പേജുകള്‍‌

വെള്ളിയാഴ്‌ച, ഒക്‌ടോബർ 17, 2008

വടകക്കാരുടെ ഓരോരോ ദുഖങ്ങള്‍

"ഇന്നു തന്നെ പുതിയ വീടിലോട്ടു മാറിക്കോണം" ഓണര്‍ അമ്മച്ചി കൊച്ചേട്ടനോട് കലി തുള്ളികൊണ്ട് പറയുന്നത് കേട്ടാണ് ഞാന്‍ എഴുന്നേറ്റത്. ഇതു ഒരു പതിവു സംഭവം ആയതിനാല്‍ ഞാന്‍ അത്ര മൈന്ഡാന്‍ പോയില്ല.


"നിന്റെ ഒക്കെ ശല്യം കാരണം ഇവിടെ ആരും താമസിക്കാന്‍ പോലും വരുന്നില്ല" അമ്മച്ചി വെച്ചു കാച്ചി.


പിന്നേ നമ്മള്‍ ഒരു 5-6 പേരു വിചാരിച്ചാ ഇത് ഒക്കെ എങ്ങനെ നടക്കാനാ? അത് 4-5 നില ഉള്ള ഫ്ലാറ്റ്.എല്ലാം ഒഴിഞ്ഞു കിടക്കുകയാണ് പോലും! ശുദ്ധ നുണയാണന്നെ.. നമ്മളെ ഇവിടുന്നു ഇറക്കി വിടാനുള്ള നുണ.


അല്ലെ തന്നെ അല്പം ഉറക്കെ ചിരിക്കുന്നത് ഒരു തെറ്റാന്നോ? സമയം ഒക്കെ ആര് നോക്കുന്നു? രാത്രി 12 മണി ആയതു ആരുടെ തെറ്റാ? ഞങ്ങള്‍ക്ക് അപ്പോഴേ ചിരിക്കാന്‍ വന്നുള്ളൂ കൂവേ! അല്ലെ തന്നെ അപ്പൊ തമാശ പറഞ്ഞ ആളിന്റെ തെറ്റല്ലേ? അതിന് എല്ലാവരേം ഒരു പോലെ എങ്ങനെ കുറ്റക്കാരാക്കും? എന്‍റെ മനസ്സില്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ തത്തി കളിച്ചു.


ഞങ്ങടെ തൊട്ടപ്പുറത്തെ മുറി പൂട്ടി കിടക്കുന്നത് ഞങള്‍ക്ക് അറിയാമായിരുന്നു.ഇതിപ്പോ എല്ലാം പൂട്ടി കിടക്കുവാന്നു പറഞ്ഞാ...ഹൊ ഒന്നു അന്വേഷിച്ചിട്ട് തന്നെ കാര്യം.ഞങ്ങള്‍ മനസ്സില്‍ ഉറപ്പിച്ചു.


"രാവിലെ ആകുമ്പോ എല്ലാരും വീട്ടി തന്നെ കാണും ഇപ്പോള്‍ തന്നെ നോക്കികളയാം." ബാബുമോന്‍ പറഞ്ഞു.


"ആ എന്നാ ശരി വാ നമുക്കു പോയി നോക്കാം." കൊച്ചേട്ടനും ബാബുമോനും കൂടി ആ കാര്യത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കാനായി എല്ലാ മുറികളിലും പോയി നോക്കി.


എന്തിനധികം പറയുന്നു..എല്ലാം കാലി!കൊച്ചേട്ടനും ബാബുമോനും തിരിച്ചു വന്നു ആ സത്യം വെളിപെടുത്തി : എല്ലാം കാലി തന്നെ.അമ്മച്ചി പറഞ്ഞതു നുണ അല്ല!


"നമ്മള് കുറച്ചു അലമ്പ് വല്ലോം അന്നോ ഉണ്ടാക്കുന്നേ? അതോണ്ട് ആരും പേടിച്ച് ഇങ്ങോട്ട് വരത്തതാരിക്കും" ടോണിമോന്‍ പറഞ്ഞു.


"ഏയ് അതൊന്നും അല്ല, അപ്പുറത്തെ ഫ്ലാറ്റുകാര്‍ ഗൂഢാലോചന നടത്തുന്നതാ. ഇവിടെ നിന്നും നമ്മളെ പുറത്താക്കാന്‍!" ടിന്റുമോന്‍ തള്ളി വിട്ടു.ആരും അതത്ര മൈന്ഡാന്‍ പോയില്ല. "എന്നാ നമുക്ക് വല്ല ബ്രോക്കര്‍മാരെയും കണ്ടാല്ലോ? ഇങ്ങനെ സ്ഥലം കാലി ഉണ്ടെന്നു പറയാം. അങ്ങനെ ആരേലും വന്നാ അമ്മച്ചി അടങ്ങുമല്ലോ." ഞാന്‍ ഒരു ഐഡിയ ഇട്ടു നോക്കി.അതങ്ങ് ഏറ്റെന്ന് തോന്നുന്നു.എല്ലാരും സമ്മതിച്ചു.


