പേജുകള്‍‌

ശനിയാഴ്‌ച, സെപ്റ്റംബർ 27, 2008

സുന്ദരന്റെ പെണ്ണു കാണല്‍

ഇത്രെയും എഴുതിയതില്‍ കുറെ കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നു, ബാബുമോന്‍, ടോണി മോന്‍, ടിന്‍റുമോന്‍, കൊച്ചേട്ടന്‍ ഒക്കെ... പക്ഷെ ഇവര്‍ കൂടാതെ എന്‍റെ മുറിയില്‍ ഒരു സഹമുറിയന്‍ ഉണ്ട്. സഹമുറിയന്‍ എന്ന് പറയാനാ പറ്റില്ല, ഒരു മുറി മുഴുവനും അവനു വേണം. അവനാണ് 'സുന്ദരന്‍'. പേരു ജനിക്കുന്നതിനു മുമ്പെ അവന്‍റെ അച്ഛനമ്മമാര്‍ ഇട്ടതാണ്. പക്ഷേ ഇപ്പോള്‍ പേരില്‍ മാത്രമെ ഉള്ളു സൗന്ദര്യം.
അപ്പൊ കഥ എഴുതാനുള്ള കാര്യം. അത് സുന്ദരന് വന്ന ഒരു കല്യാണ ആലോചനയുമായി ബന്ധപെട്ടതാണ്. സുന്ദരന് പൊതുവെ നല്ല പണി ഉള്ള കൂട്ടത്തിലാ.എന്നും വരുമ്പോള്‍ ഒരു 10-11 മണി ഒക്കെ ആവും. ഇടക്ക് ഓരോ അസുഖം പിടിച്ചു ഒരു 10-25 ദിവസത്തെ ലീവ് ഒക്കെ പതിവാ.

അങ്ങനെ ജോലി ഒക്കെ ചെയ്തു ഉണ്ങനെ പോവുമ്പോഴാ സുന്ദരന് ഒരു ആലോചന വന്നത്. പെണ്ണും ബാംഗ്ലൂര്‍ ഒക്കെ ഉള്ളത് തന്നെ. നാട്ടിലെ ഏതോ ഒരു ബന്ധു വഴി വന്ന ആലോചനയാ. അവസാനം പെണ്ണ് കാണല്‍ ബാംഗ്ലൂര്‍ വെച്ചുതന്നെ നടത്താന്‍ തീരുമാനിച്ചു, ലീവ് എടുക്കണ്ടല്ലോ.

പെണ്ണു കാണാനുള്ള സ്ഥലവും തീരുമാനിച്ചു. എല്ലാ മലയാളികളുടെയും 'ഹാങ്ങ്‌ ഔട്ട്' സ്ഥലമായ 'ഫോറം'!


മുഹൂര്‍ത്തവും രാഹുകാലവും ഒക്കെ നോക്കി ഒരു 11 മണി ആകുമ്പോ ഫോറത്തില്‍ വരാന്‍ പെണ്ണിനോട് പറഞ്ഞു.

11 മണി എന്നൊക്കെ പറഞ്ഞാലും സുന്ദരന്‍ അതിരാവിലെ തന്നെ ഉറക്കം എഴുന്നേറ്റു. തലേ ദിവസം 12 മണിക്ക് എങ്ങാണ്ട് വന്നവനാ! ഒരിക്കലും ഇല്ലാത്ത പോലെ കുളിക്കാനായി കുളിമുരിയിലെക്ക് ഓടി. എന്നിട്ട് വെള്ളം ഒക്കെ നിലത്തോഴിച്ചു ശബ്ദം ഉണ്ടാക്കി (സാധാരണ ഇതു ടിന്‍റുമോന്‍റെ പണിയാ, എപ്പോ ഓഫീസില്‍ പോണം എന്ന് പറഞ്ഞു കുളിക്കാന്‍ കേറിയാലും നിലത്തു കുറെ വെള്ളം ഒക്കെ ഒഴിച്ച് ശബ്ദം ഉണ്ടാക്കി ഇങ്ങു ഇറങ്ങി വരും, ദേഹത്ത് വെള്ളം തൊടുകപോലും ഇല്ല. വെള്ളം അലെര്‍ജി ഉള്ള കൂട്ടത്തിലാ.)

എന്നിട്ട് ഒരുങ്ങാന്‍ ആരംഭിച്ചു. അത്രെയും നേരം സംഗതി എന്താണെന്നു ഞങ്ങള്‍ക്ക് ആര്‍ക്കും പിടികിട്ടിയില്ല. അപ്പോളാണ് സുന്ദരന്‍ തന്നെ ആ വാര്‍ത്ത‍ വെളിയില്‍ വിട്ടത്. നാണത്തോടെ കളം ഒക്കെ വരച്ചുകൊണ്ട് അവന്‍ പറഞ്ഞു " ഇന്നു ഒരു പെണ്ണു കാണല്‍ ഉണ്ട്, അതാ...ആരേലും ഒരു കമ്പനിക്ക് എന്‍റെ കൂടെ വരണം.."

"അതിനെന്താ? ഇന്നു ശനി അല്ലെ? ഒരു പണിയും ഇല്ലല്ലോ. എല്ലാരും കൂടെ അങ്ങ് പോവാം...അതാവുമ്പോ എല്ലാര്‍ക്കും അഭിപ്രായം പറയുകേം ചെയ്യാമല്ലോ...." കൊച്ചേട്ടന്‍ കേറി അങ്ങ് ഏറ്റു.

"എല്ലാരും ഒന്നും വരണ്ടാ, പെണ്ണിന് കണ്‍ഫ്യൂഷന്‍ ആയാലോ...ആരേലും ഒരാള്‍ വന്നാ മതി" സുന്ദരന്‍ പറഞ്ഞു.

ആരു വക വെക്കാന്‍! സുന്ദരന്റെ വിഷമം കണ്ടു ഞാന്‍ പറഞ്ഞു: " ശരി എന്നാ ഞാന്‍ നിന്‍റെ കൂടെ വരാം. ബാക്കി എല്ലാവരും കുറച്ചു മാറി നിന്നു കണ്ടോട്ടെ. കല്യാണം എന്നൊക്കെ പറഞ്ഞാ എല്ലാരുടേം അഭിപ്രായം നോക്കണ്ടേ?"

"പക്ഷേ എന്‍റെ കൂടെ വരുന്നതൊക്കെ കൊള്ളാം, കുറച്ചു ഡിസന്റ് ആയിട്ടു വരണം! നിന്‍റെ ആ എപ്പോഴുമുള്ള ഷര്‍ട്ട്‌ ഒക്കെ മാറ്റി വേറെ ഒരെണ്ണം എടുത്ത് ഇട്ടോണ്ട് വാ" സുന്ദരന്‍ പൌഡര്‍ ഒക്കെ വാരി പൂശികൊണ്ട്‌ പറഞ്ഞു.

എവിടുന്നോ ഒരു ജൂബ്ബ ഒക്കെ സങ്കടിപ്പിച്ച് അതാണ് അവന്‍ ഇട്ടിരുന്നത്. ഒരു ജീവിത പ്രശ്നം അല്ലെ. ഞാന്‍ അങ്ങ് സമ്മതിച്ചു.

സുന്ദരന്‍ പൌഡറിനു മുകളില്‍ ഒരു അര കുപ്പി പെര്‍ഫ്യൂം കൂടെ തളിച്ച് കാണും. പിന്നെയാ മനസ്സിലായത് അത് ടിന്‍റു മോന്‍ വേടിച്ചു വെച്ചിരുന്ന പുതിയ പെര്‍ഫ്യൂം ആരുന്നു എന്ന്.

ഞാന്‍ ഉടനെ പോയി ഒരു കാക്ക കുളി ഒകെ അങ്ങ് വെച്ചുകൊടുത്തു. എന്നിട്ട് അവിടെ കണ്ട ബാബുമോന്റെ ഒരു ഷര്‍ട്ടും ഇട്ടുകൊണ്ട്‌ പറഞ്ഞു: "ഞാന്‍ റെഡി, ഇനി എന്‍റെ കാരണം കൊണ്ടു താമസിച്ചെന്ന് പറയരുത്".

അങ്ങനെ ഒരു 10.30 ഒക്കെ ആയപ്പോള്‍ സുന്ദരനും, ഞാനും, കൊച്ചേട്ടനും,ബാബുമോനും, ടിന്റുമോനും,ടോണി മോനും കൂടെ ഫോറം ലക്ഷ്യമാക്കി പദയാത്ര ആരംഭിച്ചു.

"എടാ ഒരു കുഴപ്പം, പെണ്ണിനെ എങ്ങനെ തിരിച്ചറിയും? അത് പോലെ പെണ്ണു സുന്ദരനെ എങ്ങനെ തിരിച്ചറിയും?" ടിന്‍റു മോന്‍ ഇതു മാത്രമാണ് ലോകത്തില്‍ അറിയാത്ത കാര്യമെന്ന മട്ടില്‍ ചോദിച്ചു.

"സുന്ദരനെ ഏത് ആള്‍ക്കൂട്ടത്തിലും തിരിച്ചറിയാന്‍ പറ്റും...അതിന് പ്രതേയ്കിച്ചു ഒന്നിന്‍റെയും ആവശ്യം ഇല്ല" കൊച്ചേട്ടന്‍ പറഞ്ഞു.

പക്ഷേ നമ്മള്‍ എങ്ങനെ പെണ്ണിനെ തിരിച്ചറിയും? അതും അവരു അറിയാതെ വേണ്ടേ നമുക്കു കാണാന്‍?" ടോണി മോന്‍ പറഞ്ഞു.

"ഹി ഹി അണ്ണാന്‍ കുഞ്ഞുങ്ങളെ മരം കേറ്റം പഠിപ്പിക്കണോ??" ബാബുമോന്‍ കണ്ണിറുക്കി കൊണ്ടുപറഞ്ഞു.

ഇതിനിടയില്‍ സുന്ദരന്‍ കേറി ഇടപെട്ടു "ഹും നിന്‍റെ ഒക്കെ പറച്ചില്‍ കേട്ടാല്‍ തോന്നും നി ഒക്കെയാണ് പെണ്ണുകാണാന്‍ പോവുന്നത് എന്ന്! അവളുടെ നമ്പര്‍ എന്‍റെ കയ്യില്‍ ഉണ്ട് അവിടെ ചെന്നു വിളിച്ചാല്‍ മതി".

അങ്ങനെ അവസാനം ഞങ്ങള്‍ ഫോറത്തില്‍ എത്തി. ഏകദേശം ഒരു 10.45 ആയി കാണും. ഞാന്‍ പറഞ്ഞു

"സുന്ദരന്‍ തല്‍കാലം ഇവിടെ നില്‍ക്ക്. ഞങ്ങള്‍ പോയി വല്ല പടത്തിനും ടിക്കറ്റ് ഉണ്ടോ എന്ന് നോക്കിയിട്ട് വരാം".

എന്തായാലും സുന്ദരന്റെ ഭാഗ്യമോ നിര്‍ഭാഗ്യമോ എന്ന് അറിയില്ല...എല്ലാ പടവും ഫുള്‍ ആയിരുന്നു.

അങ്ങനെ ഞാനും സുന്ദരുനും കൂടി ഒരു കടയുടെ മുന്നില്‍ നിന്നു. ബാക്കി ഉള്ളവര്‍ എല്ലാം കുറച്ചു മാറി നിന്നു. അവസാനം പെണ്കുട്ടി വന്നു. സുന്ദരന്റെ അത്രേം വണ്ണം ഇല്ലെങ്കിലും തരക്കേടില്ലാത്ത വണ്ണം ഉണ്ടായിരുന്നു പെണ്ണിന്. എന്തായാലും അവനു മാച്ച് ആവും. പെണ്ണിന്റെ കൂടെ ഒന്നു രണ്ടു കൂട്ടുകാരികള്‍ ഉണ്ടായിരുന്നു. ഞാന്‍ അവസരം മനസ്സിലാകി പറഞ്ഞു: "നമുക്ക് ആ KFC യില്‍ ഇരുന്നു സംസാരിക്കാം, അവിടെ ആവുമ്പോള്‍ ഇഷ്ടം പോലെ സ്ഥലം ഉണ്ടല്ലോ"

എന്നെ ദയനീയമായി നോക്കികൊണ്ട്, വന്നവരുടെ മുന്നില്‍ കുറയാതിരിക്കാന്‍ സുന്ദരന്‍ പറഞ്ഞു "അതിനെന്താ അങ്ങോട്ട് പോവാം". ഒരു വെജിറ്റേറിയന്‍ ആയ സുന്ദരനെയാണ് ഞാന്‍ ചിക്കന്‍ കഴിക്കാന്‍ വിളിച്ചത്. രാവിലെ ഇറങ്ങിയപ്പോഴേ സുന്ദരന്‍ പറയുന്നുണ്ടായിരുന്നു "എന്‍റെ കയ്യില്‍ പൈസാ ഒന്നും ഇല്ല...വെറുതെ കറങ്ങിയിട്ട് ഇങ്ങു പോരാം. അത്ര തന്നെ!". അതിനൊരു മാറ്റം ഒക്കെ വരണ്ടേ... ഹി ഹി...ഞാന്‍ മനസ്സില്‍ പൊട്ടിച്ചിരിച്ചു.

അവര്‍ എല്ലാം പോയി ടേബിളില്‍ ഇരുന്നപ്പോള്‍ ഞാന്‍ കുറച്ചു സാധനങ്ങള്‍ ഒക്കെ ഓര്‍ഡര്‍ ചെയ്തു. ഒരു ൭൩൫ രൂപ ആയികാണും. ഞാന്‍ സുന്ദരനോട് ഉറക്കെ ചോദിച്ചു. "അയ്യോടാ ഞാന്‍ പേഴ്സ് എടുക്കാന്‍ മറന്നു, നിന്‍റെ കയ്യില്‍ പൈസ ഉണ്ടാവുമോ?"

"അതിനെന്താ?!" ഒരു ജാടയും ഇല്ലാതെ അവന്‍ പേഴ്സ് എടുത്തു തന്നു. അല്ലാത്തപ്പോ വല്ലോം ഒരു ചെലവ് ഒക്കെ ചോദിച്ചാല്‍ അവന്‍റെ ഒരു ജാട കാണണം... ദൈവമേ ഇങ്ങനെ എല്ലാ ദിവസവും ഒരു പെണ്ണു കാണല്‍ ഉണ്ടായിരുന്നെങ്കില്‍! ഞാന്‍ അല്പം അത്യാഗ്രഹിച്ചു പോയി.

അപ്പോഴാണ് ഞാന്‍ മറ്റുള്ളവരുടെ കാര്യം ഓര്‍ത്തത്. എന്തായാലും സ്വന്തം കാര്യം മാത്രം നോക്കിയാ പോരല്ലോ. ഞാന്‍ ഫോണ്‍ എടുത്തു ഒരു കറക്കങ്ങു വെച്ചു കൊടുത്തു. അവന്മാര്‍ എല്ലാം ഉടനെ തന്നെ പ്രത്യക്ഷ പെടുകയും ചെയ്തു. വീണ്ടും പോയി ഒരു 500 രൂപ കൂടി.

ചിക്കെന്റെ കാല് കടിച്ചു വലിക്കുന്നതിന്നിടയില്‍ കൊച്ചേട്ടന്‍ ചോദിച്ചു " ഡാ ഇതന്നോ നി പറയാറുള്ള നിന്‍റെ ഗേള്‍ ഫ്രണ്ട്?"


പെണ്ണിന്റെയും സുന്ദരന്റെയും മുഖം ഒരു പോലെ കറക്കുന്നത്‌ കണ്ടു. അല്പം യാഥാര്‍ത്യമായി തോന്നാന്‍ ടിന്‍റു മോനും അടിച്ചു " അപ്പൊ നീ വീണ്ടും പുതിയ ലൈന്‍ തുടങ്ങി അല്ലെ! ഇനി എങ്കിലും നിറുത്തികൂടെ ഇതൊക്കെ! എന്നിട് ഞങ്ങളെ പോലെ ഡിസന്റ് ആയി ജീവിക്കാന്‍ പഠിക്ക്!


