പേജുകള്‍‌

ചൊവ്വാഴ്ച, സെപ്റ്റംബർ 09, 2008

ഔട്ട് ഓഫ് സിലബസ്

പരീക്ഷ എന്നും എനിക്കൊരു വീക്ക്നെസ്സ് ആയിരുന്നു. അങ്ങനെ ഒരു പരീക്ഷയുടെ കഥ എഴുതാം.
ഇതു എഞ്ചിനീയറിങ്ങിനു പഠിക്കുമ്പോള്‍ നടന്ന ഒരു സംഭവം ആണ്.ഞാന്‍ തേര്‍ഡ് സെമസ്റ്റര്‍ പരീക്ഷ എഴുതുന്ന കാലം. അന്ന് ഡേറ്റാ സ്ട്രക്ക്ചേഴസ് -ന്‍റെ പരീക്ഷ ആയിരുന്നു.ഒരു വിധം ജയിക്കാനുള്ള മാര്‍ക്ക് മേടിക്കമെന്നുള്ള പ്രതീക്ഷയുമായി ഞാന്‍ പരീക്ഷ എഴുതാന്‍ ഇരുന്നു.അടുത്തിരുന്നവരുടെ മുഖത്ത് ഒക്കെയും എല്ലാം അറിയവുന്നതിന്റെ ഒരു പുഞ്ചിരിയും പ്രസരിപ്പും ഒക്കെ കാണാമായിരുന്നു.
10 മണി ആയപ്പോള്‍ സാര്‍ വന്നു ചോദ്യ പേപ്പര്‍ വിതരണം ചെയ്യാന്‍ ആരംഭിച്ചു. അപ്പോള്‍ തന്നെ അവിടിവിടുന്നു ഒരു പിറുപിറുപ്പ് കേള്‍ക്കാന്‍ തുടങ്ങി.ചോദ്യ പേപ്പര്‍ എന്‍റെ കയ്യില്‍ കിട്ടിയപ്പോള്‍ അല്ലെ എനിക്ക് കാര്യം മനസിലായത് : ചോദ്യങ്ങള്‍ എല്ലാം 'ഔട്ട് ഓഫ് സിലബസ്'.
ഞങ്ങള്‍ പഠിച്ചുകൊണ്ടിരുന്നത് "സീ" യില്‍ ഉള്ള ഡേറ്റാ സ്ട്രക്ക്ചേഴസ് ആയിരുന്നു. എന്നാല്‍ ചോദ്യ പേപ്പറില്‍ മുഴുവനും ഫോര്‍ട്രാന്‍ -നില്‍ ഉത്തരം എഴുതു‌ എന്ന കണക്കിനുള്ള ചോദ്യങ്ങളും.
ആ ഇനി പരീക്ഷ മാറ്റിവക്കുമായിരിക്കും...എന്റെ മനസ്സില്‍ ഞാന്‍ ഒരു സന്തോഷ ബ്രേക്ക് ഡാന്‍സ് ഒക്കെ കളിച്ചു.ഇനി സ്വസ്ഥമായി നല്ല പോലെ പഠിച്ചു പരീക്ഷ എഴുതാം,ഒരു സെക്കന്റ് ചാന്‍സ് കിട്ടിയല്ലോ!അപ്പോഴണു ഞാന്‍ അടുത്തുള്ളവരെ ഒക്കെ ശ്രദ്ധിച്ചത്...എല്ലാവരും സീരിയസ് ആയി പരീക്ഷ എഴുതുന്നു. ഞാന്‍ എന്‍റെ തൊട്ടപ്പുറത്ത് ഇരുന്ന ശ്രീകുട്ടനെ വിളിച്ചിട്ട് ചോദിച്ചു :"എന്തോന്നാടാ ഇത്രേ എഴുതാന്‍? എന്താണ്ട് അങ്ങ് അറിയാമെന്നുള്ളത്‌ പോലാ…” ഞാന്‍ പുച്ഛിച്ചു ഒരു ചിരി അങ്ങു പാസാക്കി.
അവന്‍ പറഞ്ഞു :"എന്തേലും ഒക്കെ എഴുതിയാ മതി,അവര്‍ മാര്‍ക്ക് തരും".... പിന്നെ യൂണിവേഴ്സിറ്റി അവന്റെ ആരുടേം വക അല്ലാലോ മാര്‍ക്ക് തരാന്‍, ഞാന്‍ എന്റെ തോന്നലില്‍ തന്നെ ഉറച്ചു നിന്നു. "പരീക്ഷ മാറ്റി വെക്കും..."
പ്രിന്‍സിപ്പല്‍ വന്നു പരീക്ഷ മാറ്റിവെച്ചതായി അനൌണ്‍സ് ചെയ്യുന്നത് ഞാന്‍ എന്‍റെ മനസ്സില്‍ സങ്കല്പിച്ചു. ഏത് നിമിഷവും പരീക്ഷ മാറ്റിവെച്ചതായി ഉള്ള അറിയിപ്പിനായി ഞാന്‍ കാത്തിരുന്നു. ഒരു 5 മിനിട്ട് കഴിഞ്ഞു കാണും.എന്നിട്ടും ഒരു അനക്കവും ഇല്ല. ഞാന്‍ പതിയെ എന്‍റെ കയ്യിലെ ചോദ്യ പേപ്പറിലേക്ക് നോക്കി.
ഒന്നാമത്തെ ചോദ്യം: “Write an algorithm for animating a cat's face.”
ഹാ! ഇതാന്നോ ഇത്ര വലിയ ചോദ്യം! ഞാന്‍ പൂച്ചയുടെ കണ്ണുകള്‍ കറങ്ങുന്നത് മനസ്സില്‍ സ്വപ്നം കണ്ടു.(ഹൊ 25 മാര്‍ക്ക് ഉറപ്പായി).
കണ്ണുമടച്ചു ഞാന്‍ ഉത്തരം എഴുതി:
Ans)
1.സ്റ്റാര്‍ട്ട്.
2.പൂച്ച കണ്ണ് തുറക്കുന്നു, കണ്ണ് അടക്കുന്നു.
3.പൂച്ച കണ്ണ് വലത്തോട്ട് തിരിക്കുന്നു, കണ്ണ് ഇടത്തോട്ടു തിരിക്കുന്നു.
4.പൂച്ച ചിരിച്ചു കാണിക്കുന്നു.
5.ഏന്‍ഡ്.
എന്നിട്ട് പേപ്പര്‍ നോക്കുന്നവര്‍ക്ക് മനസ്സിലയിക്കോട്ടേ എന്ന് കരുതി ഇങ്ങനെ ഒരു പടവും അങ്ങു വരച്ചു ചേര്‍ത്തു.