അങ്ങനെ ഞങ്ങള്‍ എല്ലാവരും കൂടി അടുത്തുള്ള ഒരു ബ്രോക്കറിന്റെ അടുത്ത് ചെന്നു. ഭാഷ മനസ്സിലാകാഞ്ഞിട്ടും ഞങ്ങള്‍ ബുദ്ധിമുട്ടി അങ്ങേരോട് കാര്യം അവതരിപ്പിച്ചു.


"ഇങ്ങനെ ഒരു സ്ഥലം ഒഴിഞ്ഞു കിടപ്പുണ്ട്, ആരെ എങ്കിലും ഏര്‍പ്പാടാക്കി തരണം." ഞങ്ങള്‍ പറഞ്ഞ് ഒപ്പിച്ചു.


അയാളുടെ മുഖത്ത് എന്തോ ഒരു ഭാവം മിന്നിമറയുന്നതായി എനിക്ക് തോന്നി. അങ്ങേര്‍ ഞങ്ങളോടായി ചോദിച്ചു :" No 8, 4th cross, S.G. Palaya" ഇതു തന്നെ അല്ലെ നിങടെ അഡ്രസ്സ്?


എന്ത്! പറയാതെ തന്നേ ഇങ്ങേര്‍ക്ക് ഞങ്ങടെ അഡ്രസ്സ് എങ്ങനെ മനസ്സിലായി? ഇനി ഞങ്ങള്‍ അത്ര പ്രസിദ്ധര്‍ ആയോ? ഞങ്ങള്‍ അതിശയിച്ചു നിന്നുപോയി.


ഉടനെ തന്നെ അങ്ങേര്‍ ഉള്ള മലയാളം ഒക്കെ അഡ്ജസ്റ്റ് ചെയ്തു പറഞ്ഞു:" മക്കളെ അറിഞോണ്ട് ആരേലും വയ്യാവേലി എടുത്തു തലേ വെക്കുവോ? അതിനടുത്തുള്ള ഫ്ലാറ്റുകാര്‍ കൂടെ മാറി പോവെന്ന ഇപ്പൊ കേള്‍ക്കുന്നത്...എനിക്ക് വയ്യേ..."


പട പേടിച്ചു പണ്ട് എവിടെയോ പോയപ്പോള്‍ അവിടുന്ന് എന്തൊക്കെയോ കൊണ്ടുള്ള പട!


അങ്ങേരു ഞങ്ങളെ കയ്യൊഴിഞ്ഞു.


ആഹാ ഇതു ശരി അകില്ലലോ...ബ്രോക്കര്‍ മാര്‍ ഇല്ലെങ്കില്‍ ഞങ്ങള്‍ തന്നെ ആരെകും കണ്ടുപിച്ചു കൊണ്ട് വരും. ഞങ്ങള്‍ ആലോചിച്ചു.


"അങ്ങനെ ആണേല്‍ നമ്മുടെ കൂടെയുള്ള ആരേലും വിളിച്ചോണ്ട് വരാം, അതാവുമ്പോ നമ്മുക്ക് ഒരു കമ്പനി ആവുകേം ചെയ്യും".


ഞങ്ങള്‍ ചെന്നു ഓണര്‍ അമ്മച്ചിയോട്‌ കാര്യം അവതരിപ്പിച്ചു."ഇങ്ങനെ ഒരു സംഭവം ഉണ്ട്. അമ്മച്ചി എന്ത് പറയുന്നു?"


നിനച്ചിരിക്കാതെ അമ്മച്ചി ഒരു പൊട്ടികരച്ചില്‍ ആയിരുന്നു( ഒരുമാതിരി ഐഡിയ സ്റ്റാര്‍ സിങ്ങറില്‍ ഉഷാ ഉതുപ്പ് കരയുന്നത് പോലെ...ഞാന്‍ അതൊന്നും കാണാറേ ഇല്ല,കേട്ടോ).


"മക്കളെ വയസ്സാം കാലത്ത് കഞ്ഞി കുടിച്ചു കഴിയുന്നത് ഈ ഒരു കെട്ടിടം ഉള്ളതുകൊണ്ടാ...നിങ്ങള്‍ മാറി ഇല്ലേലും വേണ്ട...ഇനിയും നിങ്ങടെ കൂട്ടത്തി ഉള്ളവരെ കൂടെ വിളിച്ചോണ്ട് വരല്ലേ... എന്നിട്ട് വേണം ഞാന്‍ പെരുവഴി ആവാന്‍!"


