഥയിലുള്ള വീടുകള്‍.നടുവിലൂടെ ഒഴുകുന്ന അഴുക്കു ചാല്‍. ഇത്രയും പുരോഗതിയുടെ ഇടയിലും ഇതു പോലുള്ള സ്ഥലങ്ങള്‍ ഉണ്ടോ എന്ന് അതിശയിക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.


പിന്നെ ഞാന്‍ സഞ്ചരിച്ചത് ഒരു മൈതാനത്തിനു അടുത്തുകൂടെയായിരുന്നു. ചുറ്റും സന്തോഷത്തോടെ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍. തങ്ങള്‍ക്കു ചുറ്റും നടക്കുന്ന അനിതികള്‍ അറിയാതെ നിഷ്കളങ്ക മനസ്സുമായി തങ്ങളുടെ കളികളില്‍ ലയിച്ചു നില്ക്കുന്ന ബാല്യങ്ങള്‍. അത് കണ്ടപ്പോള്‍ എനിക്കും എന്റെ ബാല്യത്തിലേക്ക് തിരിച്ചു പോകാന്‍ ഒരു മോഹം തോന്നി.


അങ്ങനെ കുറെ നേരം സഞ്ചരിച്ച ശേഷം ഞാന്‍ എന്റെ ലക്ഷ്യ സ്ഥാനത്ത് എത്താറായി. ഡ്രൈവര്‍ വാഹനം ഒരു ഭാഗത്തായി ഒതുക്കി നിറുത്തി. എന്നിട്ട് കൂലി ആവശ്യപെട്ടുകൊണ്ട് എന്നോടായി ചോദിച്ചു " സാര്‍ 85 രൂപാ ആയി". സാഹിത്യ ലോകത്തില്‍ നിന്നു ഞെട്ടി ഉണര്‍ന്ന ഞാന്‍ ചോദിച്ചു "എന്തോന്നാ ? 85 രൂപയോ ? ഞാന്‍ ദിവസോം 65 രൂപയ്ക്കു വരുന്നതാ... എന്നോട് കളിക്കല്ലേ... 65 രൂപാ തരം". അത് കൊടുത്തിട്ട് ഞാന്‍ എന്റെ ഓഫീസിലേക്ക് നടന്നു...

2 അഭിപ്രായങ്ങൾ:

  1. ഇങ്ങനെയാണ് അപ്പൊ,സഞ്ചാര സാഹിത്യം എഴുതേണ്ടത് അല്ലെ?
    സന്തോഷ് ജോര്‍ജ് കുളങ്ങര ഇതു കണ്ടു പഠിക്കട്ടെ....
    ന്നാലും,ഓഫീസില്‍ പോകാന്‍ ദിവസവും 65 രൂപ കൊടുക്കുന്നുണ്ടോ?
    ഭഗവാനെ!!

    മറുപടിഇല്ലാതാക്കൂ

Thank you for providing the comments