ഒരു പെണ്ണിനെ പോലും മുഖമുയര്‍ത്തി നോക്കാത്ത സുന്ദരന്‍ അതൊക്കെ സഹിച്ചു കൊണ്ടിരുന്നു. എന്തായാലും പെണ്ണു കാണല്‍ അധികം നീണ്ടില്ല. "എനിക്ക് അത്യാവശ്യമായി ഒരു ഫ്രണ്ട് നെ കാണാന്‍ ഉണ്ടെന്നു പറഞ്ഞു പെണ്ണു തടി തപ്പി.


അന്നത്തോടെ സുന്ദരന്‍ ഒരു പ്രതിജ്ഞ എടുത്തു: "നിന്‍റെ ഒക്കെ കൂടെ താമസിക്കുന്നിടത്തോളം കാലം ഞാന്‍ കല്യാണം കഴിക്കില്ല" എന്ന്.


തന്‍റെ ദൃഡ പ്രതിജ്ഞയില്‍ ഉറച്ചു സുന്ദരന്‍ ഇന്നും ഒരു 'ബ്രഹ്മചാരിയായി' കഴിയുന്നു...

ചൊവ്വാഴ്ച, സെപ്റ്റംബർ 23, 2008

എന്‍റെ റിയാലിറ്റി ഷോ

എനിക്ക് സംഭവിച്ച ഒരു റിയാലിറ്റിയുടെ കാര്യം ഞാന്‍ ഓര്‍ത്തു പോവുകയാണ്.ഇതു എഞ്ചിനീയറിംഗ്-നു പഠിക്കുമ്പോള്‍ ഉണ്ടായ ഒരു സംഭവം ആണ്. എന്‍റെ ഒരു കൂട്ടുകാരന്‍, ശ്യാം,അവന്‍റെ കോളേജില്‍ ഒരു 'inter Collegiate Meet' നടക്കുമ്പോള്‍ അതിലേക്ക് എന്നെയും ക്ഷണിച്ചു. "2-3 ദിവസത്തെ പരിപാടിയാ, നി പെട്ടിം കിടക്കേം ഒക്കെ എടുത്തു ഇങ്ങു പോരെ, നമുക്ക് ഇവിടെ അടിച്ചുപൊളിക്കാം. ഭക്ഷണം ഒക്കെ ഫ്രീയാ" അവന്‍ പറഞ്ഞു.


ഭക്ഷണം എന്നൊക്കെ പറഞ്ഞപ്പോ പിന്നെ ഒന്നും ആലോചിച്ചില്ല. ദാ ഇപ്പൊ വരാം എന്ന് പറഞ്ഞു, ഒരു ധൈര്യത്തിനു ശ്രീകുട്ടനെയും കൂട്ടി, ഒരു ബാഗില്‍ കുറെ തുണി ഒക്കെ വാരി ഇട്ടു വേഗം അങ്ങോട്ട് യാത്ര ആയി.


കോളേജില്‍ ചെന്നപ്പോള്‍ ശ്യാമിന്റെ വക ഉഗ്രന്‍ സ്വീകരണം ഒക്കെ കിട്ടി. അവന്‍ ആ കോളേജിലെ ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറി ഒക്കെ ആയിരുന്നു. ഞങ്ങള്‍ ചെന്നപ്പോള്‍ തന്നെ അവന്‍ ഞങ്ങളെ കുറെ പൊക്കി പറഞ്ഞു. "ഇവന്മാര്‍ അവിടുത്തെ വല്യ കിടുക്കളാ, എന്ത് സഹായം വേണേലും ചോദിച്ചാ മതി. പിന്നെ പരിപാടിക്ക്‌ വെല്ല ഹെല്പും വേണേല്‍ ഇവന്മാര്‍ ഏറ്റു" ശ്യാം ഞങ്ങളെ ഇന്ട്രോടുസ് ചെയ്തുകൊണ്ട് അവന്‍റെ കൂട്ടുകാരോട് പറഞ്ഞു.


ഞങ്ങടെ പൊക്കം അല്പം കൂടി എന്ന് എനിക്ക് തോന്നി. എന്തായാലും അവന്‍ പറഞ്ഞതല്ലേ...വെയിറ്റ് ഒട്ടും കുറയണ്ട എന്ന് ഞങ്ങളും അങ്ങ് വിചാരിച്ചു."ഞങ്ങടെ കോളേജില്‍ നടത്തിയ പരിപാടിയുടെ അത്രേം വരില്ല, എന്നാലും കുഴപ്പമില്ല, അഡ്ജസ്റ്റ് ചെയ്യാം" ഞങ്ങള്‍ തട്ടി വിട്ടു.


പിന്നെ അന്നത്തെ ദിവസം ഫുഡ് ഒക്കെ തട്ടി അങ്ങ് ആഘോഷിച്ചു. എല്ലാവരും ഓരോരോ വിഭവങ്ങള്‍ സ്പോന്‍സര്‍ ചെയ്തു അവസാനം മൂക്ക് മുട്ടെ തിന്നു. ഇടക്കിടക്ക് ഓരോ പാട്ടും നൃത്തവും ഒക്കെ പോയി കാണും. വെയിറ്റ് കൈവിടാതിരിക്കാനായി ഇടയ്ക്ക് ഓരോരോ കമന്റും അടിക്കും. "ഇതു അത്ര ശരിയായില്ല", "സംഗതി ഒന്നും വന്നില്ല" എന്നുള്ള മട്ടില്‍.ശ്യാമിനോടുള്ള ബഹുമാനം കൊണ്ടാന്നോ എന്തോ അവന്മാര്‍ എല്ലാം ക്ഷമയോടെ കേട്ടു. അത് മനസ്സിലാക്കി ഞങ്ങളും വിട്ടുകൊടുത്തില്ല. ഓരോ പരിപാടി കഴിഞ്ഞപ്പോഴും കമന്റ്സ് വന്നുകൊണ്ടിരുന്നു. "ഇതു തീരെ കൊള്ളില്ലയിരുന്നു, ഞങ്ങള്‍ എങ്ങാനം ആയിരുന്നെങ്കില്‍ കാണിച്ചു തരാമായിരുന്നു" എന്നൊക്കെ അങ്ങ് തള്ളി കളഞ്ഞു!


എന്തായാലും അന്ന് ശരീരത്തിന് കേടോന്നുമില്ലാതെ അങ്ങ് പോയി. പിറ്റേ ദിവസം രാവിലെ കുളിച്ചു ഒരുങ്ങി ഒക്കെ ചെന്നു ഞങ്ങടെ വിമര്‍ശനം വീണ്ടും ആരംഭിച്ചു. കുറച്ചു കഴിഞ്ഞു ഒരു പാവം (ആണെന്ന് തോന്നുന്നു) പയ്യന്‍ വന്നു ഞങ്ങളോട് പറഞ്ഞു: "നിങ്ങള്‍ ശ്യാം ചേട്ടന്റെ കൂട്ടുകാര്‍ അല്ലെ? ഞങ്ങള്‍ക്ക് ഒരു സഹായം വേണം. ഞങ്ങള്‍ എല്ലാരും കൂടി ഒരു പരിപാടി നടത്തുന്നുണ്ട്. അതിന് ഇപ്പൊ 3 ടീമേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ . നിങ്ങള്‍ രണ്ടു പേരും കൂടെ ഒന്നു ടീമായി കേറണം, എന്നാലേ പരിപാടി നടക്കു..."


ദൈവമേ! വെളുക്കാന്‍ തേച്ചത് പണ്ടായല്ലോ...ഞാന്‍ ഇനി എന്ത് ചെയ്യും എന്ന് അറിയാന്‍ വയ്യാതെ ശ്രീകുട്ടന്റെ കാലേല്‍ ആഞ്ഞു ഒരു ചവിട്ട് അങ്ങ് കൊടുത്തു. എന്നിട്ടും അവന് കാര്യം മനസ്സിലായില്ല, അവന്‍ ചാടി കേറി അങ്ങ് ഏറ്റുകളഞ്ഞു : "അതിനാന്നോ പാട്? ഞങ്ങടെ കോളേജില്‍ എത്ര എത്ര പരിപാടികള്‍ ഞങ്ങള്‍ നടത്തിയിട്ടുള്ളതാ...പേടിക്കാതെ പൊയ്ക്കോ, ഞങ്ങള്‍ ഏറ്റെന്നെ...."അപ്പോ ശ്യാമും ഞങ്ങളോട് പറഞ്ഞു:"എന്തായാലും ഇവന്മാര്‍ നടത്തുന്ന പരിപാടി അല്ലെ, നിങ്ങള്‍ക്ക് ഫസ്റ്റോ സെകോണ്ടോ ഉറപ്പാക്കാം!"


"ആ ചേട്ടന്മാരെ ഒന്നു ഹെല്പ് ചെയ്തേക്കണേ..."അവന്‍ ഓര്‍ഗനൈസ് ചെയ്യുന്ന പിള്ളാരോട് പറഞ്ഞു.


അങ്ങനെ ഞങ്ങള്‍ പ്രാക്ടീസ് തുടങ്ങി. "വെറും ഒരു ക്വിസ് പരിപാടി പോലെ ഉള്ളു...നിങ്ങള്‍ കലക്കുമെന്നെ..." അവന്മാര്‍ തള്ളി(ആക്കിയതാണോ എന്തോ എന്ന് അപ്പോ മനസ്സിലായില്ല).


ചെറിയെ ചെറിയെ ഉടായിപ്പ് പരിപാടികള്‍ ഒക്കെ കാണിച്ചു നടന്നിരുന്ന ഞങ്ങള്‍ വിചാരിച്ചു" ഓ ക്വിസ് എന്നൊക്കെ പറഞ്ഞാ എവിടെ വരെ പോവാനാ!".


"ക്വിസ് എന്ന് പറഞ്ഞാ ഒരു 4-5 റൌണ്ട് കാണും, കുഴപ്പം ഒന്നും ഇല്ലാലോ? അതില്‍ 'dumb charades'- ഉം കാണും." ശ്യാം പറഞ്ഞു."ആഹാ, അതാ ഞങ്ങള്‍ക്ക് ഇഷ്ടപെട്ടത്, ഞങ്ങള്‍ എത്ര സമ്മാനം വാങ്ങിയിട്ടുള്ളതാ എന്ന് അറിയുവോ?" ഞാന്‍ ഒരു ജാഡ ഒക്കെ ഒപ്പിച്ചങ്ങു തട്ടിവിട്ടു.


അങ്ങനെ ഒരു 5 മണി ആയി കാണും. ഓടിറ്റോറിയത്തില്‍ അനൌണ്സ്മെന്‍്റ്റ് നടന്നു. "അടുത്ത പരിപാടിയായ ക്വിസ് ഉടനെ ആരംഭിക്കുന്നതാണ്..."


ഞാനും ശ്രീകുട്ടനും ഓടിച്ചെന്നു സ്റ്റേജില്‍ ഒരു മൂലയ്ക്ക് സ്ഥലം പിടിച്ചു. "ടീം നമ്പര്‍ 4". അപ്പോഴാണ് ഞങ്ങള്‍ സദസ്സിലേക്ക് ഒന്നു എത്തി നോക്കിയത്. "അമ്മേ..."ഞാന്‍ അറിയാതെ പറഞ്ഞു പോയി. നോക്കിയപ്പോള്‍ ഏകദേശം ഒരു 1500-ല്‍ അധികം ആളുകള്‍ നിരന്ന് അങ്ങ് ഇരിക്കുന്നു. "അവിടെ ഇരുന്നു നോക്കിയപ്പോള്‍ ഇത്രേം ഒന്നും തോന്നിയില്ലലോ, അവന്മാര്‍ നമ്മളെ സിംഹ കൂട്ടിലേക്ക് അണല്ലോടാ തുറന്നു വിട്ടത്...ചതിയന്മാര്‍..." വിറയ്ക്കുന്ന ശബ്ദത്തില്‍ ഞാന്‍ ശ്രീകുട്ടനോട് പറഞ്ഞൊപ്പിച്ചു. അവന്‍ മുട്ടുകള്‍ തമ്മില്‍ കൂട്ടി മുട്ടാതിരിക്കാന്‍ പാടുപ്പെടുകയായിരുന്നു.


ആദ്യത്തെ റൌണ്ട് : Dumb Charades


ഞാനും ശ്രീകുട്ടനും തമ്മില്‍ നേരത്തെ ഒരു ധാരണ ഒക്കെ ഉണ്ടായിരുന്നു. ഏത് വാക്ക് വന്നാലും മറ്റുള്ളവര്‍ക്ക് മനസ്സിലാവാതെ alphabetize ചെയ്യ്തു പറയാന്‍ ഒരു സൂത്ര പണി ഞങ്ങള്‍ പഠിച്ചിരുന്നു. മറ്റു ടീമുകള്‍ക്കൊക്കെ കിട്ടിയ വാക്കുകള്‍ കണ്ടു ഞങ്ങള്‍ കണ്ണ് തള്ളി. ആര്ക്കും ഉത്തരം പറയാന്‍ ആയില്ല. അവസാനം ഞങ്ങടെ ഊഴം ആയി. ശ്രീകുട്ടന്‍ ആണ് വാക്കു കേള്‍ക്കാന്‍ പോയത്. അവന്‍ പോയി എന്തൊക്കെയോ ആംഗ്യം കാണിച്ചു. ഞാന്‍ മനസ്സിലായത് ഒരു പേപ്പറില്‍ കുറിച്ചിട്ടു. 'C-l-a-d-i-s-t-i-c-s’ എങ്ങനെ പറയണം എന്ന് അറിയാന്‍ വയ്യാത്തത്തുകൊണ്ട് ഞാന്‍ anchor നെ അടുത്ത് വിളിച്ചു പറഞ്ഞു."ഇതാ ആ വാക്ക്".


"ഉത്തരം ശരിയാണ്..." ഓടിറ്റോറിയം മുഴവനും നിറുത്താതെ കരഘോഷം. ആദ്യമായി ഉത്തരം പറഞ്ഞതിന്‍റെ അഹങ്കാരത്തില്‍ ഞങ്ങള്‍ ഞെളിഞ്ഞിരുന്നു. ഞാന്‍ ശ്രീകുട്ടന്റെ ചെവിയില്‍ പറഞ്ഞു: "കണ്ടോടാ ഇത്രേ ഉള്ളരുന്നു....നമ്മള്‍ വരാതിരുന്നെങ്കില്‍ വല്യ നഷ്ടമായേനെ..."


അടുത്ത ചോദ്യവും അതുപോലെ തന്നെ ആരും പറഞ്ഞില്ല.വീണ്ടും ശ്രീകുട്ടന്‍ പോയി ആംഗ്യം കാണിച്ചു, ഞാന്‍ കുറിച്ചിട്ടു. 'v-o-c-i-f-e-r-o-u-s’. വീണ്ടും ശരി ഉത്തരം. അങ്ങനെ ഞങ്ങള്‍ക്ക് 20 മാര്‍ക്ക് ആയി.ബാക്കി എല്ലാ ടീമും പൂജ്യവും വാങ്ങി വായ്നോക്കി ഇരിക്കുകയാണ്. "ഹും... ക്വിസ്സിനു വന്നിരിക്കുന്നു...മണ്ടന്മാര്‍..." ശ്രീകുട്ടന്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.


ഞങ്ങളോട് പരിപാടിയില്‍ പങ്കെടുക്കണം എന്ന് പറഞ്ഞ പിള്ളേര്‍ എല്ലാം തുള്ളിച്ചാടുന്നത് സ്റ്റേജില്‍ ഇരുന്നു ഞങ്ങള്‍ നോക്കിക്കണ്ടു. ശ്യാം കുറച്ചു അഹങ്കാരത്തോടെ അവിടെ ഒക്കെ നടന്നു "നമ്മുടെ പയ്യന്മാരാ" എന്നൊക്കെ പറയുന്നുണ്ടായിരുന്നു. അവിടം കൊണ്ടു തീര്‍ന്നിരുന്നെങ്കില്‍ കഥ വേറൊരു വഴിക്കാകുമായിരുന്നു. പക്ഷെ അവിടെ എങ്ങും തീര്‍ന്നില്ല.


