പേജുകള്‍‌

വെള്ളിയാഴ്‌ച, സെപ്റ്റംബർ 19, 2008

സസ്പെന്‍ഷന്‍ വാങ്ങാന്‍ ഒരു 100 വഴികള്‍

കോളേജ് ജീവിതത്തിന്‍റെ ഹരം തലയ്ക്കു പിടിച്ചു നില്ക്കുന്ന സമയം. ഏകദേശം ഒരു 4th സെമസ്റ്റര്‍ ആയി കാണും. ഇന്ന് എന്ത് കുരുത്തക്കേട്‌ ഒപ്പിക്കും എന്ന് പറഞ്ഞാണ് ഓരോ ദിവസവും കോളേജിന്റെ പടി ചവുട്ടിയിരുന്നത്. അങ്ങനെ ഉള്ള ഒരു സമയം. പുതിയ കുട്ടികള്‍ ഒക്കെ ജോയിന്‍ ചെയ്യാന്‍ തുടങ്ങി. അന്ന് എന്‍റെ ക്ലാസ്സില്‍ 42 പേരാണു ഉണ്ടായിരുന്നത്. അതില്‍ 21 ആണ്‍ കുട്ടികളും ബാക്കി പെണ്‍കുട്ടികളും. ഈ കാര്യത്തിനൊക്കെ എല്ലാ 42 പേരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു പോരുന്നു.

ഇതില്‍ ഞാന്‍ താമസിച്ചിരുന്നത് ഒരു ഉഗ്രന്‍ വീടൊക്കെ വാടകക്ക് എടുത്തു ഞങ്ങള്‍ 5-6 പേര്‍ ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഈ കൂട്ടത്തില്‍ ഞാനും മോളും ശ്രീകുട്ടനും പുഞ്ചിരിയും ഒക്കെ ഉണ്ടായിരുന്നു. പുലരുവോളം ഉള്ള ചീട്ടു കളി കത്തി വെപ്പ്....ഇതൊക്കെ കഴിഞ്ഞു ക്ലാസ്സില്‍ ചെന്നാല്‍ ഇതിന്റെ ബാക്കി..

അങ്ങനെ ഒരു ചീടു കളി സദസ്സില്‍ ഇരിക്കുമ്പോള്‍ ആരോ ഒരു ഐഡിയ ഇട്ടു : "പുതിയ പിള്ളേര്‍ ഒക്കെ വരുവല്ലേ...നമുക്ക് ഒന്ന് ആളായി കളയാം...എന്തേലും 'different' ആയിട്ടു ചെയ്യാം."

"ആ എന്നാ ശരി, നമുക്ക് എല്ലാവര്‍ക്കും സിലബസ് അടിച്ച് വിതരണം ചെയ്യാം...അതാവുമ്പോ സാറന്മാരും ഒന്നും പറയില്ലലോ... പുള്ളാരെ പഠിക്കാന്‍ പ്രേരിപ്പിക്കുക അല്ലെ? " ഞാന്‍ വളരെ 'ഇന്നസെന്റ്' ആയി പറഞ്ഞു.

"ആഹാ,എന്നാ സിലബസ് മാത്രം ആക്കുന്നത് എന്തിനാ? നമുക്ക് കോളേജ് ഹാന്‍ഡ് ബുക്ക് തന്നെ ആക്കി കളയാം.അതാവുമ്പോ എല്ലാര്‍ക്കും പ്രയോജനപെടുമല്ലോ" മോള്‍ തന്‍റെ അഭിപ്രായം രേഖപ്പെടുത്തി.

"എന്നാ ഞാന്‍ ഇപ്പൊ തന്നെ പേനയും പേപ്പറുമായി വരാം,ചൂടാറാതെ അങ്ങ് എഴുതാമല്ലോ..." ശ്രീകുട്ടന്‍ ഓടി ചെന്നു എങ്ങുനിന്നോ ഒരു പേനയും പേപ്പറും ഒക്കെ ആയി വന്നു.( അല്ലാത്ത സമയത്ത് ഒരു പേന ഒക്കെ തപ്പിയാ പൊടി പോലും കാണില്ല...)

പിന്നെ അഭിപ്രായങ്ങളുടെ പെരുമഴ ആയിരുന്നു. നമുക്ക് അത് ചേര്‍ക്കാം ഇതു ചേര്‍ക്കാം എന്നൊക്കെ പറഞ്ഞു എല്ലാവരും തങ്ങളുടെ ആശയങ്ങള്‍ നിരത്തി ഇട്ടു. ഏകദേശം 2 മണി ആയി കാണും. അത്രെയും നേരം എഴുതിയത് നോക്കിയപ്പോ ഈ പ്രാവശ്യത്തെ ജ്ഞാനപീഠം ഞങ്ങള്‍ക്ക് തന്നെ എന്ന് തോന്നിപ്പോയി.