അമ്മച്ചിയുടെ വിഷമം സഹിക്കാനാവാതെ ഞങ്ങള്‍ അന്ന് തന്നെ ഒരു തീരുമാനം എടുത്തു.


"എത്രേം വേഗം വീട് മാറണം"


അങ്ങനെ ഇന്നും തുടരുന്നു ഞങ്ങടെ ഒരിക്കലും തീരാത്ത അന്വേഷണം...

ഞായറാഴ്‌ച, ഒക്‌ടോബർ 12, 2008

ഒരു പരീക്ഷ തലേന്ന്

"ഛേ ഈ പരീക്ഷ കണ്ടു പിടിച്ചവനെ തല്ലി കൊല്ലണം!" ശ്രീകുട്ടന്‍ പുസ്തകം വലിച്ചെറിഞ്ഞു ദേഷ്യത്തോടെ പറഞ്ഞു."ഹും അല്ലേലും നിനക്കൊക്കെ ഉള്ളതാ...പരീക്ഷയുടെ തലേ ദിവസം വരെ പഠിക്കാതെ ഇരിക്കും.എന്നിട്ട് അവസാനം കിടന്നു എന്തൊരു വെപ്രാളമാ" പുഞ്ചിരി അല്പം പുച്ഛിച്ചു കൊണ്ടു തന്നെ പറഞ്ഞു.


"നി എല്ലാം നേരത്തെ പഠിച്ചെന്നു കരുതി ഞങ്ങളെ പോലുള്ള സാധാരണക്കാര്‍ക്ക് ഇവിടെ ജീവിക്കണ്ടേ?" പുച്ഛം സഹിക്കാന്‍ വയ്യാതെ ഞാന്‍ തിരിച്ചടിച്ചു. "ഓ അല്ലേലും ഈ അവസാനം പഠിച്ചില്ലേ പഠിക്കുന്നതെല്ലാം വേസ്റ്റ് ആണെന്നെ. ഇതാവുമ്പോ അധിക നേരം ഓര്‍ത്തിരിക്കണ്ടല്ലോ. കുറച്ചു കഴിഞ്ഞു പോയി പരീക്ഷക്ക് എല്ലാം അങ്ങ് എഴുതി വെച്ച പോരെ?" ഞാന്‍ തലേ ദിവസം പഠിക്കുന്ന ഞങ്ങളെ പോലുള്ള മഹാന്മാര്‍ക്ക് വേണ്ടി വാതോരാതെ പ്രസംഗിച്ചു.


പുഞ്ചിരി സ്റ്റഡി ലീവിന്റെ സമയത്തു തന്നെ എല്ലാം പഠിച്ചിട്ട് പരീക്ഷയുടെ തലേ ദിവസം ഞങ്ങടെ ഒക്കെ അഭ്യാസം കാണാന്‍ ഉണര്‍ന്നിരിക്കും. പതിവായി ഇങ്ങനെ ഒക്കെ തനെയാണ്‌ സംഭവിച്ചുപോരുന്നത്.


"അയ്യോ 1 മണി ആവുമ്പോ മോളെ വിളിക്കാമെന്ന് പറഞ്ഞതാ." ശ്രീകുട്ടന്‍ ഓടി ചെന്നു മോളെ കുത്തി ഉണര്‍ത്തികൊണ്ട് പറഞ്ഞു. "ഡാ എഴുന്നെക്കെടാ, നിന്നെ വിളിക്കാമെന്ന് പറഞ്ഞില്ലേ...എണ്ണിച്ചു വാ" "എന്തായാലും ഇന്നു ഉറക്കം ഒന്നും ഇല്ലാലോ, നമുക്ക് പോയി ഒരു ചായ ഒക്കെ കുടിച്ചിട്ട് വരാം, എന്താ?" സ്രീകുട്ടന്റെ പേഴ്സ് ഒക്കെ തുറന്നു നോക്കിക്കൊണ്ട്‌ പുഞ്ചിരി പറഞ്ഞു.


"ആ അത് ശരിയാ, പഠിത്തം മറന്നാലും വയറിനെ മറക്കരുതല്ലോ..."ശ്രീകുട്ടന്‍ ഭക്ഷണത്തോടുള്ള തന്‍റെ ആഭിമുഖ്യം പ്രഖ്യാപിച്ചു.


"എന്തായാലും ഈ ബുക്ക് കൂടി എടുത്തേക്കാം...അത്രേം സമയം കളയാതെ പഠിക്കാമല്ലോ." പഠിക്കാനുള്ള താല്‍പ്പര്യം മൂത്ത് ഞാന്‍ പറഞ്ഞു.