രണ്ടാമത്തെ റൌണ്ട്: Debate


ഒരു വിഷയം തന്നിട്ട് 'For and Against' വാദിക്കണം. കുറച്ചു പോയിന്റ്സ് ഒക്കെ പറഞ്ഞാലേ മാര്‍ക്ക് കിട്ടു. അതാണ് നിയമം. എന്‍റെ കാല് വിറക്കാന്‍ ആരംഭിച്ചു. സഭാകമ്പം കണ്ടുപിടിച്ച ആളെ തല്ലി കൊല്ലണം. ഞാന്‍ മനസ്സില്‍ ഓര്‍ത്തു. സാധാരണ വിധത്തില്‍ സ്റ്റേജില്‍ കയറി ഒരു നാല് വാക്ക് പറയണം എന്ന് പറഞ്ഞാലേ എന്‍റെ മുട്ട് വിറക്കും. ഇതിപ്പോ ഡിബേറ്റ് എന്നൊക്കെ പറഞ്ഞാ...ദൈവമേ...അതും അത്ര പരിചയമില്ലാത്ത ഇംഗ്ളീഷില്‍! ഇതു വരെ കെട്ടിപ്പൊക്കി കൊണ്ടുവന്ന കോട്ടകള്‍ എല്ലാം തകര്‍ന്നു വീഴുന്നത് ഞാന്‍ മനസ്സില്‍ സിനിമ കണ്ടു.


ബാക്കി എല്ലാ ടീമുകളും തകര്‍ക്കുകയാണ്.


"ഇപ്പൊ ഇറങ്ങി ഓടിയാല്‍ ഉള്ള മാനം കൊണ്ടു രക്ഷപെടാം..." ശ്രീകുട്ടന്‍ വിറച്ചുകൊണ്ട് ഐഡിയ പറഞ്ഞു, "നമുക്ക് വീട്ടി ചെന്നിട്ട് നിന്നാ മതി,അറിയാവുന്ന ആരും ഇല്ലാത്തതിനാല്‍, വല്യ പബ്ലിസിറ്റി കൊടുക്കാതിരുന്ന മതി."
"എന്നാ ഓടിക്കോ" ഞാന്‍ ആദ്യമായി ഒരു അഭിപ്രായത്തില്‍ ശ്രീകുട്ടനോട് എതിര് പറയാതെ യോജിച്ചു.
പക്ഷെ വിധി എന്ന കശ്മലന്‍ anchor-ഉടെ രൂപത്തില്‍ വിളിച്ചു:"അടുത്തത് നമ്മുടെ പ്രീയപ്പെട്ട ടീം നമ്പര്‍ 4"


അങ്ങനെ ഞങ്ങള്‍ മൈക്കും പിടിച്ചു എഴുന്നേറ്റു. കാല് കൂട്ടിഇടിക്കുന്നത് അറിയാതിരിക്കാനായി ഞാന്‍ നല്ലവണ്ണം മുട്ടുകള്‍ ചേര്‍ത്തു നിന്നു. 'കേരളത്തിലെ രാഷ്ട്രീയം നല്ലതോ ചീത്തയോ' അതാണ് ഞങ്ങള്‍ക്ക് കിട്ടിയ വിഷയം. ശ്രീകുട്ടന്‍ എന്തൊകെയോ അനുകൂലിച്ചു കൊണ്ട് പറഞ്ഞ് ഒപ്പിച്ചു. കടിച്ചാല്‍ പൊട്ടില്ല എന്ന എനിക്ക് തോന്നിയ കുറെ വാക്കുകള്‍ കൂടി ഒരു 5-6 വരികള്‍ ഞാനും പറഞ്ഞൊപ്പിച്ചു. ആര്‍ക്കും ഒന്നും മനസ്സിലായില്ല എന്ന് എനിക്ക് മനസ്സിലായി. സദസ്സില്‍ ആകെ ഒരു മൌനം മാത്രം. കൂവല്‍ ഒന്നും കേള്‍ക്കുന്നില്ല താനും. ഞാന്‍ അതിശയിച്ചു. എന്തായാലും ആ റൌണ്ട് അവിടെ അവസാനിച്ചു. ഞങ്ങള്‍ക്ക് 5 മാര്‍ക്കും ബാക്കി ഉള്ളവര്‍ക്ക് ഇരുപതില്‍ കുറയാതെ ഉള്ള മാര്‍ക്കുകളും കിട്ടി.


മൂന്നാമത്തെ റൌണ്ട്: (ഇത്രെയും ആയപ്പോള്‍ പേരു ഓര്‍ക്കാനുള്ള മാനസിക അവസ്ഥയില്‍ അല്ലായിരുന്നു)


ഒരു പാട്ടു പറഞ്ഞിട്ട ആര് പാടിയതാണ് എന്ന് കണ്ടുപിടിക്കണം, അതായിരുന്നു ചോദ്യം. പക്ഷെ പാട്ടെല്ലാം ഇംഗ്ലീഷിലും. മറ്റു ടീമുകള്‍ എല്ലാം പുട്ട് പോലെ പറഞ്ഞു,അവസാനം ഞങ്ങള്‍ക്കുള്ള പാട്ടു കേള്‍പ്പിച്ചു. ശ്രീകുട്ടന്‍ എന്തോ ഒരു പേരു എന്‍റെ ചെവിയില്‍ പറഞ്ഞു. "അതൊന്നുമല്ല" ഞാന്‍ തറപ്പിച്ചു പറഞ്ഞു, എന്നിട്ട് ആകെ അറിയാവുന്ന ഒരു പേരങ്ങ് വെച്ചു കാച്ചി. "shakira" .


"ഉത്തരം തെറ്റാണ്". ചെറിയെ കൂവല്‍ അല്ലാതെ ഒന്നും കേട്ടില്ല.(അതേതോ ബോയ് ബാന്‍ഡിന്‍്റെ പാട്ടായിരുന്നു, അപ്പോഴാ ഞാന്‍ പറഞ്ഞതു shakira എന്ന്!)


"ഞാന്‍ അതുതന്നെ അല്ലെടാ പറഞ്ഞേ" ശ്രീകുട്ടന്‍ ചൂടായി, "പിന്നെ നീ എന്തിനാ മാറ്റി പറഞ്ഞേ?"


"ആ ഇനി ഇപ്പൊ അങ്ങനെ ഒക്കെ പറയാം.അന്നേരം ടെന്‍ഷനില്‍ ഞാന്‍ കേള്‍ക്കാഞ്ഞത് നിന്‍റെ ഭാഗ്യം." ഞാന്‍ പറഞ്ഞു.


എന്തായാലും മൊത്തം കുളം ആയി എന്ന് പറഞ്ഞാ പോരെ. പിന്നെ നടന്ന രണ്ട് റൌണ്ട് ഒന്നും എനിക്ക് ഒരോര്‍മ്മയും ഇല്ല.പരിപാടി കഴിഞ്ഞപ്പോ ആരോ എന്‍റെ മുഖത്ത് വെള്ളം തളിച്ചെന്നു തോന്നുന്നു. പരിപാടി കഴിഞ്ഞു വിജയികളെ പ്രഖ്യാപിക്കാന്‍ പോയപ്പോഴാണ്‌ അവര്‍ കണ്ടതത്രേ: ഞാന്‍ ബോധം ഇല്ലാതെ കിടക്കുന്നു! എന്തായാലും എന്നെ പൊക്കി എടുത്തുകൊണ്ടു വന്ന കൂട്ടത്തില്‍ ശ്രീകുട്ടനും പയ്യെ സ്റ്റേജില്‍ നിന്നു മുങ്ങി. ശ്യാം പറഞ്ഞപ്പോഴാ കാര്യങ്ങള്‍ ഒക്കെ മനസ്സിലായത്. ആരേലും കൂവിയാല്‍ വെട്ടികളയും, കൊന്നുകളയും എന്നൊക്കെ പറഞ്ഞു അവന്‍ ഭീഷണി പെടുത്തിയത് കൊണ്ടാണത്രേ ആരും അനങ്ങാതെ ഇരുന്നത്. അല്ലേല്‍ ഞങ്ങള്‍ക്ക് ഇടാന്‍ മാല ഒക്കെ എല്ലാരും കൂടെ റെഡി ആക്കി വെച്ചിരുന്നു! ഇങ്ങനെ ഒരു സംഭവത്തിനു ശേഷം പിന്നെ ഞങ്ങള്‍ ആ കോളേജിലേക്ക് പോയിട്ടേ ഇല്ല.


എന്തായാലും അവന്‍റെ കോളേജ് നല്ല ദൂരത്ത് ആയിരുന്നത്‌ കൊണ്ട് എന്‍റെ കോളേജില്‍ ആരും ഈ സംഭവം അറിഞ്ഞതെ ഇല്ല. അല്ലെ മാനം കപ്പലു കയറിയേനെ...

വെള്ളിയാഴ്‌ച, സെപ്റ്റംബർ 19, 2008

സസ്പെന്‍ഷന്‍ വാങ്ങാന്‍ ഒരു 100 വഴികള്‍

കോളേജ് ജീവിതത്തിന്‍റെ ഹരം തലയ്ക്കു പിടിച്ചു നില്ക്കുന്ന സമയം. ഏകദേശം ഒരു 4th സെമസ്റ്റര്‍ ആയി കാണും. ഇന്ന് എന്ത് കുരുത്തക്കേട്‌ ഒപ്പിക്കും എന്ന് പറഞ്ഞാണ് ഓരോ ദിവസവും കോളേജിന്റെ പടി ചവുട്ടിയിരുന്നത്. അങ്ങനെ ഉള്ള ഒരു സമയം. പുതിയ കുട്ടികള്‍ ഒക്കെ ജോയിന്‍ ചെയ്യാന്‍ തുടങ്ങി. അന്ന് എന്‍റെ ക്ലാസ്സില്‍ 42 പേരാണു ഉണ്ടായിരുന്നത്. അതില്‍ 21 ആണ്‍ കുട്ടികളും ബാക്കി പെണ്‍കുട്ടികളും. ഈ കാര്യത്തിനൊക്കെ എല്ലാ 42 പേരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു പോരുന്നു.

ഇതില്‍ ഞാന്‍ താമസിച്ചിരുന്നത് ഒരു ഉഗ്രന്‍ വീടൊക്കെ വാടകക്ക് എടുത്തു ഞങ്ങള്‍ 5-6 പേര്‍ ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഈ കൂട്ടത്തില്‍ ഞാനും മോളും ശ്രീകുട്ടനും പുഞ്ചിരിയും ഒക്കെ ഉണ്ടായിരുന്നു. പുലരുവോളം ഉള്ള ചീട്ടു കളി കത്തി വെപ്പ്....ഇതൊക്കെ കഴിഞ്ഞു ക്ലാസ്സില്‍ ചെന്നാല്‍ ഇതിന്റെ ബാക്കി..

അങ്ങനെ ഒരു ചീടു കളി സദസ്സില്‍ ഇരിക്കുമ്പോള്‍ ആരോ ഒരു ഐഡിയ ഇട്ടു : "പുതിയ പിള്ളേര്‍ ഒക്കെ വരുവല്ലേ...നമുക്ക് ഒന്ന് ആളായി കളയാം...എന്തേലും 'different' ആയിട്ടു ചെയ്യാം."

"ആ എന്നാ ശരി, നമുക്ക് എല്ലാവര്‍ക്കും സിലബസ് അടിച്ച് വിതരണം ചെയ്യാം...അതാവുമ്പോ സാറന്മാരും ഒന്നും പറയില്ലലോ... പുള്ളാരെ പഠിക്കാന്‍ പ്രേരിപ്പിക്കുക അല്ലെ? " ഞാന്‍ വളരെ 'ഇന്നസെന്റ്' ആയി പറഞ്ഞു.

"ആഹാ,എന്നാ സിലബസ് മാത്രം ആക്കുന്നത് എന്തിനാ? നമുക്ക് കോളേജ് ഹാന്‍ഡ് ബുക്ക് തന്നെ ആക്കി കളയാം.അതാവുമ്പോ എല്ലാര്‍ക്കും പ്രയോജനപെടുമല്ലോ" മോള്‍ തന്‍റെ അഭിപ്രായം രേഖപ്പെടുത്തി.

"എന്നാ ഞാന്‍ ഇപ്പൊ തന്നെ പേനയും പേപ്പറുമായി വരാം,ചൂടാറാതെ അങ്ങ് എഴുതാമല്ലോ..." ശ്രീകുട്ടന്‍ ഓടി ചെന്നു എങ്ങുനിന്നോ ഒരു പേനയും പേപ്പറും ഒക്കെ ആയി വന്നു.( അല്ലാത്ത സമയത്ത് ഒരു പേന ഒക്കെ തപ്പിയാ പൊടി പോലും കാണില്ല...)

പിന്നെ അഭിപ്രായങ്ങളുടെ പെരുമഴ ആയിരുന്നു. നമുക്ക് അത് ചേര്‍ക്കാം ഇതു ചേര്‍ക്കാം എന്നൊക്കെ പറഞ്ഞു എല്ലാവരും തങ്ങളുടെ ആശയങ്ങള്‍ നിരത്തി ഇട്ടു. ഏകദേശം 2 മണി ആയി കാണും. അത്രെയും നേരം എഴുതിയത് നോക്കിയപ്പോ ഈ പ്രാവശ്യത്തെ ജ്ഞാനപീഠം ഞങ്ങള്‍ക്ക് തന്നെ എന്ന് തോന്നിപ്പോയി.

(എഴുതിയത് എന്തൊക്കെ ആണെന്ന് ഇനി ഒരു പോസ്റ്റില്‍ ഇടാം. എന്തായാലും സംഗതി അത്ര പന്തി അല്ലെന്നു ഇപ്പൊ മനസ്സിലാക്കിയാ മതി).

"ഇതെല്ലം കൂടി വല്ല നോവലും ആക്കിയാലോ? അതാവുമ്പോ കുറച്ചു പൈസയും കിട്ടും." വവ്വാല്‍ പറഞ്ഞു.

"ഓ അതിനെന്താ ഇതു പ്രിന്റ് ചെയ്തിട്ട് പിള്ളാര്‍ക്ക് കൊടുക്കുമ്പോള്‍ അവരുടെ കയ്യിന്നു പൈസ മേടിച്ചാ പോരെ? അവരാന്നെങ്കി പേടിച്ചു പൈസായും തരും" ഞാന്‍ ചെറിയ ഒരു ഐഡിയ അങ്ങ് ഇട്ടു.

"ഹതു കലക്കി! നല്ല ഒരു ഐഡിയ ആദ്യമായി കേള്‍ക്കുന്നത് പോലെ ശ്രീകുട്ടന്‍ ആഹ്ലാദിച്ചു.

അങ്ങനെ ഞങ്ങള്‍ എഡിറ്റിംഗ് ഒക്കെ കഴിഞ്ഞു പ്രിന്‍റിംഗ് ആരംഭിക്കാന്‍ തുടങ്ങി. ഏകദേശം ഒരു 50 പേജ് ഉണ്ടായിരുന്നു. അതൊക്കെ സെന്‍സര്‍ ബോര്‍ഡ് അവാര്‍ഡ് പടം വെട്ടുന്നത് പോലെ അങ്ങ് കത്രിച്ചു കളഞ്ഞു.അവസാനം 25 പേജ് ആയി ചുരുങ്ങി. "ഹോ ആശ്വാസമായി, ഇനി സ്വസ്ഥമായി പ്രിന്റ് ചെയ്യാം."

അപ്പോളാണ് മോള്‍ ഒരു പുതിയ ഐഡിയ ഇട്ടതു: "എന്തായാലും നമ്മള്‍ കഷ്ടപ്പെട്ട് പ്രിന്റ് ചെയ്യുകയല്ലേ. അല്പം കൂടുതല്‍ ക്രെഡിറ്റ് നമുക്ക് ഇരിക്കട്ടെ! എഡിറ്റെര്സ് എന്ന് പറഞ്ഞു നമ്മുടെ എല്ലാം പേരങ്ങ് വെച്ചാലോ?"

"ആഹാ ഇതൊക്കെ നേരത്തെ പറയണ്ടേ? അവസാന നിമിഷം ആന്നോടാ ഇതു പോലെ ഉള്ള കിടിലന്‍ ഐഡിയ ഒക്കെ ഇറക്കുന്നത്? വവ്വാല്‍ കോപാക്രാന്തനായി.