(എഴുതിയത് എന്തൊക്കെ ആണെന്ന് ഇനി ഒരു പോസ്റ്റില്‍ ഇടാം. എന്തായാലും സംഗതി അത്ര പന്തി അല്ലെന്നു ഇപ്പൊ മനസ്സിലാക്കിയാ മതി).

"ഇതെല്ലം കൂടി വല്ല നോവലും ആക്കിയാലോ? അതാവുമ്പോ കുറച്ചു പൈസയും കിട്ടും." വവ്വാല്‍ പറഞ്ഞു.

"ഓ അതിനെന്താ ഇതു പ്രിന്റ് ചെയ്തിട്ട് പിള്ളാര്‍ക്ക് കൊടുക്കുമ്പോള്‍ അവരുടെ കയ്യിന്നു പൈസ മേടിച്ചാ പോരെ? അവരാന്നെങ്കി പേടിച്ചു പൈസായും തരും" ഞാന്‍ ചെറിയ ഒരു ഐഡിയ അങ്ങ് ഇട്ടു.

"ഹതു കലക്കി! നല്ല ഒരു ഐഡിയ ആദ്യമായി കേള്‍ക്കുന്നത് പോലെ ശ്രീകുട്ടന്‍ ആഹ്ലാദിച്ചു.

അങ്ങനെ ഞങ്ങള്‍ എഡിറ്റിംഗ് ഒക്കെ കഴിഞ്ഞു പ്രിന്‍റിംഗ് ആരംഭിക്കാന്‍ തുടങ്ങി. ഏകദേശം ഒരു 50 പേജ് ഉണ്ടായിരുന്നു. അതൊക്കെ സെന്‍സര്‍ ബോര്‍ഡ് അവാര്‍ഡ് പടം വെട്ടുന്നത് പോലെ അങ്ങ് കത്രിച്ചു കളഞ്ഞു.അവസാനം 25 പേജ് ആയി ചുരുങ്ങി. "ഹോ ആശ്വാസമായി, ഇനി സ്വസ്ഥമായി പ്രിന്റ് ചെയ്യാം."

അപ്പോളാണ് മോള്‍ ഒരു പുതിയ ഐഡിയ ഇട്ടതു: "എന്തായാലും നമ്മള്‍ കഷ്ടപ്പെട്ട് പ്രിന്റ് ചെയ്യുകയല്ലേ. അല്പം കൂടുതല്‍ ക്രെഡിറ്റ് നമുക്ക് ഇരിക്കട്ടെ! എഡിറ്റെര്സ് എന്ന് പറഞ്ഞു നമ്മുടെ എല്ലാം പേരങ്ങ് വെച്ചാലോ?"

"ആഹാ ഇതൊക്കെ നേരത്തെ പറയണ്ടേ? അവസാന നിമിഷം ആന്നോടാ ഇതു പോലെ ഉള്ള കിടിലന്‍ ഐഡിയ ഒക്കെ ഇറക്കുന്നത്? വവ്വാല്‍ കോപാക്രാന്തനായി.

"ഇപ്പൊ പറഞ്ഞതു നന്നായി..പ്രിന്‍റ് എങ്ങാനം ചെയ്തു ചെയ്തു കഴിഞ്ഞിട്ടാരുന്നെ നിന്നെ കൊന്നേനെ..."ശ്രീകുട്ടനും പങ്കു ചേര്‍ന്നു.

അങ്ങനെ അല്പം പ്രശസ്തി കിട്ടാനായി ഞങ്ങള്‍ 5-6 പേരുടെ പേരുകള്‍ "ക്രെടിറ്റ്സ്" എന്ന് പറഞ്ഞു അച്ചടിക്കാന്‍ തീരുമാനിച്ചു.പ്രിന്‍റിംഗ് ഒക്കെ ഭംഗിയായി തന്നെ നടന്നു. പക്ഷേ പിന്നീട് ഇരുന്നു ആലോചിച്ചപ്പോ പേരു വെക്കണ്ടായിരുന്നു എന്നൊരു തോന്നല്‍. അവസാനം വല്ല പുലിവാലുമായി നമ്മളെ ഒക്കെ പൊക്കിയാല്‍? അതുകൊണ്ട് വിതരണം തുടങ്ങുന്നതിനു മുമ്പ് പേരൊക്കെ കറുത്ത മഷി ഉപയോഗിച്ചു മായിച്ചു കളഞ്ഞു. പുസ്തകത്തിന്‍റെ വില ഒകെ പ്രിന്‍റ് ചെയ്തിരുന്നു. '5 രൂപ'.