അങ്ങനെ ഏകദേശം ഒരു 1.30 ആയി കാണും. ഞാനും പുഞ്ചിരിയും മോളും ശ്രീകുട്ടനും കൂടി വീടിനടുത്തുള്ള ഒരു ചായക്കട ലക്ഷ്യമാക്കി നടന്നു. ഒരു വിശാലമായ ഹൈവേ കടന്നു വേണം ചായക്കടയില്‍ എത്താന്‍. ചായക്കട എന്ന് പറഞ്ഞാല്‍ ഒരു നല്ല സെറ്റപ്പ് ഒക്കെ ഉള്ള ഒരു ഹോട്ടല്‍ ആണ്. ഞങ്ങള്‍ അവിടെ സ്ഥിരമായി കഴിക്കുന്നത്‌ കൊണ്ടു പറ്റ് ഒക്കെ ഉള്ള കൂട്ടത്തിലാ. ആ ഹോട്ടലിന്റെ ഒരു ഗുണം എന്ന് പറയുന്നതു അത് 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കും എന്നുള്ളതായിരുന്നു.


നടന്നു നടന്നു അവസാനം ഞങ്ങള്‍ ഹോട്ടലില്‍ എത്തി. "ചേട്ടാ ഒരു 4 ചായേം ഒരു 10-15 പഴം പൊരിയും ഇങ്ങു എടുത്തോ"


ഞങ്ങളെ നന്നായി അറിയാവുന്ന കടക്കാരന്‍ ഒരു വൈക്ലഭ്യവും ഇല്ലാതെ അതെല്ലാം എടുത്തു തന്നു. അവിടെ ഇരുന്നവര്‍ എല്ലാം "ഇവന്‍മാര്‍ ഒന്നും ഭക്ഷണം കണ്ടിട്ടില്ലേ" എണ്ണ മട്ടില്‍ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.

കൊണ്ടുവന്ന പഴം പൊരി ഒക്കെ അകത്താക്കി പുഞ്ചിരി ചോദിച്ചു :"ഇനിം വേണോ?...അല്ലെ വേണ്ട നമുക്ക് ഒരു 5 മണി ആവുമ്പോ വീണ്ടും വരം..അപ്പൊ ഉറങ്ങാതെ ഇരിക്കാമല്ലോ..."

അങ്ങനെ പറ്റൊക്കെ എല്ലാം കറക്റ്റ് ആയിട്ട് എഴുതി ഞങ്ങള്‍ തിരിച്ചു നടന്നു. തിരിച്ചു ഹൈവേയില്‍ എത്തിയപ്പോള്‍ ശ്രീകുട്ടന്‍ ഒരു ആഗ്രഹം പറഞ്ഞു. ദുരാഗ്രഹം എന്ന് വേണം പറയാന്‍ : "എടാ ഇപ്പോള്‍ റോഡില്‍ വണ്ടികള്‍ ഒന്നും ഇല്ലാലോ, എനിക്ക് ഹൈവേയില്‍ ഒന്നു മലര്‍ന്നു കിടക്കണം, എങ്ങനെ ഉണ്ടെന്നു ഒന്നു അറിയണമല്ലോ."

"ഹൊ എനിക്ക് വയ്യ, ഞാന്‍ കിടന്നാ പിന്നെ അവിടെ കിടന്നു ഉറങ്ങി പോവും, എന്നെ നിര്‍ബന്ധിക്കരുത്" മോള്‍ പാതി ഉറക്കത്തില്‍ പറഞ്ഞു.

"എന്നാ നി ഒരു കാര്യം ചെയ്യ്, നി അവിടെ നിന്നു വല്ലോ വണ്ടിയും വരുന്നുണ്ടോ എന്ന് നോക്ക്. ഞങ്ങള്‍ റോഡില്‍ നീണ്ടു നിവര്‍ന്നു ഒന്നു കിടക്കട്ടെ. ഇനി ഇതുപോലെ ഒരു അവസരം കിട്ടുമോ?" ഞാന്‍ ശ്രീകുട്ടനെ സപ്പോര്‍ട്ട് ചെയ്തുകൊണ്ട് പറഞ്ഞു.


അങ്ങനെ ഞങ്ങള്‍ 3 പേരും ഹൈവേയുടെ ഒത്ത നടുക്ക് മാനം നോക്കി കിടന്നു. അതുകണ്ട മോള്‍ പറഞ്ഞു "ആ എന്നാ ഞാനും ഒന്നു ട്രൈ ചെയ്തു നോക്കട്ടെ"


"അയ്യോ എന്തൊരു കാറ്റാ...ബീച്ചില്‍ കിടക്കുന്നത് പോലെ ഉണ്ട്!"പുഞ്ചിരി ആത്മഗതം പറഞ്ഞു.