"ഇപ്പൊ പറഞ്ഞതു നന്നായി..പ്രിന്‍റ് എങ്ങാനം ചെയ്തു ചെയ്തു കഴിഞ്ഞിട്ടാരുന്നെ നിന്നെ കൊന്നേനെ..."ശ്രീകുട്ടനും പങ്കു ചേര്‍ന്നു.

അങ്ങനെ അല്പം പ്രശസ്തി കിട്ടാനായി ഞങ്ങള്‍ 5-6 പേരുടെ പേരുകള്‍ "ക്രെടിറ്റ്സ്" എന്ന് പറഞ്ഞു അച്ചടിക്കാന്‍ തീരുമാനിച്ചു.പ്രിന്‍റിംഗ് ഒക്കെ ഭംഗിയായി തന്നെ നടന്നു. പക്ഷേ പിന്നീട് ഇരുന്നു ആലോചിച്ചപ്പോ പേരു വെക്കണ്ടായിരുന്നു എന്നൊരു തോന്നല്‍. അവസാനം വല്ല പുലിവാലുമായി നമ്മളെ ഒക്കെ പൊക്കിയാല്‍? അതുകൊണ്ട് വിതരണം തുടങ്ങുന്നതിനു മുമ്പ് പേരൊക്കെ കറുത്ത മഷി ഉപയോഗിച്ചു മായിച്ചു കളഞ്ഞു. പുസ്തകത്തിന്‍റെ വില ഒകെ പ്രിന്‍റ് ചെയ്തിരുന്നു. '5 രൂപ'.

പക്ഷേ 5 രൂപ എന്നൊക്കെ പറഞ്ഞാ വളരെ കുറഞ്ഞു പോയില്ലേ... അതുകൊണ്ട് വിതരണം തുടങ്ങിയപ്പോള്‍ പുതിയ പിള്ളേരോട് പറഞ്ഞു: "5 എന്ന് ഒക്കെ അടിച്ചിരിക്കും, പക്ഷേ നിങ്ങള്‍ 25 രൂപ തരണം. ചേട്ടന്മാര്‍ കുറെ കഷ്ടപെട്ടാണ് ഇതൊക്കെ അച്ചടിച്ചതെ...അതും നിങ്ങളെ പഠിപ്പിക്കാന്‍ വേണ്ടി! അതോണ്ട് ഒരു സാരവുമില്ല." അങ്ങനെ എല്ലാ ക്ലാസ്സിലും ഞങ്ങള്‍ പുസ്തകം വിതരണം ചെയ്തു.

"ഹയ്യാ! എന്തൊരു ലാഭമാ...നമുക്ക് ഇതൊരു പരിപാടി ആക്കി തുടര്‍ന്നാല്ലോ? കോഴ്സ് അവസാനിക്കുന്നതിനു മുമ്പ് തന്നെ നമുക്ക് പണക്കരാവാം" ശ്രീകുട്ടന്‍ കുറച്ചു പണക്കാരന്‍ ആയതിന്റെ അഹങ്കാരത്തില്‍ പറഞ്ഞു.

പുസ്തകം എല്ലാം ചൂടപ്പം പോലെ വിറ്റഴിഞ്ഞു. മറ്റു കോളേജില്‍ നിന്നു പോലും മേടിക്കാന്‍ ആളുകളെത്തി! പക്ഷേ അധികം കഴിയേണ്ടി വന്നില്ല. എല്ലാ വിവരവും വള്ളി പുള്ളി വിടാതെ ഏതോ കശ്മലന്‍ പ്രിന്‍സിപ്പാളിന്റെ ചെവിയില്‍ എത്തിച്ചു. ഉടനെ തന്നെ പ്രിന്സിപലും സാറന്മാരും കൂടെ വട്ടം കൂടി ഞങ്ങളെ വിളിപ്പിച്ചു. പിന്നെയാ മനസ്സിലായത് കറുത്ത മഷി ഒക്കെ ഇട്ടു മായിച്ചിട്ടും ഞങ്ങളുടെ പേരൊക്കെ വെണ്ടയ്ക്ക അക്ഷരത്തില്‍ വായിക്കാമായിരുന്നു."എന്തോന്നാടാ കോളേജിന്റെ പേരു കളയാന്‍!" "ഇങ്ങനെ ഒക്കെ അന്നോടാ ബുക്ക് ഇറക്കുന്നത്?" "കുട്ടികളായാല്‍ ഒരു അടകവും ഒതുക്കവും ഒക്കെ വേണ്ടേ?" "ഇവനെ ഒക്കെ കോളേജില്‍ നിന്നു ഡിസ്മിസ് ചെയ്യണം"

എല്ലാരും അവരവരുടെ അഭിപ്രായങ്ങള്‍ പറഞ്ഞു. അവസാനം പ്രിന്‍സിപ്പല്‍ ഇടപെട്ടു. "മേടിച്ച പൈസ അതു‌ പോലെ തന്നെ തിരിച്ചു കൊടുക്കണം, ബുക്ക് എല്ലാം മടക്കി വാങ്ങണം, എന്നാല്‍ കാര്യങ്ങള്‍ ഒക്കെ സസ്പെന്‍ഷനില്‍ ഒതുക്കാം."

സാഹചര്യങ്ങള്‍ ഞങ്ങള്‍ക്ക് അനുകൂലമല്ല എന്ന് മനസ്സിലാക്കി ഞങ്ങള്‍ അതങ്ങ് സമ്മതിച്ചു.അങ്ങനെ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒരു ആഴ്ച സസ്പെന്‍ഷന്‍ അടിച്ചുതന്നു.

സസ്പെന്‍ഷനില്‍ ആയി കോളേജില്‍ പോവാതെ വീട്ടില്‍ ഇരുന്നു കിണഞ്ഞു ആലോചിച്ചിട്ടും ഞങ്ങള്‍ക്ക് ഒരു എത്തും പിടിയും കിട്ടിയില്ല : "ഈ സാറന്മാര്‍ക്ക് എന്തിന്റെ കേടാ? അല്പം സാഹിത്യ വാസന കൂടിപോയതു ഞങ്ങടെ തെറ്റാന്നോ? "

എന്തായാലും അല്പം പ്രസിദ്ധി ആഗ്രഹിച്ചു കുറെ ഏറെ കുപ്രസിദ്ധി കിട്ടി എന്ന് പറഞ്ഞാ പോരെ.

(ബാക്കി ഉള്ള 99 വഴികള്‍ ഇനി ഒരു അവസരത്തില്‍...)

ചൊവ്വാഴ്ച, സെപ്റ്റംബർ 16, 2008

സഞ്ചാര സാഹിത്യം

കുറേ നാള്‍ ആയി മനസ്സിനെ അലട്ടുന്ന ഒരു ഒരു ചിന്തയാണു എനിക്കും ഒരു സഞ്ചാര സാഹിത്യം ഒക്കെ എഴുതണം. അങ്ങനെ ഇരുന്നപ്പോള്‍ ആണ് എനിക്കും ഒരു സാഹചര്യം ഒത്തു വന്നത്.


എന്റെ യാത്ര തുടങ്ങുന്നത് അതിരാവിലെ വീട്ടില്‍ നിന്നുമാണ്. പ്രത്യേകിച്ച് ലക്ഷ്യങ്ങള്‍ ഒന്നും ഇല്ലാതെ അലഞ്ഞു നടക്കുന്ന മനസ്സ്. അതിനെ ഏകാഗ്രം ആക്കി ഒരു ചെറിയ കുളി ഒക്കെ കഴിഞ്ഞു ഞാന്‍ എന്റെ യാത്ര ആരംഭിച്ചു. യാത്രയില്‍ ഇടയ്ക്ക് കഴിക്കാനായി ഞാന്‍ പ്രാതലും കരുതിയിരുന്നു. അല്‍പ സമയം കൊണ്ട് അതിദൂരം സഞ്ചരിച്ചു എന്ന് എനിക്ക് തോന്നിപോയി. പക്ഷേ വളരെ അധികം വാഹനങ്ങള്‍ ഉള്ളതിനാല്‍ എന്റെ വാഹനം വളരെ പതുക്കെയാണു നിങ്ങികൊണ്ടിരുന്നത്.


ഇപ്പോള്‍ ഞാന്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് ഒരു ഗലിയില്‍ കൂട്ടെയാണ്.കഷ്ടപ്പാടിന്റെയും ദാരിദ്ര്യത്തിന്റെയും ഒക്കെ മുഖമുദ്ര അണിഞ്ഞു നില്ക്കുന്ന വീടുകള്‍, ഇടിഞ്ഞു വീഴാറായ മേല്‍ക്കൂരകള്‍, മഴയില്‍ നിന്നും അഭയം പ്രാപിക്കാനായി കെട്ടി വെച്ചിരിക്കുന്ന പ്ലാസ്റ്റിക് കവറുകള്‍. അവിടെ ഒക്കെ മുറ്റത്തു കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികള്‍. എന്നാലും അവരുടെ ഒക്കെ മുഖത്ത് ഒരു സന്തോഷം കാണാന്‍ എനിക്ക് സാധിക്കുന്നുണ്ടായിരുന്നു. ഉള്ളത് കൊണ്ടു തൃപ്തിപെടുന്നവര്‍, ഇന്നത്തേക്ക് മാത്രം വിചാരപെടുന്നവര്‍.... ഞാന്‍ പലതും മനസ്സില്‍ ഓര്‍ത്തു.


പിന്നെ ഞാന്‍ കടന്നു പോയത് ഒരു പാലത്തില്‍ കൂടെ ആയിരുന്നു.കണ്ടാല്‍ അഴുക്കു ചാല്‍ ഒഴുകുന്നത്‌ പോലെ ഉള്ള ഒരു പുഴ. കഷ്ടിച്ച് വാഹങ്ങള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും പോകുവാന്‍ പറ്റിയ ഒരു പാലം.പരിഷ്കാരത്തിന്റെ പരിണിത ഫലമായ മാലിന്യങ്ങളുടെ ദുര്‍ഗന്ധം അവിടെയൊക്കെ വമിക്കുന്നുണ്ടായിരുന്നു. അതൊക്കെയും കടന്നു എന്റെ വാഹനം മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.


കുറേ കൂടി എന്റെ വാഹനം മുന്നോട്ട് പോയി. പരിഷ്കാരത്തിന്റെ പ്രത്യക്ഷ ചിന്ഹങ്ങള്‍ തലയെടുപ്പോട് കൂടി നില്ക്കുന്ന ഒരു വീധിയിലൂടെയാണ് ഞാന്‍ പിന്നീട് സഞ്ചരിച്ചത്. ബഹുനില മന്ദിരങ്ങള്‍, കണ്ണഞ്ചിപ്പിക്കുന്ന ചില്ല് കൊട്ടാരങ്ങള്‍, ഷോപ്പിങ്ങ് മാളുകള്‍...അങ്ങനെ സൂചി കുത്താന്‍ സ്ഥലം ഇല്ലാത്ത രീതിയില്‍ കുത്തി നിറച്ചിരിക്കുന്ന കെട്ടിടങ്ങള്‍. ഭൂമി ദേവിയുടെ ഒരു തേങ്ങല്‍ എനിക്ക് കേള്‍ക്കാമോ എന്ന് പോലും എനിക്ക് തോന്നിപോയി.അവിടെ ഉള്ള ജനങ്ങള്‍ പുച്ഛത്തോടെ താഴെക്കിടയില്‍ ഉള്ളവരെ നോക്കുന്നതായും എനിക്ക് കാണാമായിരുന്നു.


അവിടെയും കടന്നു എന്റെ വാഹനം മുന്നോട്ട് പോയ്കൊണ്ടിരുന്നു. ഇപ്പോള്‍ എന്റെ വാഹനം നീങ്ങുന്നത് ഒരു മിനിട്ടുകൊണ്ട് ഒരു ഇഞ്ച്‌ എന്ന രീതിയിലാണ്. വഴിയോരത്ത് സ്കൂള്‍ ബസ്സിനായി കാത്തു നില്ക്കുന്ന കുട്ടികളുടെ കലപില എനിക്ക് കേള്‍ക്കാമായിരുന്നു.ഓഫീസില്‍ എത്താനായി നെട്ടോട്ടം ഓടുന്ന അനേകം പേര്‍. ഈ രീതിയില്‍ ദിവസവും ഓഫീസില്‍ പോകുന്നവരെ കുറിച്ചോര്‍ത്തു എനിക്ക് ദുഃഖം തോന്നി. എന്തായാലും ഞാന്‍ കയ്യില്‍ കരുതിയിരുന്ന പ്രാതല്‍ ഭക്ഷിക്കുവാനാരംഭിച്ചു. കുറെ ബദ്ധപെട്ട ശേഷം ഡ്രൈവര്‍ എന്റെ വാഹനം ഒരു ഇടവഴിയിലൂടെ തിരിച്ചു വിട്ടു.


അവിടെ കണ്ട കാഴ്ചകള്‍ അതിദയനീയം ആയിരുന്നു. ഞാന്‍ ആദ്യം കടന്നു പോയ തെരുവിനെക്കള്‍ പരിതാപകരമായ ഒരു അവസ്ഥ. ചെറ്റകുടിലുകളെകാളും ദുരവസ്ഥയിലുള്ള വീടുകള്‍.നടുവിലൂടെ ഒഴുകുന്ന അഴുക്കു ചാല്‍. ഇത്രയും പുരോഗതിയുടെ ഇടയിലും ഇതു പോലുള്ള സ്ഥലങ്ങള്‍ ഉണ്ടോ എന്ന് അതിശയിക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.


പിന്നെ ഞാന്‍ സഞ്ചരിച്ചത് ഒരു മൈതാനത്തിനു അടുത്തുകൂടെയായിരുന്നു. ചുറ്റും സന്തോഷത്തോടെ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍. തങ്ങള്‍ക്കു ചുറ്റും നടക്കുന്ന അനിതികള്‍ അറിയാതെ നിഷ്കളങ്ക മനസ്സുമായി തങ്ങളുടെ കളികളില്‍ ലയിച്ചു നില്ക്കുന്ന ബാല്യങ്ങള്‍. അത് കണ്ടപ്പോള്‍ എനിക്കും എന്റെ ബാല്യത്തിലേക്ക് തിരിച്ചു പോകാന്‍ ഒരു മോഹം തോന്നി.


അങ്ങനെ കുറെ നേരം സഞ്ചരിച്ച ശേഷം ഞാന്‍ എന്റെ ലക്ഷ്യ സ്ഥാനത്ത് എത്താറായി. ഡ്രൈവര്‍ വാഹനം ഒരു ഭാഗത്തായി ഒതുക്കി നിറുത്തി. എന്നിട്ട് കൂലി ആവശ്യപെട്ടുകൊണ്ട് എന്നോടായി ചോദിച്ചു " സാര്‍ 85 രൂപാ ആയി". സാഹിത്യ ലോകത്തില്‍ നിന്നു ഞെട്ടി ഉണര്‍ന്ന ഞാന്‍ ചോദിച്ചു "എന്തോന്നാ ? 85 രൂപയോ ? ഞാന്‍ ദിവസോം 65 രൂപയ്ക്കു വരുന്നതാ... എന്നോട് കളിക്കല്ലേ... 65 രൂപാ തരം". അത് കൊടുത്തിട്ട് ഞാന്‍ എന്റെ ഓഫീസിലേക്ക് നടന്നു...

