പേജുകള്‍‌

തിങ്കളാഴ്‌ച, സെപ്റ്റംബർ 08, 2008

കഷ്ടപാടിന്റെ ഒരു ഓണസദ്യ

(ബംഗ്ലൂരിലെ ഒരു തിരുവോണ ദിവസം )

" എടാ തിരുവോണം ആയിട്ട് സദ്യ പോലും ഇല്ലാതെ എങ്ങനാ? " ഭക്ഷണത്തിന്റെ കാര്യത്തില്‍ മുമ്പില്‍ നില്‍കുന്ന ബാബുമോന്‍ രാവിലെ എഴുന്നെറ്റപ്പോള്‍ തന്നെ ഒരു ഭൂലോക പ്രശ്നം ഞങ്ങളുടെ മുന്നിലേക്ക് ഉരുട്ടി വിട്ടു.

"അതിനെന്താ നമുക്ക് ഒരു സദ്യ അങ്ങ് വെച്ചുകളയാം. എന്തായാലും ഇന്ന് ഓഫീസില്‍ പോവണ്ടല്ലോ . " കൊച്ചേട്ടന്‍ ഒരു മൂലക്ക് പത്രത്തിന്നു കണ്ണെടുക്കാതെ പറഞ്ഞു.

"പക്ഷെ സദ്യ എന്നൊക്കെ പറഞ്ഞ കുറെ സമയം എടുക്കില്ലേ ? എനിക്കാന്നെ വിശന്ന് ഇരുന്നാല്‍ ഉറക്കം വരാത്ത അസുഖം ഉള്ളതാ.. " ആരുടേയോ ഒരു ബ്രഷ് ഒക്കെ തപ്പി പിടിച്ചു ടിന്റുമോന്‍ പല്ലു തേച്ചുകൊണ്ട് (തേക്കുനത്പോലെ കാണിച്ചു എന്ന് വേണം പറയാന്‍ ) പറഞ്ഞു .

"നമുക്കൊരു 5- 6 കറി ഉണ്ടാക്കണം , എന്നാലെ സദ്യ ഒന്നു കൊഴുക്കു" "വേണെങ്കി ഒരു പായസവും ഉണ്ടാക്കാം" സദ്യയുടെ കാര്യം ഒക്കെ കേട്ടു ഉറക്കം ഉണര്‍ന്ന ഞാന്‍ അഭിപ്രായങ്ങളുടെ കുത്തൊഴുക്കില്‍ പിന്തള്ളപ്പെടാതിരിക്കാനായി അങ്ങ് തള്ളി വിട്ടു.