"എടാ ഇപ്പൊ വല്ല വണ്ടിയും വന്നാ നമ്മുടെ പുറത്തുടെ കേറില്ലേ?" മോള്‍ മാനത്തു നിന്നു കണ്ണെടുക്കാതെ ചോദിച്ചു.

"ഏയ് ഇല്ലെടാ, വണ്ടി വന്നാ വെട്ടം അടിക്കില്ലേ? അപ്പൊ നമുക്ക് എണ്ണീച്ചു മാറാം" ഞാന്‍ അവനെ സമാധാനിപ്പിച്ചു.

അങ്ങനെ ഒരു 5 മിനിട്ട് കഴിഞ്ഞു കാണും. ഞങ്ങള്‍ കാണാതെ ഒരു വണ്ടി പതിയെ വന്നു സൈഡില്‍ നിന്നു.
"ആരാടാ അത്?!! നിനക്കൊക്കെ ചാവാന്‍ വേറെ സ്ഥലം ഒന്നും കണ്ടില്ലേ?" ജീപ്പില്‍ നിന്നും ഒരു അലര്‍ച്ച കെട്ട് ഞങ്ങള്‍ക്ക് സുബോധം വീണു.
"മോളെ ഓടിക്കോടാ..." പുഞ്ചിരി പറഞ്ഞു തീര്‍ന്നതും ഞങ്ങള്‍ എല്ലാം ഒരുമിച്ചു ഒരു ഓട്ടം അങ്ങ് വെച്ചു കൊടുത്തു. പക്ഷേ ഒരു രക്ഷയുമില്ല. പോലീസുകാര്‍ പുറകെ തന്നെ ഓടി.

"ഡാ ഇതു വഴി ഓടിക്കോ.." ആദ്യം കണ്ട ഇടവഴി ചൂണ്ടി കാണിച്ചു ശ്രീകുട്ടന്‍ പറഞ്ഞു. അങ്ങനെ ഓടി ഓടി ഒരു പരിചയമില്ലാത്ത സ്ഥലത്ത് എത്തി. എന്നിട്ടും പോലീസുകാര്‍ വിടുന്ന മട്ടില്ല.

ഗത്യന്തരം ഇല്ലാതെ ഓടി ഒരു വീടിന്‍റെ terrace -ഇല്‍ കയറി ഇരുന്നു. ഭാഗ്യം കൊണ്ടു പോലീസുകാര്‍ ഞങ്ങളെ കണ്ടില്ല. അവര്‍ ഞങ്ങളെ ഏതോ സാമൂഹ്യ വിരുദ്ധരായി തെറ്റി ധരിച്ചു. അതാ പ്രശ്നം ആയതു. ഞങ്ങള്‍ വെറും പാവങ്ങള്‍ ആണെന്നുണ്ടോ അവര്‍ അറിയുന്നു! എന്തായാലും ഇറങ്ങി ചെന്നാല്‍ പിന്നെ അന്നത്തെ പരീക്ഷ പോയിട്ട് ആ സെമസ്റ്ററില്‍ പരീക്ഷ എഴുതാന്‍ പറ്റില്ല എന്ന് ഞങ്ങള്‍ക്ക് ബോധ്യമായി.

"ഹും നി ഒക്കെ എന്തായാലും പുറത്തു വരുമല്ലോ...അപ്പൊ എടുത്തോളാം.." "നിന്നെ ഒക്കെ കുറെ നാളായി ഞങ്ങള്‍ നോക്കി നടക്കുവാ" എന്നൊക്കെ അവര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.

കുറെ നേരം ആയിട്ടും അവര്‍ അവിടെ ഒക്കെ തന്നെ കറങ്ങി നടപ്പുണ്ടായിരുന്നു. ഞങ്ങള്‍ കയറി ഇരുന്ന വീട് ഒരു റോഡ് സൈഡില്‍ ആയിരുന്നു. അതുകൊണ്ട് ഇറങ്ങി പോവാനും പറ്റാത്ത അവസ്ഥ.

"അമ്മേ! നാളെ പരീക്ഷക്ക്‌ പോയി എന്തോന്ന് എഴുതി വെക്കും?" ഞാന്‍ ആരോടെന്നില്ലാതെ പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു പോയി.

"ഏതായാലും ബുക്ക് നമ്മുടെ കയ്യില്‍ ഉണ്ടല്ലോ. ഇവിടെ ഇരുന്നു അഡ്ജസ്റ്റ് ചെയ്തങ്ങു പഠിക്കാം." മോള്‍ പറഞ്ഞു.