ചൊവ്വാഴ്ച, സെപ്റ്റംബർ 09, 2008

ഔട്ട് ഓഫ് സിലബസ്

പരീക്ഷ എന്നും എനിക്കൊരു വീക്ക്നെസ്സ് ആയിരുന്നു. അങ്ങനെ ഒരു പരീക്ഷയുടെ കഥ എഴുതാം.
ഇതു എഞ്ചിനീയറിങ്ങിനു പഠിക്കുമ്പോള്‍ നടന്ന ഒരു സംഭവം ആണ്.ഞാന്‍ തേര്‍ഡ് സെമസ്റ്റര്‍ പരീക്ഷ എഴുതുന്ന കാലം. അന്ന് ഡേറ്റാ സ്ട്രക്ക്ചേഴസ് -ന്‍റെ പരീക്ഷ ആയിരുന്നു.ഒരു വിധം ജയിക്കാനുള്ള മാര്‍ക്ക് മേടിക്കമെന്നുള്ള പ്രതീക്ഷയുമായി ഞാന്‍ പരീക്ഷ എഴുതാന്‍ ഇരുന്നു.അടുത്തിരുന്നവരുടെ മുഖത്ത് ഒക്കെയും എല്ലാം അറിയവുന്നതിന്റെ ഒരു പുഞ്ചിരിയും പ്രസരിപ്പും ഒക്കെ കാണാമായിരുന്നു.
10 മണി ആയപ്പോള്‍ സാര്‍ വന്നു ചോദ്യ പേപ്പര്‍ വിതരണം ചെയ്യാന്‍ ആരംഭിച്ചു. അപ്പോള്‍ തന്നെ അവിടിവിടുന്നു ഒരു പിറുപിറുപ്പ് കേള്‍ക്കാന്‍ തുടങ്ങി.ചോദ്യ പേപ്പര്‍ എന്‍റെ കയ്യില്‍ കിട്ടിയപ്പോള്‍ അല്ലെ എനിക്ക് കാര്യം മനസിലായത് : ചോദ്യങ്ങള്‍ എല്ലാം 'ഔട്ട് ഓഫ് സിലബസ്'.
ഞങ്ങള്‍ പഠിച്ചുകൊണ്ടിരുന്നത് "സീ" യില്‍ ഉള്ള ഡേറ്റാ സ്ട്രക്ക്ചേഴസ് ആയിരുന്നു. എന്നാല്‍ ചോദ്യ പേപ്പറില്‍ മുഴുവനും ഫോര്‍ട്രാന്‍ -നില്‍ ഉത്തരം എഴുതു‌ എന്ന കണക്കിനുള്ള ചോദ്യങ്ങളും.
ആ ഇനി പരീക്ഷ മാറ്റിവക്കുമായിരിക്കും...എന്റെ മനസ്സില്‍ ഞാന്‍ ഒരു സന്തോഷ ബ്രേക്ക് ഡാന്‍സ് ഒക്കെ കളിച്ചു.ഇനി സ്വസ്ഥമായി നല്ല പോലെ പഠിച്ചു പരീക്ഷ എഴുതാം,ഒരു സെക്കന്റ് ചാന്‍സ് കിട്ടിയല്ലോ!അപ്പോഴണു ഞാന്‍ അടുത്തുള്ളവരെ ഒക്കെ ശ്രദ്ധിച്ചത്...എല്ലാവരും സീരിയസ് ആയി പരീക്ഷ എഴുതുന്നു. ഞാന്‍ എന്‍റെ തൊട്ടപ്പുറത്ത് ഇരുന്ന ശ്രീകുട്ടനെ വിളിച്ചിട്ട് ചോദിച്ചു :"എന്തോന്നാടാ ഇത്രേ എഴുതാന്‍? എന്താണ്ട് അങ്ങ് അറിയാമെന്നുള്ളത്‌ പോലാ…” ഞാന്‍ പുച്ഛിച്ചു ഒരു ചിരി അങ്ങു പാസാക്കി.
അവന്‍ പറഞ്ഞു :"എന്തേലും ഒക്കെ എഴുതിയാ മതി,അവര്‍ മാര്‍ക്ക് തരും".... പിന്നെ യൂണിവേഴ്സിറ്റി അവന്റെ ആരുടേം വക അല്ലാലോ മാര്‍ക്ക് തരാന്‍, ഞാന്‍ എന്റെ തോന്നലില്‍ തന്നെ ഉറച്ചു നിന്നു. "പരീക്ഷ മാറ്റി വെക്കും..."
പ്രിന്‍സിപ്പല്‍ വന്നു പരീക്ഷ മാറ്റിവെച്ചതായി അനൌണ്‍സ് ചെയ്യുന്നത് ഞാന്‍ എന്‍റെ മനസ്സില്‍ സങ്കല്പിച്ചു. ഏത് നിമിഷവും പരീക്ഷ മാറ്റിവെച്ചതായി ഉള്ള അറിയിപ്പിനായി ഞാന്‍ കാത്തിരുന്നു. ഒരു 5 മിനിട്ട് കഴിഞ്ഞു കാണും.എന്നിട്ടും ഒരു അനക്കവും ഇല്ല. ഞാന്‍ പതിയെ എന്‍റെ കയ്യിലെ ചോദ്യ പേപ്പറിലേക്ക് നോക്കി.
ഒന്നാമത്തെ ചോദ്യം: “Write an algorithm for animating a cat's face.”
ഹാ! ഇതാന്നോ ഇത്ര വലിയ ചോദ്യം! ഞാന്‍ പൂച്ചയുടെ കണ്ണുകള്‍ കറങ്ങുന്നത് മനസ്സില്‍ സ്വപ്നം കണ്ടു.(ഹൊ 25 മാര്‍ക്ക് ഉറപ്പായി).
കണ്ണുമടച്ചു ഞാന്‍ ഉത്തരം എഴുതി:
Ans)
1.സ്റ്റാര്‍ട്ട്.
2.പൂച്ച കണ്ണ് തുറക്കുന്നു, കണ്ണ് അടക്കുന്നു.
3.പൂച്ച കണ്ണ് വലത്തോട്ട് തിരിക്കുന്നു, കണ്ണ് ഇടത്തോട്ടു തിരിക്കുന്നു.
4.പൂച്ച ചിരിച്ചു കാണിക്കുന്നു.
5.ഏന്‍ഡ്.
എന്നിട്ട് പേപ്പര്‍ നോക്കുന്നവര്‍ക്ക് മനസ്സിലയിക്കോട്ടേ എന്ന് കരുതി ഇങ്ങനെ ഒരു പടവും അങ്ങു വരച്ചു ചേര്‍ത്തു.




രണ്ടാമത്തെ ചോദ്യം: Describe Eight Queens(8 queens) Problem.

പണ്ട് എങ്ങോ ചെസ്സ് കളിച്ചിട്ടുള്ളതിനാല്‍ എനിക്ക് ഇത് ചെസ്സ് കളിയുമായി ബന്ധപെട്ടെ എന്തോ ഒന്ന് ആണെന്ന് എനിക്ക് മനസ്സിലായി. ഉടനെ തന്നെ എന്നിലെ സാഹിത്യകാരന്‍ ഉണര്‍ന്നു.ഞാന്‍ ഉത്തരം എഴുതാന്‍ ആരംഭിച്ചു.(ബാക്കി 25 മാര്‍ക്ക്...എന്തായാലും ജയിക്കും!)
Ans)
"ഇതു ചെസ്സ് കളിയില്‍ കാണപെടുന്ന ഒരു വലിയ പ്രശ്നം ആണ്.ചെസ്സ് കളിക്കുമ്പോള്‍ ഒരിക്കലും ൮ രാഞ്ജിമാര്‍ ഒരുമിച്ചു വരാത്തത് കൊണ്ട് ഇതൊരു പരികല്പിതമായ പ്രശനം മാത്രം ആണ്.യഥാര്‍ത്ഥ ജീവിതത്തില്‍ ഇതൊരിക്കലും വരാന്‍ പാടില്ല. അഥവാ വന്നാല്‍ തന്നെ അതിനെ നമ്മള്‍ കാര്യമാക്കേണ്ടതില്ല, കാരണം അത് വെറും ചെസ്സ് കളിയില്‍ ആണ്, ജിവിതത്തില്‍ അല്ലല്ലൊ."

പണ്ടു ഉത്തരം എഴുതുമ്പോള്‍ വിവരിക്കാനായി "figure" വരക്കണമെന്ന് പഠിപ്പിച്ച അധ്യാപകരെ മനസ്സില്‍ ഓര്‍ത്തു ,വീണ്ടും പേപ്പര്‍ നോക്കുന്നവര്‍ക്ക് മനസ്സിലാകാന്‍ വേണ്ടി ഒരു പടം അങ്ങു വരച്ചു ചേര്‍ത്തു.(താഴെ കൊടുത്തിരിക്കുന്നു)

പിന്നെ അവിടേം ഇവിടേം ഒക്കെ 2-3 രഞ്ജിമാരെയും വരച്ചു ചേര്‍ത്തു.(8 എണ്ണം വരയ്ക്കാന്‍ ശ്രമിച്ചിട്ട് നടന്നില്ല).

ഇനിയും കിടക്കുന്നു 3 ചോദ്യങ്ങള്‍. സമയം 10.25. അപ്പോള്‍ വീണ്ടും എന്നിലെ പഴയ ചിന്ത ഉറക്കെ കേട്ടു :"പരീക്ഷ മാറ്റി വെക്കും".

പിന്നെ ഒന്നും ആലോചിച്ചില്ല. "സാര്‍ പേപ്പര്‍ കെട്ടാനായി ട്വയിന്‍ വേണം." സാര്‍ കണ്ണും തള്ളി എന്നെ നോക്കി.എല്ലാ സപ്പളിയും വാരിമേടിച്ചു കൂട്ടിയ "മൂത്താപ്പ" പോലും അവിടെ ഇരുന്നു എഴുതുന്നു. അപ്പോളാ ഞാന്‍...എന്തായലും സാര്‍ എന്‍റെ ആഗ്രഹത്തിന് തടസം നിന്നില്ല. അങ്ങനെ ആദ്യമായി ഒരു പരീക്ഷ അധികം മേനെക്കെടാതെ പാസ്സാവാമെന്നുള്ള ആഗ്രഹവുമായി ഞാന്‍ പടി ഇറങ്ങി...

കഥ ഇതൊക്കെ ആണെങ്കിലും ആ പരീക്ഷ മാറ്റിവെച്ചുമില്ല,എന്‍റെ ക്ലാസ്സിലെ എല്ലാവരും പാസ് ആവുകേം ചെയ്തു. പാസ് ആവാതെ ഇരുന്നത് ഞാനും പരീക്ഷ അറ്റന്‍ഡ് ചെയ്യാത്ത വേറെ 2 പേരും മാത്രം.എന്നാലും എനിക്ക് നല്ല മാര്‍ക്ക് ഉണ്ടായിരുന്നു. "figure" വരച്ചതിനു 1 മാര്‍ക്ക് വീതം, എഴുതിയതിനു ½ മാര്‍ക്ക് വീതം. മൊത്തം 3/100!!അങ്ങനെ ജീവിതത്തില്‍ ആദ്യമായി സപ്പളിയുടെ രുചി ഞാന്‍ അറിഞ്ഞു(പിന്നെ അതൊരു നിത്യ സംഭവം ആയതു ഇന്നി ഒരിക്കല്‍)...

തിരുവോണ ആശംസകള്‍

എല്ലാവര്‍ക്കും സമ്പല്‍ സമൃദ്ധമായ ഒരു പൊന്നോണം ആശംസിച്ചുകൊള്ളുന്നു...




പിന്നെ തിരുവോണം ഒക്കെ ആയിട്ട് ബ്ലോഗ് ഒന്നും ചെയ്യാന്‍ സമയം ഇല്ല. അതുകൊണ്ട് ഒരു ആശംസയില്‍ കാര്യങ്ങള്‍ ഒക്കെ ഒതുക്കുന്നു. സദ്യ ഒക്കെ പോയി തിന്നാന്‍ സമയം ആയി. അപ്പോ പിന്നെ കാണാം
ബൈ ബൈ...

തിങ്കളാഴ്‌ച, സെപ്റ്റംബർ 08, 2008

കഷ്ടപാടിന്റെ ഒരു ഓണസദ്യ

(ബംഗ്ലൂരിലെ ഒരു തിരുവോണ ദിവസം )

" എടാ തിരുവോണം ആയിട്ട് സദ്യ പോലും ഇല്ലാതെ എങ്ങനാ? " ഭക്ഷണത്തിന്റെ കാര്യത്തില്‍ മുമ്പില്‍ നില്‍കുന്ന ബാബുമോന്‍ രാവിലെ എഴുന്നെറ്റപ്പോള്‍ തന്നെ ഒരു ഭൂലോക പ്രശ്നം ഞങ്ങളുടെ മുന്നിലേക്ക് ഉരുട്ടി വിട്ടു.

"അതിനെന്താ നമുക്ക് ഒരു സദ്യ അങ്ങ് വെച്ചുകളയാം. എന്തായാലും ഇന്ന് ഓഫീസില്‍ പോവണ്ടല്ലോ . " കൊച്ചേട്ടന്‍ ഒരു മൂലക്ക് പത്രത്തിന്നു കണ്ണെടുക്കാതെ പറഞ്ഞു.

"പക്ഷെ സദ്യ എന്നൊക്കെ പറഞ്ഞ കുറെ സമയം എടുക്കില്ലേ ? എനിക്കാന്നെ വിശന്ന് ഇരുന്നാല്‍ ഉറക്കം വരാത്ത അസുഖം ഉള്ളതാ.. " ആരുടേയോ ഒരു ബ്രഷ് ഒക്കെ തപ്പി പിടിച്ചു ടിന്റുമോന്‍ പല്ലു തേച്ചുകൊണ്ട് (തേക്കുനത്പോലെ കാണിച്ചു എന്ന് വേണം പറയാന്‍ ) പറഞ്ഞു .

"നമുക്കൊരു 5- 6 കറി ഉണ്ടാക്കണം , എന്നാലെ സദ്യ ഒന്നു കൊഴുക്കു" "വേണെങ്കി ഒരു പായസവും ഉണ്ടാക്കാം" സദ്യയുടെ കാര്യം ഒക്കെ കേട്ടു ഉറക്കം ഉണര്‍ന്ന ഞാന്‍ അഭിപ്രായങ്ങളുടെ കുത്തൊഴുക്കില്‍ പിന്തള്ളപ്പെടാതിരിക്കാനായി അങ്ങ് തള്ളി വിട്ടു.