പക്ഷേ 5 രൂപ എന്നൊക്കെ പറഞ്ഞാ വളരെ കുറഞ്ഞു പോയില്ലേ... അതുകൊണ്ട് വിതരണം തുടങ്ങിയപ്പോള്‍ പുതിയ പിള്ളേരോട് പറഞ്ഞു: "5 എന്ന് ഒക്കെ അടിച്ചിരിക്കും, പക്ഷേ നിങ്ങള്‍ 25 രൂപ തരണം. ചേട്ടന്മാര്‍ കുറെ കഷ്ടപെട്ടാണ് ഇതൊക്കെ അച്ചടിച്ചതെ...അതും നിങ്ങളെ പഠിപ്പിക്കാന്‍ വേണ്ടി! അതോണ്ട് ഒരു സാരവുമില്ല." അങ്ങനെ എല്ലാ ക്ലാസ്സിലും ഞങ്ങള്‍ പുസ്തകം വിതരണം ചെയ്തു.

"ഹയ്യാ! എന്തൊരു ലാഭമാ...നമുക്ക് ഇതൊരു പരിപാടി ആക്കി തുടര്‍ന്നാല്ലോ? കോഴ്സ് അവസാനിക്കുന്നതിനു മുമ്പ് തന്നെ നമുക്ക് പണക്കരാവാം" ശ്രീകുട്ടന്‍ കുറച്ചു പണക്കാരന്‍ ആയതിന്റെ അഹങ്കാരത്തില്‍ പറഞ്ഞു.

പുസ്തകം എല്ലാം ചൂടപ്പം പോലെ വിറ്റഴിഞ്ഞു. മറ്റു കോളേജില്‍ നിന്നു പോലും മേടിക്കാന്‍ ആളുകളെത്തി! പക്ഷേ അധികം കഴിയേണ്ടി വന്നില്ല. എല്ലാ വിവരവും വള്ളി പുള്ളി വിടാതെ ഏതോ കശ്മലന്‍ പ്രിന്‍സിപ്പാളിന്റെ ചെവിയില്‍ എത്തിച്ചു. ഉടനെ തന്നെ പ്രിന്സിപലും സാറന്മാരും കൂടെ വട്ടം കൂടി ഞങ്ങളെ വിളിപ്പിച്ചു. പിന്നെയാ മനസ്സിലായത് കറുത്ത മഷി ഒക്കെ ഇട്ടു മായിച്ചിട്ടും ഞങ്ങളുടെ പേരൊക്കെ വെണ്ടയ്ക്ക അക്ഷരത്തില്‍ വായിക്കാമായിരുന്നു."എന്തോന്നാടാ കോളേജിന്റെ പേരു കളയാന്‍!" "ഇങ്ങനെ ഒക്കെ അന്നോടാ ബുക്ക് ഇറക്കുന്നത്?" "കുട്ടികളായാല്‍ ഒരു അടകവും ഒതുക്കവും ഒക്കെ വേണ്ടേ?" "ഇവനെ ഒക്കെ കോളേജില്‍ നിന്നു ഡിസ്മിസ് ചെയ്യണം"

എല്ലാരും അവരവരുടെ അഭിപ്രായങ്ങള്‍ പറഞ്ഞു. അവസാനം പ്രിന്‍സിപ്പല്‍ ഇടപെട്ടു. "മേടിച്ച പൈസ അതു‌ പോലെ തന്നെ തിരിച്ചു കൊടുക്കണം, ബുക്ക് എല്ലാം മടക്കി വാങ്ങണം, എന്നാല്‍ കാര്യങ്ങള്‍ ഒക്കെ സസ്പെന്‍ഷനില്‍ ഒതുക്കാം."

സാഹചര്യങ്ങള്‍ ഞങ്ങള്‍ക്ക് അനുകൂലമല്ല എന്ന് മനസ്സിലാക്കി ഞങ്ങള്‍ അതങ്ങ് സമ്മതിച്ചു.അങ്ങനെ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒരു ആഴ്ച സസ്പെന്‍ഷന്‍ അടിച്ചുതന്നു.

സസ്പെന്‍ഷനില്‍ ആയി കോളേജില്‍ പോവാതെ വീട്ടില്‍ ഇരുന്നു കിണഞ്ഞു ആലോചിച്ചിട്ടും ഞങ്ങള്‍ക്ക് ഒരു എത്തും പിടിയും കിട്ടിയില്ല : "ഈ സാറന്മാര്‍ക്ക് എന്തിന്റെ കേടാ? അല്പം സാഹിത്യ വാസന കൂടിപോയതു ഞങ്ങടെ തെറ്റാന്നോ? "

എന്തായാലും അല്പം പ്രസിദ്ധി ആഗ്രഹിച്ചു കുറെ ഏറെ കുപ്രസിദ്ധി കിട്ടി എന്ന് പറഞ്ഞാ പോരെ.

(ബാക്കി ഉള്ള 99 വഴികള്‍ ഇനി ഒരു അവസരത്തില്‍...)

1 അഭിപ്രായം:

Thank you for providing the comments