കയ്യില്‍ മൊബൈല്‍ ഉണ്ടായിരുന്നത് കൊണ്ട് വെളിച്ചത്തിന് പ്രശ്നം ഒന്നും ഉണ്ടായില്ല. അങ്ങനെ മൊബൈല്‍ ഒക്കെ തെളിച്ചു പഠനം ആരംഭിച്ചു. ഏകദേശം 5-5.30 ആയപ്പോള്‍ പോലീസുകാര്‍ പോയെന്ന് ഞങ്ങള്‍ക്ക് ഉറപ്പായി. പതിയെ ഇറങ്ങി ആദ്യം കണ്ട വഴിയിലൂടെ വീട്ടിലേക്ക് ഓടി.


"ആ ഇത്രേം സമയം ആയില്ലെ? ഇനിയും പോയി ഒരു ചായ കൂടി കുടിച്ചാലോ? പുഞ്ചിരി ചോദിച്ചു."അയ്യോ!" പുഞ്ചിരിയുടെ മുതുകു നോക്കി ശ്രീകുട്ടന്‍ ആഞ്ഞൊന്നു കൊടുത്തു. മോളും ഞാനും വിട്ടില്ല, കൊടുത്തു ചട പടാന്ന് ഒരു 5-6 എണ്ണം.

അന്ന് ആദ്യമായി പഠിച്ചു പഠിച്ചു പഠിച്ചു നടുവേദനയുമായി പുഞ്ചിരി പരീക്ഷ എഴുതാന്‍ പോയി.

-----

എന്തായാലും ആ പരീക്ഷക്ക്‌ എല്ലാവര്‍ക്കും നല്ല മാര്‍ക്ക് ആയിരുന്നു. പോലീസുകാരുടെ കാവലില്‍ പഠിച്ചാല്‍ നല്ല പോലെ ഓര്‍മ്മ നില്‍ക്കുമെന്ന് അന്നത്തോടെ ഞങ്ങള്‍ക്ക് മനസ്സിലായി.

വെള്ളിയാഴ്‌ച, ഒക്‌ടോബർ 03, 2008

ഒരു യാത്രയുടെ ഓര്‍മ്മയ്ക്ക്

ഇതു പണ്ടു എന്‍റെ കോളേജില്‍ നടന്ന ഒരു ടൂറിന്‍്റെ കഥയാണ്. ഞാന്‍ നേരത്തെ എഴുതിയിട്ടുള്ളത് പോലെ എന്‍റെ ക്ലാസ്സില്‍ എല്ലാവരും ഒറ്റെകെട്ടായി കുരുത്തക്കേടുകള്‍ക്കായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന കാലം. ഒരിക്കല്‍ ഞങ്ങള്‍ എല്ലാവരും കൂടെ ഒരു വിനോദയാത്ര പോവാന്‍ തീരുമാനിച്ചു. എല്ലാവരും ഒന്നടങ്കം ആ തീരുമാനത്തെ പിന്താങ്ങി. പക്ഷെ ഒരു കുഴപ്പം. പഴയ ആ ബുക്ക് ഒക്കെ ഇറക്കിയതിന്റെ ക്ഷീണം തീര്‍ന്നതേ ഉള്ളു. അതുകൊണ്ട് ടീച്ചേര്‍സ് ഒക്കെ ഇതിന് സമ്മതിക്കില്ല എന്ന് ഉറപ്പാണ്‌.


എല്ലാവരും തലപുകഞ്ഞ് ആലോചിച്ചു. ആരുടെ തലമണ്ടേലും ഒരു ഐഡിയയും വരുന്നില്ല. അവസാനം നിവര്‍ത്തി ഇല്ലാതെ പോയി സാറുമ്മാരുടെ കാല് പിടിച്ചു. ഭക്തവല്സരായ അവര്‍ മനസ്സലിഞ്ഞു പറഞ്ഞു : "പോവുന്നതൊക്കെ കൊള്ളാം, കൂടെ വരാന്‍ പറ്റിയ ടീച്ചര്‍ മാരെ വല്ലോം കണ്ടു പിടിച്ചോ. നിങ്ങളെ അറിയുന്ന ആരേലും നിങ്ങടെ കൂടെ വരുമോ?"അപ്പോഴാണ് ഞങ്ങള്‍ ഒരു സത്യം ഓര്‍ത്തത്‌. ടൂറിനു പോയിട്ട് നേരെ ചൊവേ ക്ലാസ്സില്‍ പോലും വരാന്‍ ടീച്ചര്‍മാര്‍ക്ക് പേടിയായിരുന്നു.പിന്നല്ലേ... അവസാനം ഞങ്ങള്‍ കുത്തി ഇരുന്നു ഒരു തീരുമാനം എടുത്തു. കുട്ടി ടീച്ചര്‍മാരെ കൊണ്ടുപോകാം. കുട്ടി ടീച്ചര്‍മാര്‍ എന്ന് പറഞ്ഞാല്‍ Guest lecturers. അവരാകുമ്പോ ഞങ്ങളെ കുറിച്ച് അറിയത്തുമില്ല.