"സദ്യ അല്ല നീയാ കൊഴുക്കുന്നെ.. ഇവിടെ പുളിശ്ശേരി വെക്കാന്‍ പോലും ഉള്ള സാധനങ്ങള്‍ ഇല്ല അന്നേരമാഅവന്റെ ഒരു 5-6 കറി ! വേണേ പോയി വല്ല സാധനവും മേടിച്ചോണ്ട് വാ ! ടോണിമോനും പങ്കു ചേര്‍ന്നു .
"എന്നാ വല്ല ലിസ്റ്റും ഉണ്ടാക്കികൊണ്ട് പോവാം, കടേ ചെന്ന് തപ്പെണ്ടല്ലോ."കൊച്ചേട്ടന്‍ മാനേജമെന്റിന്റെ ബാലപാഠങ്ങള്‍ അപ്ലൈ ചെയ്തു.
"അതൊക്കെ അവിടെ നിക്കട്ടെ, ആര് എന്ത് ചെയ്യുമെന്ന് ആദ്യം തന്നെ പറ, പിന്നെ അടി ഇടണ്ടല്ലോ. " സ്വതവേ മടിയനായ ടിന്റുമോന്‍ പറഞ്ഞു.
"എന്നാ ഞാന്‍ പാത്രം ഒക്കെ കഴുകാം" ബാബുമോന്‍ ചാടി വീണു.
"ഓ.കെ. ഞാന്‍ ചോറ് വെക്കാം,നിങ്ങള്‍ ഓരോ കറി വെച്ചോ" കൊച്ചേട്ടന്‍ പാചകത്തിന്റെ നേതൃത്വം എറ്റെടുത്തു.
"അപ്പൊ പായസമോ?" ഞാന്‍ നിഷ്കളങ്കതയോടെ ചോദിച്ചു.
"പായസമല്ല...ഓണമായിട്ട് എന്റെ വായിന്ന് ഒന്നും കേള്‍ക്കരുത്.." ടോണി മോന്‍ കലി തുള്ളികൊണ്ട് പറഞ്ഞു.
"എടാ വല്യ പാടൊന്നും ഇല്ല..പായസം ഉണ്ടാക്കാന്‍ ഒരു 45 മിനിട്ട് മതി" എല്ലാ കാര്യങ്ങളിലും നല്ല അറിവുള്ള(എന്സൈക്ലോപെഡിയ) ടിന്റുമോന്‍ തള്ളി വിട്ടു.
"ആ എന്നാ ശരി അതൂടെ മേടിക്കാം" കൊച്ചേട്ടന്‍ സമാധാനത്തിന്റെ വെള്ളകൊടി വീശി.(പിന്നെയാ മനസിലായത് കടേ പോവാന്‍ ഷര്‍ട്ട്‌ ഇടുകയായിരുന്നു എന്ന്)
അങ്ങേനെ ഒരു 10.30 ആയപ്പോള്‍ സാധനങ്ങള്‍ ഒക്കെയായി കൊച്ചേട്ടനും ബാബുമോനും എത്തി.
"ആ ഇനി എല്ലാരും പോയി പണി ചെയ്യ്‌"
ബാബുമോന്‍ പത്രങ്ങള്‍ ഒക്കെ കഴുകി കഴിഞ്ഞപ്പോള്‍ എല്ലാവരോടും കൂടെ പറഞ്ഞു "എന്റെ പണി ഓക്കെ കഴിഞ്ഞിട്ടുണ്ട് ഇനി വേണേല്‍ നിങ്ങളായി നിങളുടെ പാടായി, ഞാന്‍ പോയി പടം കാണാന്‍ പോവാ,തുടങ്ങിയോ ആവോ...ദേവ്യേ..."
"അയ്യേ ഓണം അയിട്ട് വെള്ള അരി അന്നോടാ മണ്ടന്മാരെ മേടിച്ചോണ്ട് വന്നിരിക്കുനത്?" ടിന്റു മോന്‍ ദേഷ്യം ഒട്ടും ചോരാത്ത വിതത്തില്‍ പറഞ്ഞു.
"പിന്നെ നിന്റെ അമ്മാച്ചന്‍ അവിടെ കട തുറന്നു വെച്ചിട്ടുണ്ടോ? കടേല്‍ ഇതൊക്കെ ഉള്ളാരുന്നു" കൊച്ചേട്ടന്‍ അരി കഴുകികൊണ്ട് പറഞ്ഞു.
"എന്നാ ശരി എല്ലാരും പാചകറാണി (കൈരളി ടി വി) ലക്ഷ്മി ചേച്ചിയെ മനസ്സില്‍ ധ്യാനിച്ചോ." തീ കത്തിച്ചു കൊണ്ട് ടോണിമോന്‍ പറഞ്ഞു " ഓരോ എപിസോടും വിടാതെ കണ്ടതുകൊണ്ട് ഇപ്പൊ ഫലം ഉണ്ടായില്ലേ?"
"ലക്ഷ്മി ചേച്ചി കുളം ആക്കല്ലേ.."കടുക് വറുക്കാനിട്ടുകൊണ്ട് ഞാനും പറഞ്ഞു.
ഒരു അര മണിക്കൂര്‍ കഴിഞ്ഞു കാണും. കെമിസ്ട്രി ലാബിലെ അസിടുകളും അല്കലികളും കൂട്ടി ചേര്ക്കുമ്പോഴുണ്ടാവുന്ന ഒരു തരം അവശിഷ്ടവുമായിട്ട് വന്നു ടോണി മോന്‍ പറഞ്ഞു "ഇച്ചിരി കരിഞ്ഞു പോയെന്ന് തോന്നുന്നു, എന്നാലും നല്ല ടേസ്റ്റ് ഉണ്ട്"
(ബാബു മോന്‍ അല്പം എടുത്തു വായിലോട്ട് വെച്ചിട്ട് ടോയ് ലെറ്റ് ലക്ഷ്യമാക്കി ഓടുന്നത് കണ്ടോ എന്നൊരു സംശയം )
"ആ മതി മതി നിന്റെ ഒക്കെ പരീക്ഷണം, ഇനി ഞാന്‍ പയര്‍ കറി(പരിപ്പ് ആണെന്ന് തോന്നുന്നു) ഉണ്ടാക്കട്ടെ." ടിന്റു മോന്‍ പറഞ്ഞു.
വീണ്ടും ഒരു അര മണിക്കൂര്‍ കഴിഞ്ഞു കാണും , കറുത്ത ഒരു ദ്രാവകവുമായി ടിന്റു മോനും പ്രത്യക്ഷപെട്ടു എന്നിട്ട് ഒരു ചെറിയ ചിരിയോടെ " മുളക് പൊടി അല്പം കൂടി പോയെന്ന് തോന്നുന്നു"
"ദൈവമേ! പരിപ്പിനകത്താന്നോടാ മുളക് പൊടി? ലക്ഷ്മി ചേച്ചി... ചതിച്ചല്ലോ!",ഞാന്‍ ആരോടെന്നില്ലാതെ പറഞ്ഞു പോയി.
"അതിനെന്താ ഞങ്ങളുടെ നാട്ടിലൊക്കെ ഇങ്ങനെയാ..ഇതു പരിപ്പ് കറിയാ.." ടിന്റു മോന്‍ പറഞ്ഞു.
"ശരി വേറെ തോരന്‍ വല്ലോം ഉണ്ടാക്കുന്നേ ഉണ്ടാക്ക്, ഞാന്‍ പായസം വെക്കാന്‍ പോവാ" എന്ന് പറഞ്ഞു ഞാന്‍ 'ഓണത്തിന് 150 വിഭവങ്ങള്‍ 'എന്ന പുസ്തകം തുറന്നു. ഞാനും സഹായിക്കാം എന്ന് പറഞ്ഞു കൊച്ചേട്ടനും എന്റെ കൂടെ കൂടി.
വീണ്ടും ഒരു അര-മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞു. ഏഷ്യാനെറ്റിലെ സിനിമയുടെ ശബ്ദം ബാക്ക് ഗ്രൗണ്ടില്‍ മുഴങ്ങുന്നുണ്ടായിരുന്നു. മനസ്സിനെ എകാഗ്രം ആക്കി ഞങ്ങളും ഒരു കെമിക്കല്‍ റിയാക്ഷനിലൂടെ പായസം ഉണ്ടാക്കി എടുത്തു.
"അത്രേം ഒക്കെ മതി, ബാക്കി ചമ്മന്തിപൊടിയും മീന്‍ അച്ചാറും വെച്ചു അഡ്ജസ്റ്റ് ചെയ്യാം" ഞാന്‍ പറഞ്ഞു.
"ഇനി നമുക്ക് സദ്യ തുടങ്ങാം..."
ഏകദേശം 2 മണി ആയി കാണും. അപ്പോഴാണ് എല്ലാവരും ഓര്‍ത്തത്‌ , സദ്യ കഴിക്കാന്‍ പറ്റിയ പാത്രങ്ങള്‍ ഒന്നും ഇല്ല!
"അല്ലേലും സദ്യ വാഴ ഇലയില്‍ കഴിക്കണ്ടേ? " ടോണി മോന്‍ പറഞ്ഞു. "ആ എന്നാ പോയി വാഴയില മേടിച്ചോണ്ട് വാ. നാട്ടില്‍ ആയിരുന്നേല്‍ വല്ലോന്റെ പറമ്പില്‍ നിന്നും വെട്ടമാരുന്നു,ഇതിപ്പോ എവിടെ എന്ന് പറഞ്ഞാ? "
ഉടനെ തന്നെ എല്ലാവരും നാല് പാടും ഓടി. കുറെ നേരം അലഞ്ഞു നടന്നിട്ടും എങ്ങും വാഴയിലയുടെ പൊടി പോലും കിട്ടിയില്ല. അവസാനം ബാബുമോന്‍ കുറെ പേപ്പര്‍ പ്ലേറ്റുമായി വന്നു."സാരമില്ല ഇതു വെച്ചു അഡ്ജസ്റ്റ് ചെയ്യാം" ചോറ് വിളമ്പി കൊണ്ട് അവന്‍ പറഞ്ഞു.
"ഫ് ത് ത്തൂ ...എന്തോന്നാടാ ഇത് " പരിപ്പ് രുചിച്ചു കൊണ്ട് കൊച്ചേട്ടന്‍ അലറി.
"സാരമില്ല ബാക്കി ഒക്കെ വെച്ചു അഡ്ജസ്റ്റ് ചെയാം" ഈ അഡ്ജസ്റ്റ് ചെയ്യുന്നതില്‍ മലയാളികളെ പോലെ വേറെ ആരും ഇല്ലെന്നു തെളിയിച്ചുകൊണ്ട് ടിന്റുമോന്‍ പറഞ്ഞു.
തട്ട് കേടു മനസിലാക്കി ബാബുമോന്‍ പറഞ്ഞു " ഞാന്‍ എന്തായലും കൈരളി ഹോട്ടലില്‍ പോയി കഴിക്കാന്‍ പോവാ.. ആരേലും വരുന്നേ വാ" .

എന്തായലും 3 മണി ആയിട്ടും ഹോട്ടലില്‍ ഓണസദ്യ തീരാത്തതിനാല്‍ ഒരു തിരുവോണത്തിന് പട്ടിണി കിടക്കാതെ രക്ഷപെട്ടു!

വെള്ളിയാഴ്‌ച, സെപ്റ്റംബർ 05, 2008

ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറുടെ ചിന്തകള്‍

"ഇതു തിങ്കളാഴ്ചക്ക് മുമ്പെ തീര്‍ക്കണം" ഒരു മൊഡ്യൂള്‍ മുഴുവനും എന്റെ മോളിലോട്ട് ഇട്ടിട്ട് പി. എല്‍ . എന്തൊക്കെയോ മനസ്സില്‍ ഉറപിച്ചത് പോലെ പറഞ്ഞു.
"ആ എനിക്ക് മനസ്സിലായി , ശനിയും ഞായറും വരണമെന്ന് അല്ലെ ഉദേശിച്ചത്?" ഉം ഉം നടന്നത് തന്നെ എന്ന ഒരു പുച്ഛത്തോടെ ഞാന്‍ തലയാട്ടി .
വെറുതെ കിടന്ന കൂര്‍ക്കം വലിച്ചു ഉറങ്ങാമെന്ന് വിചാരിച്ചപ്പോഴാ അങ്ങേരുടെ ഒരു പണി! അല്ലേലും ഈ വെള്ളിയാഴ്ച എന്ന് പറഞ്ഞാല്‍ ഇങ്ങനെയാ... അറ്റ് നോറ്റിരുന്നു ഒരു വീക്കെന്ട് വരുമ്പോഴാ അന്നേരം ഒരു പണി..ഇങ്ങേര്‍ ചെയ്യുന്ന പ്രോഗ്രാം എല്ലാം ബഗ് കേറി നശിക്കട്ടെ! ഞാന്‍ മനസ്സില്‍ പ്രാകി .
തിരിച്ചു എന്റെ സീറ്റിലേക്ക് നടക്കുമ്പോള്‍ എനിക്ക് തോന്നി നൈമിഷികമായ ഈ ജീവിതത്തില്‍ പ്രോഗ്രാം ചെയ്തു കളയാനുള്ളതാണോ ഒരു വീക്കെന്ട് ! ഇപ്പൊ തന്നെ ഇതൊക്കെ ഇട്ടെറിഞ്ഞിട്ട് വല്ല ദേശാടനത്തിനും
പോയാലോ...എന്റെ ചിന്തകള്‍ കാടും മലയും ഒക്കെ കടന്നു അവിടെ ഉള്ള പുഴയില്‍ ചെന്നു വീണു കുളിക്കാന്‍ തുടങ്ങി.
അല്ലെങ്കില്‍ അങ്ങാടിയില്‍ തോറ്റതിന് എന്തിന് അമ്മയോട്? അങ്ങേര്‍ക്ക് ഇട്ടോരു പണി കൊടുത്താല്‍ പോരെ?
ഇരുട്ടടി കൊടുത്താലോ? അതാവുമ്പോ ആളെ തിരിച്ചറി‌കേം ഇല്ല അങ്ങേരു 2-3 മാസം കിടപ്പില്‍ ആവുകേം ചെയ്യും. പക്ഷെ അതിന് പറ്റിയ ക്വട്ടേഷന്‍ സംഘങ്ങളെ എവിടുന്ന കിട്ടുന്നത്? എനിക്കാന്നെ ഈ വക കാര്യങ്ങളില്‍ ഒരു പിടിയും ഇല്ല( ഞാന്‍ വെറും കുഞ്ഞാട് അല്ലെ!)
പിന്നെ വിചാരിച്ചു ടീമിലെ ജഗജില്ലനായ മറ്റൊരു മലയാളിയുടെ (എന്‍ദാസ് എന്നാ പേര് ) സഹായം തേടാമെന്ന്.
ഞാന്‍ പോയി അവനോട് കാര്യം അവതരിപ്പിച്ചു. അങ്ങനെ ആണെന്കില്‍ ഇതു പോലെ ചിന്തിക്കുന്ന 2-3 പേരുണ്ട് ,അവരുടെ സഹായം കൂടെ തേടാമെന്ന് അവന്‍ !
ഉടനെ തന്നേ ഞങ്ങള്‍ എല്ലാവരും കൂടെ ഒരു ബദല്‍ ടീം മീറ്റിങ്ങ് ആരംഭിച്ചു.

"ക്വട്ടേഷന്‍ ഒക്കെ അകത്താവുന്ന കേസാ, വേനെമെങ്കില്‍ വല്ല വയറിളക്കതിനുള്ള മരുന്ന് മേടിച്ചു കൊടുക്കാം ...അതാവുമ്പോ ആരും സംശയിക്കുകേം ഇല്ല 2-3 ദിവസത്തേക്ക് അങ്ങേരു വരുകേം ഇല്ല..." മുത്തു അണ്ണന്‍ ഐഡിയ വിളമ്പി .
അര മണിക്കൂര്‍ ചര്ച്ച ചെയ്തിട്ടും എങ്ങും എത്താത്തതിനാല്‍ ഇനി ചര്ച്ച ചെയ്യുന്നതിനേക്കാള്‍ പോയി പറഞ്ഞതു ചെയ്യുന്നതാരിക്കും എളുപ്പം എന്ന് എന്‍ദാസ് പറഞ്ഞു. ( മറ്റുള്ളവരുടെ ധര്‍മ സങ്കടത്തെ കുറിച്ച് അവനെന്തറിയാം!)
എല്ലാ ടീം മീറ്റിങുകളെയും പോലെ ഒരു തീരുമാനവും ആകാതെ നമ്മള്‍ പിരിയാന്‍ തീരുമാനിച്ചു.
ശോ! ഇനിയും രണ്ട് ദിവസം കുത്തി ഇരുന്നു ഇതു ചെയ്യേണ്ടി വരുമല്ലോ ! എത്രെ എത്രെ പടങ്ങള്‍ കണ്ടു തീര്ക്കാനുള്ളതായിരുന്നു...
ഈ ആഴ്ച എന്നെ കണ്ടില്ലേല്‍ PVR -കാരുടെ ഓരോരോ അര്ത്ഥം വെച്ചുള്ള ചോദ്യത്തിന് ഞാന്‍ എന്ത് മറുപടി പറയും? ഐനോക്സുകാര്‍ ഒരു പക്ഷെ മുഖത്ത് നോക്കി പറയില്ലാരിക്കും. പക്ഷെ ആഴ്ചയില്‍ എന്റെ ഒരു വിഹിതം അവര്ക്കു കൊടുത്തോളാമെന്നുള്ള എന്റെ നേര്‍ച്ച ! ദൈവമേ.....
ഞാന്‍ പതിയെ പ്രോഗ്രാം ചെയ്യാന്‍ ആരംഭിച്ചു. പതിയെ വിന്ഡോസ് അതിന്റെ തനി കുണം കാണിച്ചു....
എല്ലാം ഹാങ്ങ്‌ ആയി നിന്നു . ഞാന്‍ CPUവിനിട്ടൊരു തട്ടൊക്കെ കൊടുത്തു.
നല്ല പോലെ പണി എടുക്കണമെങ്കില്‍ നല്ല സിസ്റ്റം തരാന്‍ പഠിക്കണം...ഇതാണെന്കില്‍ മനുഷ്യനെ മെനെക്കെടുത്താന്‍...!!
ദൈവമേ എനിക്കുള്ള ഫുഡ് എല്ലാം ആക്രാന്തം മൂത്തിരിക്കുന്ന എന്റെ റൂം മേറ്റ്സ് തിന്നു തീര്‍ക്കുമല്ലോ...വിശന്നിട്ടു കണ്ണ് കാണാനും മേലാ..
ഭക്ഷണത്തിന്റെ കാര്യം ഓര്‍ത്തപ്പോള്‍ പിന്നെ എനിക്ക് പിടിച്ചു നില്ക്കാന്‍ ആയില്ല...
എല്ലാ ദേഷ്യവും മനസ്സില്‍ ഒതുക്കി ഞാന്‍ ഡെസ്കില്‍ ആഞാഞ് ഇടിച്ചു
ഡും ഡും ഡും
"ഹയ്യോ എന്നെ കൊല്ലുന്നേ...!!"ഒരു നിലവിളി ആയിരുന്ന്നു !! അത് കെട്ട് ഞാന്‍ ഞെട്ടി ഉണര്‍ന്നു.
പുറവും തടവിക്കൊണ്ട് എന്റെ അടുത്ത് കിടന്നിരുന്ന ബാബുമോന്‍ എന്നെ നോക്കി ദയനീയമായി ചോദിച്ചു
"എന്തിനാടാ മഹാപാപി എന്നെ കൊല്ലാന്‍ നോക്കിയത്! "
അങ്ങനെ വീണ്ടും ഒരു ശനിയാഴ്ച രാവിലെ എഴുനെല്‍ക്കേണ്ടി വന്നു.....