രണ്ടാമത്തെ ചോദ്യം: Describe Eight Queens(8 queens) Problem.

പണ്ട് എങ്ങോ ചെസ്സ് കളിച്ചിട്ടുള്ളതിനാല്‍ എനിക്ക് ഇത് ചെസ്സ് കളിയുമായി ബന്ധപെട്ടെ എന്തോ ഒന്ന് ആണെന്ന് എനിക്ക് മനസ്സിലായി. ഉടനെ തന്നെ എന്നിലെ സാഹിത്യകാരന്‍ ഉണര്‍ന്നു.ഞാന്‍ ഉത്തരം എഴുതാന്‍ ആരംഭിച്ചു.(ബാക്കി 25 മാര്‍ക്ക്...എന്തായാലും ജയിക്കും!)
Ans)
"ഇതു ചെസ്സ് കളിയില്‍ കാണപെടുന്ന ഒരു വലിയ പ്രശ്നം ആണ്.ചെസ്സ് കളിക്കുമ്പോള്‍ ഒരിക്കലും ൮ രാഞ്ജിമാര്‍ ഒരുമിച്ചു വരാത്തത് കൊണ്ട് ഇതൊരു പരികല്പിതമായ പ്രശനം മാത്രം ആണ്.യഥാര്‍ത്ഥ ജീവിതത്തില്‍ ഇതൊരിക്കലും വരാന്‍ പാടില്ല. അഥവാ വന്നാല്‍ തന്നെ അതിനെ നമ്മള്‍ കാര്യമാക്കേണ്ടതില്ല, കാരണം അത് വെറും ചെസ്സ് കളിയില്‍ ആണ്, ജിവിതത്തില്‍ അല്ലല്ലൊ."