അങ്ങനെ ഞങ്ങള്‍ 2-3 പേരെ ഒക്കെ സോപ്പിട്ടു വരാന്‍ സമ്മതിപ്പിച്ചു. ഞങ്ങടെ ദയനീയത ഒക്കെ കണ്ടപ്പോള്‍ അവര്‍ക്ക് തോന്നിപോയി "ഇതുപോലെ പാവം കുട്ടികള്‍ വേറെ എവിടേലും കാണുമോ?"അങ്ങനെ ഞങ്ങളെ നയിക്കാനായി ഞങ്ങടെ എല്ലാം എല്ലാം ആയ HOD യും കൂടെ വരാന്‍ തീരുമാനിച്ചു. സാറുമായി നല്ല "terms" ആരുന്നതുകൊണ്ട് സര് പറഞ്ഞു :" ഞാന്‍ ഉള്ളപ്പോ തന്നെ ഇത്രേം കാണിക്കുന്നു.അപ്പൊ ഞാന്‍ ഇല്ലെങ്കിലോ? എനിക്ക് വയ്യേ ആ റിസ്ക് എടുക്കാന്‍..."

ആ എന്തായാലും സാരമില്ല..ടൂറിനു പോകുന്നതല്ലേ പ്രധാനം, ഞങ്ങള്‍ ആലോചിച്ചു. അങ്ങനെ പുള്ളിക്കാരനെ സഹിക്കാന്‍ ഞങ്ങള്‍ തയ്യാറായി.


അവസാനം പോകേണ്ടതിന്റെ തലേ ദിവസം വന്നെത്തി. ക്ലാസ്സിലെ എല്ലാ ആണ്‍കുട്ടികളും ഞങ്ങടെ വീട്ടില്‍ ഒത്തുകൂടി. വീണ്ടും ഓരോരോ ആശയങ്ങള്‍ ഉടലെടുത്തു തുടങ്ങി. സാറിനെ കൊണ്ടുപോകുന്നതൊക്കെ കൊള്ളാം, എന്തേലും ഒരു പണി കൊടുക്കണം. എല്ലാവരും ഐക്യ കണ്ഠേനെ അത് അംഗീകരിച്ചു.

"ഛേ! ഇതൊക്കെ എല്ലാവരും ചെയ്യുന്നതല്ലേ, നമ്മുക്ക് എന്തേലും different ആയിട്ട് ചെയ്യാം". വവ്വാല്‍ തല പൊക്കി.

"ഹും വീണ്ടും പഴയ പോലെ സസ്പെന്‍ഷന്‍ ഒന്നും മേടിക്കാന്‍ എനിക്ക് വയ്യ" ശ്രീകുട്ടന്‍ തറപ്പിച്ചു പറഞ്ഞു. "നിരുപദ്രവകരമായ എന്തേലും ചെയ്യാം. അതാവുമ്പോ ആര്‍ക്കും കുഴപ്പമില്ലലോ. "

"എന്നാ ആദ്യം നമുക്ക് ഒരു ബാനര്‍ എഴുതാം. എന്നിട്ട് ബസ്സിന്റെ മുന്‍പില്‍ കെട്ടാം. അപ്പൊ എല്ലാരും കാണുമല്ലോ." മോള്‍ പറഞ്ഞു.

ആ ഐഡിയ എല്ലാവര്‍ക്കും ഇഷ്ടമായി.

അങ്ങനെ കുറെ നേരം തലപുകച്ചു ഒരു വരി കണ്ടെത്തി. പഴയ ഒരു പാട്ടിലെ ഒരു വരി ഒക്കെ അടിച്ചെടുത്തു. "മരണത്തില്‍ പോലും മിന്നും സ്മരണ തേടി പോകാം...." ഇതായിരുന്നു ആ വരി.

ഉടനെ തന്നെ പോയി തുണിയും പെയിന്റ്-ഉം ഒക്കെ വാങ്ങികൊണ്ട് വന്നു ബാനറിന്‍്റെ പണി ആരംഭിച്ചു. അല്പം "ഇഫക്ട്" കിട്ടുനതിനു വേണ്ടി ഒരു കറുത്ത തുണിയാണ് മേടിച്ചത്. അതില്‍ ഫ്ളൂറസെന്‍്റെ പെയിന്റ് വെച്ചു എഴുതാന്‍ ആരംഭിച്ചു. എല്ലാവരും ടേണ്‍ ഒക്കെ ഇട്ടു ഒരു വല്യ യത്നത്തിന് ശേഷം ബാനറിന്‍്റെ ഭംഗിയായി പുര്‍ത്തിയാക്കി.