"സദ്യ അല്ല നീയാ കൊഴുക്കുന്നെ.. ഇവിടെ പുളിശ്ശേരി വെക്കാന്‍ പോലും ഉള്ള സാധനങ്ങള്‍ ഇല്ല അന്നേരമാഅവന്റെ ഒരു 5-6 കറി ! വേണേ പോയി വല്ല സാധനവും മേടിച്ചോണ്ട് വാ ! ടോണിമോനും പങ്കു ചേര്‍ന്നു .
"എന്നാ വല്ല ലിസ്റ്റും ഉണ്ടാക്കികൊണ്ട് പോവാം, കടേ ചെന്ന് തപ്പെണ്ടല്ലോ."കൊച്ചേട്ടന്‍ മാനേജമെന്റിന്റെ ബാലപാഠങ്ങള്‍ അപ്ലൈ ചെയ്തു.
"അതൊക്കെ അവിടെ നിക്കട്ടെ, ആര് എന്ത് ചെയ്യുമെന്ന് ആദ്യം തന്നെ പറ, പിന്നെ അടി ഇടണ്ടല്ലോ. " സ്വതവേ മടിയനായ ടിന്റുമോന്‍ പറഞ്ഞു.
"എന്നാ ഞാന്‍ പാത്രം ഒക്കെ കഴുകാം" ബാബുമോന്‍ ചാടി വീണു.
"ഓ.കെ. ഞാന്‍ ചോറ് വെക്കാം,നിങ്ങള്‍ ഓരോ കറി വെച്ചോ" കൊച്ചേട്ടന്‍ പാചകത്തിന്റെ നേതൃത്വം എറ്റെടുത്തു.
"അപ്പൊ പായസമോ?" ഞാന്‍ നിഷ്കളങ്കതയോടെ ചോദിച്ചു.
"പായസമല്ല...ഓണമായിട്ട് എന്റെ വായിന്ന് ഒന്നും കേള്‍ക്കരുത്.." ടോണി മോന്‍ കലി തുള്ളികൊണ്ട് പറഞ്ഞു.
"എടാ വല്യ പാടൊന്നും ഇല്ല..പായസം ഉണ്ടാക്കാന്‍ ഒരു 45 മിനിട്ട് മതി" എല്ലാ കാര്യങ്ങളിലും നല്ല അറിവുള്ള(എന്സൈക്ലോപെഡിയ) ടിന്റുമോന്‍ തള്ളി വിട്ടു.
"ആ എന്നാ ശരി അതൂടെ മേടിക്കാം" കൊച്ചേട്ടന്‍ സമാധാനത്തിന്റെ വെള്ളകൊടി വീശി.(പിന്നെയാ മനസിലായത് കടേ പോവാന്‍ ഷര്‍ട്ട്‌ ഇടുകയായിരുന്നു എന്ന്)
അങ്ങേനെ ഒരു 10.30 ആയപ്പോള്‍ സാധനങ്ങള്‍ ഒക്കെയായി കൊച്ചേട്ടനും ബാബുമോനും എത്തി.
"ആ ഇനി എല്ലാരും പോയി പണി ചെയ്യ്‌"
ബാബുമോന്‍ പത്രങ്ങള്‍ ഒക്കെ കഴുകി കഴിഞ്ഞപ്പോള്‍ എല്ലാവരോടും കൂടെ പറഞ്ഞു "എന്റെ പണി ഓക്കെ കഴിഞ്ഞിട്ടുണ്ട് ഇനി വേണേല്‍ നിങ്ങളായി നിങളുടെ പാടായി, ഞാന്‍ പോയി പടം കാണാന്‍ പോവാ,തുടങ്ങിയോ ആവോ...ദേവ്യേ..."
"അയ്യേ ഓണം അയിട്ട് വെള്ള അരി അന്നോടാ മണ്ടന്മാരെ മേടിച്ചോണ്ട് വന്നിരിക്കുനത്?" ടിന്റു മോന്‍ ദേഷ്യം ഒട്ടും ചോരാത്ത വിതത്തില്‍ പറഞ്ഞു.
"പിന്നെ നിന്റെ അമ്മാച്ചന്‍ അവിടെ കട തുറന്നു വെച്ചിട്ടുണ്ടോ? കടേല്‍ ഇതൊക്കെ ഉള്ളാരുന്നു" കൊച്ചേട്ടന്‍ അരി കഴുകികൊണ്ട് പറഞ്ഞു.
"എന്നാ ശരി എല്ലാരും പാചകറാണി (കൈരളി ടി വി) ലക്ഷ്മി ചേച്ചിയെ മനസ്സില്‍ ധ്യാനിച്ചോ." തീ കത്തിച്ചു കൊണ്ട് ടോണിമോന്‍ പറഞ്ഞു " ഓരോ എപിസോടും വിടാതെ കണ്ടതുകൊണ്ട് ഇപ്പൊ ഫലം ഉണ്ടായില്ലേ?"
"ലക്ഷ്മി ചേച്ചി കുളം ആക്കല്ലേ.."കടുക് വറുക്കാനിട്ടുകൊണ്ട് ഞാനും പറഞ്ഞു.
ഒരു അര മണിക്കൂര്‍ കഴിഞ്ഞു കാണും. കെമിസ്ട്രി ലാബിലെ അസിടുകളും അല്കലികളും കൂട്ടി ചേര്ക്കുമ്പോഴുണ്ടാവുന്ന ഒരു തരം അവശിഷ്ടവുമായിട്ട് വന്നു ടോണി മോന്‍ പറഞ്ഞു "ഇച്ചിരി കരിഞ്ഞു പോയെന്ന് തോന്നുന്നു, എന്നാലും നല്ല ടേസ്റ്റ് ഉണ്ട്"
(ബാബു മോന്‍ അല്പം എടുത്തു വായിലോട്ട് വെച്ചിട്ട് ടോയ് ലെറ്റ് ലക്ഷ്യമാക്കി ഓടുന്നത് കണ്ടോ എന്നൊരു സംശയം )