പണ്ടു ഉത്തരം എഴുതുമ്പോള്‍ വിവരിക്കാനായി "figure" വരക്കണമെന്ന് പഠിപ്പിച്ച അധ്യാപകരെ മനസ്സില്‍ ഓര്‍ത്തു ,വീണ്ടും പേപ്പര്‍ നോക്കുന്നവര്‍ക്ക് മനസ്സിലാകാന്‍ വേണ്ടി ഒരു പടം അങ്ങു വരച്ചു ചേര്‍ത്തു.(താഴെ കൊടുത്തിരിക്കുന്നു)

പിന്നെ അവിടേം ഇവിടേം ഒക്കെ 2-3 രഞ്ജിമാരെയും വരച്ചു ചേര്‍ത്തു.(8 എണ്ണം വരയ്ക്കാന്‍ ശ്രമിച്ചിട്ട് നടന്നില്ല).

ഇനിയും കിടക്കുന്നു 3 ചോദ്യങ്ങള്‍. സമയം 10.25. അപ്പോള്‍ വീണ്ടും എന്നിലെ പഴയ ചിന്ത ഉറക്കെ കേട്ടു :"പരീക്ഷ മാറ്റി വെക്കും".

പിന്നെ ഒന്നും ആലോചിച്ചില്ല. "സാര്‍ പേപ്പര്‍ കെട്ടാനായി ട്വയിന്‍ വേണം." സാര്‍ കണ്ണും തള്ളി എന്നെ നോക്കി.എല്ലാ സപ്പളിയും വാരിമേടിച്ചു കൂട്ടിയ "മൂത്താപ്പ" പോലും അവിടെ ഇരുന്നു എഴുതുന്നു. അപ്പോളാ ഞാന്‍...എന്തായലും സാര്‍ എന്‍റെ ആഗ്രഹത്തിന് തടസം നിന്നില്ല. അങ്ങനെ ആദ്യമായി ഒരു പരീക്ഷ അധികം മേനെക്കെടാതെ പാസ്സാവാമെന്നുള്ള ആഗ്രഹവുമായി ഞാന്‍ പടി ഇറങ്ങി...

കഥ ഇതൊക്കെ ആണെങ്കിലും ആ പരീക്ഷ മാറ്റിവെച്ചുമില്ല,എന്‍റെ ക്ലാസ്സിലെ എല്ലാവരും പാസ് ആവുകേം ചെയ്തു. പാസ് ആവാതെ ഇരുന്നത് ഞാനും പരീക്ഷ അറ്റന്‍ഡ് ചെയ്യാത്ത വേറെ 2 പേരും മാത്രം.എന്നാലും എനിക്ക് നല്ല മാര്‍ക്ക് ഉണ്ടായിരുന്നു. "figure" വരച്ചതിനു 1 മാര്‍ക്ക് വീതം, എഴുതിയതിനു ½ മാര്‍ക്ക് വീതം. മൊത്തം 3/100!!അങ്ങനെ ജീവിതത്തില്‍ ആദ്യമായി സപ്പളിയുടെ രുചി ഞാന്‍ അറിഞ്ഞു(പിന്നെ അതൊരു നിത്യ സംഭവം ആയതു ഇന്നി ഒരിക്കല്‍)...

4 അഭിപ്രായങ്ങൾ:

  1. കോപ്പി റൈറ്റില്ലെങ്കില്‍ ചേട്ടാ ഞാനാ പൂച്ചയുടെ രേഖാചിത്രം അടിച്ചുമാറ്റിക്കോട്ടേ...?
    ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  2. ഇങ്ങനെ വേണം കുട്ടികളായാല്‍..ഇങ്ങനെ തന്നെ പരീക്ഷ എഴുതണം..എന്നാലേ ഭാവിയില്‍ ഇതൊരു പോസ്റ്റ് ആക്കി ഇടാന്‍ പറ്റൂ....
    കൊള്ളാം കേട്ടോ..ഇഷ്ടപ്പെട്ടു.."തലതെറിച്ചത്" എന്ന് കുറെ പറയിപ്പിച്ചിട്ടുണ്ട് അല്ലെ?സെയിം പിനച്ച്..

    മറുപടിഇല്ലാതാക്കൂ

Thank you for providing the comments