പിറ്റേ ദിവസം ബസ്സില്‍ കെട്ടാനായി ബാനര്‍ ഒക്കെ കൊണ്ടു നേരത്തെ തന്നെ കോളേജില്‍ എത്തി. എന്നിട്ട് ബസ്സിന്റെ മുന്‍പില്‍ തന്നെ വലിച്ചു കെട്ടി. ഭംഗി ഒക്കെ നോക്കിയപ്പോ കിടിലന്‍ ആയിട്ടുണ്ട്.

ഹൊ! എല്ലാവരുടെയും അദ്ധ്വാനം ഫലം കണ്ടു. വേറെ രണ്ടു ക്ലാസ്സുകളുടെ ബസ്സ് കൂടി ഉണ്ടായിരുന്നു. അവരുടെ ഒക്കെ ബസ്സിന്റെ മുന്‍ഭാഗം ഒഴിഞ്ഞു കിടക്കുനത് കണ്ടു ഞങ്ങള്‍ അവരെ കളിയാക്കി: നാണമില്ലലോ... ടൂറിനെന്നു പറഞ്ഞു വന്നിരിക്കുന്നു, വിവരം കേട്ടവര്‍!

എന്തായാലും പോവാനുള്ള സമയം അടുത്തു. എല്ലാവരും ബസ്സില്‍ കേറാന്‍ തുടങ്ങി. അപ്പോഴാണു പുറത്തു ഒരു ബഹളം കേട്ടത്. "ഹും ആരാടാ ഈ അറം പറ്റുന്ന വാക്കുകള്‍ ഒക്കെ എഴുതി ബസ്സിന്റെ മുമ്പില്‍ വെച്ചിരിക്കുന്നത്? അതും വളരെ സിംബോളിക് ആയി കറുത്ത തുണിയില്‍! HOD സര്‍ ഭയങ്കര കലിപ്പ്. "ഇതു അഴിക്കാതെ ഞാന്‍ ബസ്സേല്‍ കേറുകേം ഇല്ല നിങ്ങള്‍ ഒട്ടു പോവുകേം ഇല്ല..."

"സാറിന് അങ്ങനെ ഒക്കെ പറയാം. ഞങ്ങള്‍ രാത്രി മുഴുവനും ഇരുന്നു അദ്ധ്വാനിച്ച് ഉണ്ടാക്കിയ ബാനറാ.... അത് അങ്ങനെ പെട്ടന്നൊന്നും മാറ്റാന്‍ പറ്റില്ല." ഞങ്ങള്‍ ഒന്നടങ്കം രോഷം പ്രകടിപിച്ചു. " അത് മാറ്റുന്ന പ്രശനമില്ല!"
"അതൊന്നും പറഞ്ഞാ പറ്റില്ല...ഇതു അറം പറ്റുന്ന പരിപാടിയാ. ഇനി പോയിട്ട് വല്ലോം പറ്റിയാ നിങ്ങള്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമോ? പുള്ളികാരന്‍ തന്‍റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. അവസാനം ടൂര്‍ മുടങ്ങുമെന്ന അവസ്ഥ വന്നപ്പോ ഞങ്ങള്‍ കടുംപിടുത്തത്തില്‍ നിന്നു അയയേണ്ടി വന്നു. ബാനര്‍ അഴിച്ചുമാറ്റി. എല്ലാവരും തകര്‍ന്ന ഹൃദയത്തോടെ ബസ്സില്‍ കയറി.

"ഹും ഇനി എന്നാ ഇങ്ങേര്‍ക്ക് ഇട്ട് ഒരു പണി കൊടുത്തിട്ടേ ഉള്ളു കാര്യം!" എല്ലാവരും ഒരുപോലെ മനസ്സില്‍ ഉറപ്പിച്ചു.

ബസ്സ് നീങ്ങി തുടങ്ങിയപ്പോ ആരോ പുറകില്‍ നിന്നു ഒരു പാട്ടു പാടി. ബാക്കി എല്ലാവരും അതേറ്റു പിടിച്ചു:"സമയമാം രഥത്തില്‍ ഞാന്‍..."

ബസ്സില്‍ നിന്നും എടുത്തു ചാടാന്‍ ശ്രമിച്ച സാറിനെ അവസാനം എല്ലാരും കൂടെ സമാധാനിപ്പിച്ചു കൊണ്ടു പോകേണ്ടി വന്നു!