"ആ മതി മതി നിന്റെ ഒക്കെ പരീക്ഷണം, ഇനി ഞാന്‍ പയര്‍ കറി(പരിപ്പ് ആണെന്ന് തോന്നുന്നു) ഉണ്ടാക്കട്ടെ." ടിന്റു മോന്‍ പറഞ്ഞു.
വീണ്ടും ഒരു അര മണിക്കൂര്‍ കഴിഞ്ഞു കാണും , കറുത്ത ഒരു ദ്രാവകവുമായി ടിന്റു മോനും പ്രത്യക്ഷപെട്ടു എന്നിട്ട് ഒരു ചെറിയ ചിരിയോടെ " മുളക് പൊടി അല്പം കൂടി പോയെന്ന് തോന്നുന്നു"
"ദൈവമേ! പരിപ്പിനകത്താന്നോടാ മുളക് പൊടി? ലക്ഷ്മി ചേച്ചി... ചതിച്ചല്ലോ!",ഞാന്‍ ആരോടെന്നില്ലാതെ പറഞ്ഞു പോയി.
"അതിനെന്താ ഞങ്ങളുടെ നാട്ടിലൊക്കെ ഇങ്ങനെയാ..ഇതു പരിപ്പ് കറിയാ.." ടിന്റു മോന്‍ പറഞ്ഞു.
"ശരി വേറെ തോരന്‍ വല്ലോം ഉണ്ടാക്കുന്നേ ഉണ്ടാക്ക്, ഞാന്‍ പായസം വെക്കാന്‍ പോവാ" എന്ന് പറഞ്ഞു ഞാന്‍ 'ഓണത്തിന് 150 വിഭവങ്ങള്‍ 'എന്ന പുസ്തകം തുറന്നു. ഞാനും സഹായിക്കാം എന്ന് പറഞ്ഞു കൊച്ചേട്ടനും എന്റെ കൂടെ കൂടി.
വീണ്ടും ഒരു അര-മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞു. ഏഷ്യാനെറ്റിലെ സിനിമയുടെ ശബ്ദം ബാക്ക് ഗ്രൗണ്ടില്‍ മുഴങ്ങുന്നുണ്ടായിരുന്നു. മനസ്സിനെ എകാഗ്രം ആക്കി ഞങ്ങളും ഒരു കെമിക്കല്‍ റിയാക്ഷനിലൂടെ പായസം ഉണ്ടാക്കി എടുത്തു.
"അത്രേം ഒക്കെ മതി, ബാക്കി ചമ്മന്തിപൊടിയും മീന്‍ അച്ചാറും വെച്ചു അഡ്ജസ്റ്റ് ചെയ്യാം" ഞാന്‍ പറഞ്ഞു.
"ഇനി നമുക്ക് സദ്യ തുടങ്ങാം..."
ഏകദേശം 2 മണി ആയി കാണും. അപ്പോഴാണ് എല്ലാവരും ഓര്‍ത്തത്‌ , സദ്യ കഴിക്കാന്‍ പറ്റിയ പാത്രങ്ങള്‍ ഒന്നും ഇല്ല!
"അല്ലേലും സദ്യ വാഴ ഇലയില്‍ കഴിക്കണ്ടേ? " ടോണി മോന്‍ പറഞ്ഞു. "ആ എന്നാ പോയി വാഴയില മേടിച്ചോണ്ട് വാ. നാട്ടില്‍ ആയിരുന്നേല്‍ വല്ലോന്റെ പറമ്പില്‍ നിന്നും വെട്ടമാരുന്നു,ഇതിപ്പോ എവിടെ എന്ന് പറഞ്ഞാ? "
ഉടനെ തന്നെ എല്ലാവരും നാല് പാടും ഓടി. കുറെ നേരം അലഞ്ഞു നടന്നിട്ടും എങ്ങും വാഴയിലയുടെ പൊടി പോലും കിട്ടിയില്ല. അവസാനം ബാബുമോന്‍ കുറെ പേപ്പര്‍ പ്ലേറ്റുമായി വന്നു."സാരമില്ല ഇതു വെച്ചു അഡ്ജസ്റ്റ് ചെയ്യാം" ചോറ് വിളമ്പി കൊണ്ട് അവന്‍ പറഞ്ഞു.
"ഫ് ത് ത്തൂ ...എന്തോന്നാടാ ഇത് " പരിപ്പ് രുചിച്ചു കൊണ്ട് കൊച്ചേട്ടന്‍ അലറി.
"സാരമില്ല ബാക്കി ഒക്കെ വെച്ചു അഡ്ജസ്റ്റ് ചെയാം" ഈ അഡ്ജസ്റ്റ് ചെയ്യുന്നതില്‍ മലയാളികളെ പോലെ വേറെ ആരും ഇല്ലെന്നു തെളിയിച്ചുകൊണ്ട് ടിന്റുമോന്‍ പറഞ്ഞു.
തട്ട് കേടു മനസിലാക്കി ബാബുമോന്‍ പറഞ്ഞു " ഞാന്‍ എന്തായലും കൈരളി ഹോട്ടലില്‍ പോയി കഴിക്കാന്‍ പോവാ.. ആരേലും വരുന്നേ വാ" .

എന്തായലും 3 മണി ആയിട്ടും ഹോട്ടലില്‍ ഓണസദ്യ തീരാത്തതിനാല്‍ ഒരു തിരുവോണത്തിന് പട്ടിണി കിടക്കാതെ രക്ഷപെട്ടു!

4 അഭിപ്രായങ്ങൾ:

Thank you for providing the comments