വ്യാഴാഴ്‌ച, സെപ്റ്റംബർ 04, 2008

ഒരു യാത്രയുടെ അന്ത്യം

"പ്ലാശ്നാലേക്ക് പോകുന്ന 12 no വള്ളി സ്റ്റാന്‍ഡിന്‍റെ ഇടതു ഭാഗത്ത് പാര്‍ക്ക്‌ ചെയ്‌തിരിക്കുന്നു" ... ഈ അനൌണ്‍സ്മെന്റ് കേട്ടാണ് ഞാന്‍ കണ്ണ് തുറന്ന് നോക്കിയത്…അതാ ബസ്സ് പാലാ സ്റ്റാന്‍ഡില്‍ എത്തിയിട്ട് 5 മിനിട്ട് കഴിഞ്ഞെന്നു തോന്നുന്നു. ഞാന്‍ വേഗം എന്‍റെ ബാഗുമായി ബസ്സില്‍ നിന്നിറങ്ങി . ഉറങ്ങി പോയിട്ടും ഒന്നു വിളിച്ചുണര്ത്തേണ്ട മര്യാദ കാണിക്കാത്ത കണ്ടക്ടറെ ഞാന്‍ സൂക്ഷിച്ച് ഒന്നു നോക്കി. നി ഇനിയും തിരിച്ച് ഈ ബസ്സില്‍ കേറുമല്ലോ അപ്പോള്‍ നിന്നെ ഞാന്‍ എടുത്തോളാം എന്ന രീതിയില്‍ അയാള്‍ തിരിച്ചും.


ഹോ! ഇനി ടിന്‍്റു മോന്‍്റെ വീട്ടില്‍ എത്തണമെങ്കില്‍ കുറെ സമയം ആകുമല്ലോ… ഞാന്‍ ആണെങ്കില്‍ ഉച്ച ഊണിന് അങ്ങ് എത്തിയേക്കാമെന്ന് പറഞ്ഞും പോയി. ഞാന്‍ മനസ്സില്‍ ഓര്‍ത്തു.


വള്ളികള്‍ മാനേജ് ചെയ്യുന്ന ചേട്ടന്‍്റെ അടുത്ത ചെന്ന ഞാന്‍ ചോദിച്ചു. "ചേട്ടാ പ്ലാശ്നാല്‍ വരെ ഒന്നു പോണം.വള്ളി റെഡി അല്ലെ "എന്ന്.


അതിനെന്താ മോനേ ഇന്നാ കേറിക്കോ എന്ന മട്ടില്‍ ഒരു വള്ളി പുള്ളികാരന്‍ എന്‍്റെ കയ്യിലേക്ക് എടുത്തു തന്നു. സര്‍വ്വ ദൈവങ്ങളേയും മനസ്സില്‍ ധ്യാനിച്ച് ഞാന്‍ ഒരു ചാട്ടം.

ഓ..ഓ..ഓ..ഓ..(ഇവിടെ ടാര്‍സനെ പോലെ ശബ്ദം ഉണ്ടാക്കുക)

ഒരു 5 മിനിട്ട് കഴിഞ്ഞു കാണും. ഞാന്‍ അതാ അപ്പുറത്തെ കരയില്‍ എത്തി നില്കുന്നു. അടുത്ത് കണ്ട ചായക്കടയില്‍ ഞാന്‍ പോയി ചോദിച്ചു "ചേട്ടാ ഈ ടിന്റു മോന്റെ വീടേതാ?"

ഒരു എമണ്ടന്‍ മല ചൂണ്ടി കാണിച്ചു അങ്ങേരു പറഞ്ഞു : "ദാ കാണുന്ന ചെറിയേ മല കേറി ഇറങ്ങിയാല്‍ ആദ്യം കാണുന്ന വീടാ."

ടിന്റു മോന്റെ വീട് സന്ദര്‍ശിക്കാം എന്ന പറഞ്ഞു പോയ നിമിഷത്തെ ശപിച്ചു കൊണ്ട് ഞാന്‍ മല കേറാന്‍ ആരംഭിച്ചു.

ഹോയ്യാരാ ഹോയ്യാരാ (ഇതു മീന്‍പിടുത്തക്കാര്‍ പാടുന്നതാണെങ്കിലും ഈ സന്ദര്‍ഭത്തിനു യോജിച്ചത് ആണെന്ന് തോന്നിപോയി )

ഏകദേശം അര മണിക്കൂര്‍ നടന്നു കാണും..ദാ നില്ക്കുന്നു ടിന്റു മോന്‍ അവന്റെ വീടിനു മുമ്പില്‍ !! ഓടി ചെന്നു കെട്ടി പുണരുന്നതിനിടയില് അവന്‍ ചോദിച്ചു "യാത്ര ഒക്കെ സുഖമായിരുന്നോ? " ഇതില്‍ പരം എന്ത് സുഖം എന്ന പറഞ്ഞു കൊണ്ട് വിശക്കുന്നു എന്ന അര്‍ത്ഥത്തില്‍ ഞാന്‍ വയര്‍ തിരുമ്മി കാണിച്ചു( അവന് മനസ്സിലായെന്നുതോന്നുന്നു)

എന്തായാലും അല്‍പ സമയത്തിനകം ഓരോരോ വിഭവങ്ങള്‍ എന്റെ മുമ്പില്‍ പ്രത്യക്ഷ പെടാന്‍ തുടങ്ങി. കുറെ നേരം ആയിട്ടും മറ്റവനെ കാണാഞ്ഞിട്ട് ഞാന്‍ ടിന്റു മോന്റെ അമ്മയോട് ചോദിച്ചു "ആന്റി മറ്റവന്‍ ഇല്ലേ ?"

"ആരുടെ കാര്യമാ മോനിപ്പറയുന്നേ?" ആന്റി ഒന്നും മനസ്സിലാവാത്ത ഭാവത്തില്‍ പറഞ്ഞു.

"അല്ല ഇങ്ങോട്ട് വിളിച്ചപ്പോള്‍ ടിന്റുമോന്‍ എന്തൊക്കെയോ തരാമെന്നു വാഗ്ദാനം ചെയ്തിരുന്നു" ഞാനും വിട്ടുകൊടുത്തില്ല.

"ഓഹോ അതിനെന്താ , ഇപ്പൊ കൊണ്ടുവരാം " ആന്റി വേഗം അടുക്കളേലോട്ട് പോയി.

മടങ്ങി വന്നപ്പോള്‍ കുറെ പാത്രങ്ങളും ഉണ്ടായിരുന്നു ആന്റിയുടെ കയ്യില്‍. ഒരു കുപ്പിം വെള്ളവും എന്റെ മുമ്പില്‍ വെച്ചിട്ട് " ഇതാരുന്നെ നേരത്തെ അങ്ങ് പറഞ്ഞൂടാരുന്നോ " എന്നൊരു ചോദ്യവും.

ഞാന്‍ ആകെ ഇളിഭ്യനായി പോയി. ഞാന്‍ ചോദിച്ചത് വെറും പന്നി ഇറച്ചിയുടെ കാര്യമാ എന്ന് ആന്റിയെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ കുറെ പാടുപ്പെട്ടു. പിന്നെ അധിക സമയം ഞാന്‍ അവിടെ നിന്നല്ല. രാത്രി അവിടെ തങ്ങണം എന്നുള്ള മോഹം ഒക്കെ ഉപേക്ഷിച്ചു തിരിച്ചു പോകാനുള്ള വള്ളി പിടിക്കാനായി ഞാന്‍ ഓടി.

ഒരു വിവര്‍ത്തനം

ഞാന്‍ ഒരിക്കല് ലോകം വാണിരുന്നു
എന്റെ ആഞ്ഞയില്‍ കടലുകള്‍ ഉയരുമായിരുന്നു
ഇപ്പോള്‍ ഞാന്‍ രാവിലെ തനിയെ തൂക്കുന്നു
സ്വന്തം തെരുവുകള്‍ ഞാന്‍ തൂക്കുന്നു

ഞാന്‍ ഒരിക്കല്‍ ചൂത് എറിഞ്ഞിരുന്നു
ശത്രുക്കളുടെ കണ്ണിലെ ഭയം ഞാന്‍ അറിഞ്ഞു
കേള്‍ക്ക ! ജനങ്ങള്‍ പാടുന്നത്
"ഇപ്പോള്‍ പഴയെ രാജന്‍ മരിച്ചു! രാജാവ് നിനണാള്‍ വാഴട്ടെ!
ഒരു നിമിഷം താക്കോല്‍ എന്റെ കയ്യില്‍
അടുത്തതില്‍ എല്ലാ ഭിത്തികളും എന്റെ നേരെ
എന്നിട്ട് ഞാന്‍ കണ്ടുപിടിച്ചു, എന്റെ കോട്ടകള്‍ എല്ലാം
നില്ക്കുന്നു ഉപ്പ് തൂണില്‍, മണ്ണ് തൂണില്‍!

ഞാന്‍ കേള്‍കുന്നു യെരുസലേം മണി മുഴക്കം
റോമിലെ കുതിരപ്പട ഗായകസംഘം പാടുന്നു
എന്റെ കണ്ണാടിയും വാളും പരിചയും ആവു!
വിദേശ പാടത്തിലെ എന്റെ മിഷനറിമാര്‍ ആവു!

വിവരിക്കാന്‍ പറ്റാത്ത കാരണത്താല്‍
ഒരിക്കല്‍ നി പോയാല്‍, ഒരിക്കലുമില്ല
ഒരിക്കലുമില്ല സത്യസന്ധമായ ഒരു വാക്ക്
അത് ഞാന്‍ ലോകം വാണപ്പോള്‍ ആയിരുന്നു

അതൊരു ചീത്തയും വന്യവുമായ കാറ്റയിരുന്നു
എന്നെ അകത്തു കയറ്റാന്‍ എല്ലാ വാതിലുകളും തകര്ത്തു കളഞ്ഞു
ഉടഞ്ഞ ജനാലകള്‍ ,ചെണ്ടയുടെ ശബ്ദം
ജനങ്ങള്‍ ഞാന്‍ ആരയെന്നുള്ളത് വിശ്വസിച്ചില്ല
വിപ്ലവകാരികള്‍ കാത്തിരിക്കുന്നു
വെള്ളി താളത്തില്‍ എന്റെ തലക്കായി
ഏകാന്തമായ വള്ളിയിലെ വെറുമൊരു പാവ
ഓ ആര്‍ക്ക് എപ്പോഴെങ്കിലും രാജാവാകണം!

ഞാന്‍ കേള്‍കുന്നു യെരുസലേം മണി മുഴക്കം
റോമിലെ കുതിരപ്പട ഗായകസംഘം പാടുന്നു
എന്റെ കണ്ണാടിയും വാളും പരിചയും ആവു!
വിദേശ പാടത്തിലെ എന്റെ മിഷനറിമാര്‍ ആവു!
വിവരിക്കാന്‍ പറ്റാത്ത കാരണത്താല്‍
എനിക്കറിയാം പത്രോസ് പുണ്യാളന്‍ എന്റെ പേരു വിളിക്കില്ല
ഒരിക്കല്‍ പോലുമില്ല സത്യസന്ധമായ ഒരു വാക്ക്
പക്ഷെ അത് ഞാന്‍ ലോകം വാണപ്പോള്‍ ആയിരുന്നു

ഞാന്‍ കേള്‍കുന്നു യെരുസലേം മണി മുഴക്കം
റോമിലെ കുതിരപ്പട ഗായകസംഘം പാടുന്നു
എന്റെ കണ്ണാടിയും വാളും പരിചയും ആവു!
വിദേശ പാടത്തിലെ എന്റെ മിഷനറിമാര്‍ ആവു!
വിവരിക്കാന്‍ പറ്റാത്ത കാരണത്താല്‍
എനിക്കറിയാം പത്രോസ് പുണ്യാളന്‍ എന്റെ പേരു വിളിക്കില്ല
ഒരിക്കല്‍ പോലുമില്ല സത്യസന്ധമായ ഒരു വാക്ക്
പക്ഷെ അത് ഞാന്‍ ലോകം വാണപ്പോള്‍ ആയിരുന്നു
===================================
ഇതു "കോള്‍ഡ് പ്ലേ " മഹാ കവിയുടെ "വിവ ലാ വിട " എന്ന കവിതയുടെ മലയാള വിവര്ത്തനം ആണ്.
നിങ്ങള്ക്ക് മനസ്സിലകുവനായി യഥാര്‍ത്ഥ കവിത താഴെ കൊടുക്കുന്നു :

I used to rule the world
Seas would rise when I gave the word
Now in the morning I sleep alone
Sweep the streets I used to own

I used to roll the dice
Feel the fear in my enemy's eyes
Listen as the crowd would sing
"Now the old king is dead! Long live the king!"
One minute I held the key
Next the walls were closed on me
And I discovered that my castles stand
Upon pillars of salt and pillars of sand

I hear Jerusalem bells are ringing
Roman Cavalry choirs are singing
Be my mirror, my sword and shield
My missionaries in a foreign field
For some reason I can't explain
Once you go there was never
Never an honest word
And that was when I ruled the world


It was the wicked and wild wind
Blew down the doors to let me in
Shattered windows and the sound of drums
People couldn't believe what I'd become
Revolutionaries wait
For my head on a silver plate
Just a puppet on a lonely string
Oh who would ever want to be king?
I hear Jerusalem bells a ringing
Roman Cavalry choirs are singing
Be my mirror, my sword and shield
My missionaries in a foreign field
For some reason I can't explain
I know Saint Peter won't call my name
Never an honest word
But that was when I ruled the world

I hear Jerusalem bells are ringing
Roman Cavalry choirs are singing
Be my mirror, my sword and shield
My missionaries in a foreign field

For some reason I can't explain
I know Saint Peter won't call my name
Never an honest word
But that was when I ruled the world

ബുധനാഴ്‌ച, സെപ്റ്റംബർ 03, 2008

ഇന്ന് അവധി

ഇന്ന് ഗണേഷ് ചതുര്‍ത്ഥി പ്രമാണിച്ച് അവധി ആയതിനാല്‍ ബ്ലോഗിന് മുടക്കം അയിരിക്കുമെന്ന് അറിയിച്ചുകൊള്ളുന്നു.

ചൊവ്വാഴ്ച, സെപ്റ്റംബർ 02, 2008

ഇങ്ങനെയും ഒരു സെക്കണ്ട് ഷോ!!

രാത്രി 7 മണി ആയി കാണും. വെറുതെ ഇരുന്ന കൂട്ടത്തില്‍ ആരോ പറഞ്ഞു “നമ്മുക്ക് ഒരു സിനിമക്കു പോയാലോ?” ഇപ്പോ പോയാല്‍ 9.30 ക്ക് പടം തുടങ്ങുന്നതിനു മുമ്പ് തിരുവനന്തപുരത്ത് എത്താം.”
അതിനു കാശു വേണ്ടേ?? ശ്രീക്കുട്ടന്‍്റെ വകയായിരുന്നു ചോദ്യം.
“വാടകയ്ക്കുകൊടുക്കാനുള്ള പൈസായുടെ കാര്യം മറന്നു പോയോ?” പുഞ്ചിരി ഓര്‍മിപ്പിച്ചു.
“ശരി എന്നാ ഇപ്പൊ തന്നെ വിട്ടുകളയാം” ഞാന്‍ പറഞ്ഞു.
“ഞാന്‍ കുളിച്ചിട്ടേ എങ്ങോട്ടുമുള്ളു” മോള് പറഞ്ഞു.
“നിനക്ക് അല്ലേലും ഉള്ള സൊക്കേടാ” പാന്‍്റ് വലിച്ചു കേറ്റുന്നതിനിടയില്‍ ശ്രീക്കുട്ടന്‍ പറഞ്ഞു “എങ്ങോട്ടേലും പോവുമ്പോഴാ അവന്‍്റെ ഒരു കുളി”.
പതിനഞ്ച് മിനിറ്റ് കഴിഞ്ഞു ബസ്സ് സ്റ്റാന്ഡില്‍ എത്തിയപ്പോഴാണ് എല്ലവര്ക്കും ഒരു കാര്യം ബോധ്യം വന്നത്: ബസ്സ് ടിക്കെറ്റ് എടുത്താല്‍ സിനിമയുടെ ഇടക്ക് കടല പോലും മേടിക്കാനുള്ള കാശില്ല.
അപ്പോളാണ് മോള് തന്റെ ഐഡിയയുമായി രംഗത്ത് വന്നത് … “എന്തിന് ബസ്സില്‍ പോണം? നല്ല ഒന്നാന്തരം ട്രയിന്‍ കിടക്കുമ്പോള്‍? ട്രയിന്‍ അവുമ്പൊ ടിക്കെറ്റും എടുക്കണ്ടല്ലോ!
പിന്നെ ഒന്നും അലോചിച്ചില്ല നേരേ റയില്‍വേ സ്റ്റെഷനിലേക്ക് ഒരു ഓട്ടമായിരുന്നു..
“7.30ന്‍്റെ വഞ്ചിനാട് എക്സ്പ്രസ്സ് അല്പ സമയത്തിനകം പ്ളാറ്റഫോം No. 2 ല്‍ വരുന്നതായിരിക്കും”..
അനൗണ്‍സ്മെന്‍്റ കേട്ടു ഞാന്‍ ചോദിചു: “7.30 ന് പോയാ സമയത്തിന് അവിടെ എത്താന്‍ പറ്റുമൊ?? സിനിമ പകുതിക്കു കാണാന്‍ എന്നെ കിട്ടില്ല”.
“അപ്പോള്‍ നമ്മള്‍ സിനിമ കാണാന്‍ ആന്നൊ പോകുന്നെ??” അത്രെം നേരം മിണ്ടാതെ ഇരുന്ന വവ്വാലിന്റെ വക അയിരുന്നു ചോദ്യം.
എല്ലാരും അറിയാത്ത രീതിയില്‍ മുഖം തിരിച്ചു.
“നമ്മുക്ക് ബീച്ചില്‍ പോവാം, അവിടെ അവുമ്പൊ ടിക്കെറ്റ് എടുക്കണ്ടല്ലോ” മോള് അടിച്ചു വിട്ടു
“ എനിക്കു വയ്യ രാത്രി പോയി വെള്ളത്തില്‍ ചാടാന്‍ . വല്ലൊനും ഒഴുകി പോയല്‍ പോലും ആരും അറിയില്ല.” ശ്രീക്കുട്ടന്‍ ഉണര്‍ത്തിച്ചു.
അപ്പോ ദൈവ ദൂതനെ പോലെ അതാ വരുന്നു വഞ്ചിനാട് എക്സ്പ്രസ്സ്.
“എവിടെ പോണമെന്നൊക്കെ നമുക്ക് അവിടെ ചെന്ന് തീരുമാനിക്കം” ഞാന്‍ പറഞ്ഞു.
പിന്നെ ഒന്നും അലോചിച്ചില്ല എല്ലാരും ട്രയിനില്‍ ചാടി കേറി.
അപ്പോഴാണ് ശ്രീക്കുട്ടന്‍ ഒരു കാര്യം ഓര്‍ത്തത്: അരി തിളപ്പിക്കാന്‍ വെള്ളം വച്ചിട്ട് തീ കെടുത്താന്‍ മറന്ന് പോയത്രെ….
“ഈ ശ്രീക്കുട്ടനെ കൊണ്ട് തോറ്റു ! ഒരു കാര്യത്തിലും ഒരു ശ്രദ്ധയും ഇല്ല !“ മോള് പറഞ്ഞു.
“അതിനു നമുടെ ഗ്യാസ് തീര്‍ന്നിട്ട് രണ്ട് ദിവസ്സം ആയല്ലോ!!” വവ്വാല്‍ വീണ്ടും വചാലനായി .
വെറുതെ റ്റെന്‍ഷന്‍ അടിപ്പിച്ചതിന് ശ്രീക്കുട്ടനെ എല്ലാരും മനസ്സില്‍ പ്രാകി കൊണ്ടിരുന്നപ്പോള്‍ പുഞ്ചിരി തന്റെ കാമുകിയുമായി മൊബൈലില്‍ സൊള്ളാന്‍ തുടങി .
“അമ്മായമ്മക്കു പ്രസവ വേദന മരുമോക്ക് വീണ വായന..” ഞാന്‍ ഒരു പഴംചൊല്ല് ഒക്കെ അങ്ങു വെചു പിടിപ്പിച്ചു.
ട്രയിന്‍ കൊല്ലത്ത് എത്താറായി കാണും അതാ മുമ്പില്‍ നില്‍ക്കുന്നു ഉഗ്രരൂപിയായ ഭൂതത്തിനെ പോലെ ഒരാള്‍!
“എവിടെടാ നിന്‍്റെ ഓക്കെ ടിക്കെറ്റ്??” ഒരു അലര്‍ച്ച ആയിരുന്നു.
“സാര്‍ പൊറുക്കണം, തിരുവനന്തപുരത്ത് ഒരു പരീക്ഷ എഴുതാന്‍ പോവാ… ധൃതിയില്‍ ആയിരുന്നതിനാല്‍ ടിക്കെറ്റ് എടുക്കാന്‍ കഴിഞ്ഞില്ല…” മോള് നമ്പര്‍ അടിച്ചു നോക്കി.
“പാതി രാത്രിയല്ലെടാ നിന്‍്റെ ഒക്കെ" ടി ടി അലറി. “ഇങനെയുള്ള കുറെ അവന്‍മാരെ ഞാന്‍ കണ്ടിട്ടുണ്ട്”.
“എറ്റില്ല!” മോള് ഒരു ചമ്മലോടെ പറഞ്ഞു.
“സാര്‍ ബസ്സില്‍ പോവാന്‍ പൈസാ ഇല്ലത്തതു കൊണ്ടാ….ആകെ ഉള്ളതു വെറും 100 രുപയാ..” ശ്രീക്കുട്ടന്‍ പഴ്സ് തുറന്ന് കാണിച്ചു.” ഈ പ്രാവശ്യത്തേക്ക് മാപ്പാക്കണം”.
അവസാനം കൈയും കലാശവും ഒക്കെ പിടിച്ച് ശ്രീക്കുട്ടന്‍ കാര്യം സാധിച്ചു.
“ആ… ആ.. 100 രുപ,അതിങു തന്നേര്….പിന്നെ അരെലും ചോദിച്ചാല്‍ ടിക്കെറ്റ് ഉണ്ടെന്നു പറഞ്ഞാ മതി” : ടി ടി പറഞ്ഞു.
“ശരി സാര്‍, വളരെ ഉപകാരം” ശ്രീക്കുട്ടന്‍ പറഞ്ഞു
“അയ്യെ ഇത്രെം ഉള്ളാരുന്നോ?? ഹിഹി ” അങ്ങേരു പൊയ്കഴിഞ്ഞപ്പൊ ഞാന്‍ പറഞ്ഞു.
“അങ്ങേരു ഇവിടെ നിന്നപ്പൊ ഇതൊന്നും കണ്ടില്ലലൊ?” ശ്രീക്കുട്ടന്‍ ക്രുദ്ധിച്ചു.
മറുപടി ഒരു പുഞ്ചിരിയില്‍ ഒതുക്കി ഞാന്‍ പറഞ്ഞു “എനിക്ക് വിശക്കുന്നു”.
“ഫോണ്‍ റീച്ചാര്‍ജ്ജ് ചെയ്യാന്‍ പോയിട്ട് വെഷം മേടിക്കാന്‍ കയ്യീ പൈസാ ഇല്ല അപ്പൊഴാ അവന്റെ ഒരു വിശപ്പ്”. ഫോണ്‍ നിറുത്തി വെച്ചിട്ട് പുഞ്ചിരി പുച്ഛത്തോടെ പറഞ്ഞു.
“ആ എന്തായാലും ഇത്രെ ഒക്കെ ആയ സ്ഥിതിക്ക് സെക്കണ്ട് ഷോ തുടങുന്നതിനു മുമ്പു നമ്മളങ് എത്തുമാരിക്കും” വവ്വാല്‍ പറഞ്ഞു.
എന്നും താമസിക്കുന്ന ട്രയിന്‍ ദൈവാധീനം പോലെ 9.25 അയപ്പോ തിരുവനന്തപുരത്ത് എത്തി.
“രക്ഷപെട്ടളിയാ” മോള് സന്തോഷം കൊണ്ട് തുള്ളിചാടി
“തുള്ളികൊണ്ട് അവിടെ നിന്നോ ഇനി ടിക്കെറ്റ് കിട്ടത്തില്ല” ശ്രീക്കുട്ടന്‍ ട്രയിനില്‍ നിന്ന് ചാടിക്കൊണ്ട് പറഞ്ഞു.
“വാടാ നമുക്ക് തിയറ്റര്‍ വരെ ഒടാം ഓട്ടോക്ക് പൈസാ കൊടുക്കണ്ടല്ലൊ…” ഞാന്‍ ഇടപെട്ടു “പെട്ടന്ന് വാ”.
ഓടി ഓടി തിയറ്ററില്‍ എത്തി കൃത്യം 9.30.
“ഇവിടെ ഒരു മാനെം മാഞ്ചാതിയെം കാണുന്നില്ലല്ലോ?? ഇനി ഷോ തുടങിയൊ?? പുഞ്ചിരി ചോദിച്ചു.
“അതിനു പത്രത്തില്‍ നോക്കിയപ്പോള്‍ 9 30 നു ഷോ എന്നല്ലെ കണ്ടത്? ശ്രീക്കുട്ടന്‍ ചോദിച്ചു
വവ്വാല്‍ ഓടി ടിക്കെറ്റ് കൗണ്ടറില്‍ ചെന്ന് അവിടെ കണ്ട ചേട്ടനോട് ചോദിച്ചു “ചേട്ടാ ഒരു 5 ബാല്‍ക്കണി ടിക്കെറ്റ് താ".
"നിനക്കൊക്കെ കണ്ണും കാണില്ലേ??" ചേട്ടന്‍ പുച്ഛത്തോടെ പറഞ്ഞു. "ദാ ആാ എഴുതി വെച്ചെക്കുന്നത് നോക്ക് "
മോള് ദുഖത്തോടെ ആ സത്യം ഉറക്കെ വായിച്ചു."ഇന്ന് സെക്കണ്ട് ഷോ ഉണ്ടായിരിക്കുനതല്ല”.
“ഹാ! ഇനി ബീച്ചില്‍ പോവാം” ശ്രീക്കുട്ടനെയും മോളേയും സമാധാനിപ്പിക്കുന്നതിനിടയില്‍ ഞാന്‍ പറഞ്ഞു.

ആദ്യം കണ്ട ഓട്ടോക്കാരനെ കയ്യ് കാണിച്ചു പറഞ്ഞു “ചേട്ട 5 പേര്‍ ഉണ്ട്, ഏതെലും ബീച്ചിലോട്ട് വിട്ടോ…”.

തിങ്കളാഴ്‌ച, സെപ്റ്റംബർ 01, 2008

എന്റെ കന്നി ബ്ലൊഗ്

ഒരു ദിവസം ഓഫീസില്‍ ഉച്ച മയങ്ങുമ്പോള്‍ ഉണ്ടായ ഒരു തോന്നല്‍ ആണ് : എനിക്കും ബ്ലൊഗ് എഴുതണം
കണ്ട ചെമ്മാനും ചെരുപ്പുകുത്തിക്കും വരെ ബ്ലൊഗ് ഉള്ള ഈ കാലത്ത് നിരക്ഷരനയ ഈ സൊഫ്റ്റ്വെയെര്‍ എഞ്ചിനിയര്‍ക്കും ഒരു ബ്ലൊഗ് ഒക്കെ വേണ്ടേ? ഇല്ലെങ്കില്‍ കേരളത്തിന് അല്ലെ അതിന്റെ മോശം? അമേരികക്കാര്‍ എന്ത് വിചരിക്കും??
അങനെ ഓഫീസില്‍ തകര്‍ത്തു ബെഞ്ചില്‍ ഇരുന്നു പണി ചെയ്യുമ്പൊഴാണ് എനിക്ക് ഈ ആശയം ഉദിച്ചത്.
(ഹോ! എനിക്കും സ്വന്തമായി ഒരു ബ്ലൊഗ്… ഹെന്‍്റമ്മോ!!!)
പിന്നെ ഒരൊറ്റ വിചാരമേ ഉള്ളായിരുന്നു - എങനെയും ഒരു ബ്ലൊഗന്‍ ആവുക !! എത്ര എത്ര നൈറ്റ് ഔട്ടുകള്‍ … ഒടുവില്‍ ഞാനും ഒരു ബ്ലൊഗ് ഒക്കെ ആരംഭിച്ചു.
അപ്പോഴാണ് ഒരു കാര്യം എന്‍്റെ ശ്രദ്ധയില്‍ പെട്ടത് : ബ്ലൊഗ് തുടങുമ്പോള്‍ വേണ്ടത് ഒരു വിഷയമല്ലെ?
എന്റെ കയ്യില്‍ ആണെങ്കില് അതൊരെണ്ണം പോലുമില്ല എടുക്കാന്‍.
പിന്നെ എല്ലാ സോഫ്റ്റവെയര്‍ എഞ്ചിനിയര്‍മാരുടെയും അന്ന ധാതാവായ ഗൂഗിളില്‍ ഒരു സെര്‍ച്ച അങ്ങു വെച്ചു കൊടുത്തു.
അധികം താമസിച്ചില്ല.. വിഷയങ്ങള്‍ പെരുമഴ പോലെ പെയ്തു തുടങി
പിന്നെ ചെയ്യണ്ടിയിരുന്നത് എല്ലാ സോഫ്റ്റവെയര്‍ എഞ്ചിനിയര്‍മാരുടെയും ട്രൈഡ് മാര്‍ക്കായ പണി ചെയ്യുക എന്നുള്ളതാണ്:
“copy paste”!!
ഈ കോപി പെയ്സ്റ്റ് കാരണം ഒത്തിരി ബെസ്റ്റ് ഡെവലപ്പര്‍ അവാര്‍ഡ്സ് വാങ്ങിയ പരിചയം വെച്ചു പറയുകയാ ഇതുപൊലെ സുഖം ഉള്ള പരിപാടി വേറെ ഒന്നും ഇല്ല.
വല്ലൊനും കഷ്ടപെട്ട് എഴുതും നമ്മള് ഒരു ബട്ടണ്‍ അമര്‍ത്തി അതു പകര്‍ത്തും … പിന്നെ വിചാരിച്ചു എന്തിനാ അങനെ ഒക്കെ പ്ലഗിരിസം ചെയ്യുന്നെ?? ഇതൊക്കെ ആണെങ്കിലും ഇത്രെം കഷ്ടപ്പെട്ട് ഇതൊക്കെ ടൈപ്പ് ചെയ്തിട്ടും ഒരു ആശയം പോലും ഉദിക്കാതെ ഇരുന്നതു കൊണ്ട്
ഞാന്‍ എന്റെ കന്നി ബ്ലൊഗ് ഇവിടെ അവസനിപ്പിക്കുനു. നിങ്ങള്‍ തന്നെ തീരുമാനിക്കൂ ഞാന്‍ തുടര്‍ന്ന് എഴുതണോ എന്ന്.. എനിക്ക് ഉച്ച ഉറക്കത്തിനുള്ള സമയം ആയി.
Sms - സുകള്‍ അയെക്കെണ്ട ഫോര്‍മാറ്റ് BLOG വേണം അലെങ്കില്‍ BLOG വേണ്ട to 565758
നന്ദി നമസ്കാരം…