പേജുകള്‍‌

വെള്ളിയാഴ്‌ച, നവംബർ 07, 2008

കള്ളന്‍മാരുടെ കാവല്‍

ഇതു ഒരു പരീക്ഷ കാലത്തിന്‍റെ കഥയാണ്. ഞാനും, പുഞ്ചിരിയും, മോളും ശ്രീക്കുട്ടനും ഒക്കെ കൂടി ഒരു സുനിത ചേച്ചിയുടെ വീട്ടില്‍ വാടകക്ക് താമസിക്കുന്ന സമയം. സ്റ്റഡി ലീവ് ഓടിക്കൊണ്ടിരുന്നു. സാധാരണ സ്റ്റഡി ലീവ് ആയാല്‍ ഒരാഴ്ച വീട്ടില്‍ പോയി നിന്നിട്ട് പരീക്ഷ തുടങ്ങുന്നതിനു ഒരു 5 ദിവസം മുന്‍പ് തിരിച്ചു കോളേജില്‍ വരും. 5 മൊഡ്യൂള്‍ ഉള്ളത് 5 ദിവസം കൊണ്ടു തീര്‍ക്കണം എന്നുള്ളതാണു ഉദ്ദേശം. പക്ഷേ എല്ലാ പ്രാവശ്യവും അത് തലേദിവസം 5 മണിക്കൂര്‍ കൊണ്ടു തീര്‍ക്കാറാണു പതിവ്.
അങ്ങനെ ആ സ്റ്റഡി ലീവിനും പഠിക്കാനുള്ള ആഗ്രഹവും പേറിക്കൊണ്ടു പതിവു പോലെ വീട്ടില്‍നിന്നു താമസ്സിക്കുന്നിടത്തെയ്ക്ക് വണ്ടി കയറി.
സുനിത ചേച്ചിയും, ഭര്‍ത്താവും, അമ്മയും ഒക്കെ താഴത്തെ നിലയില്‍ ആണ് താമസിച്ചിരുന്നത്‌. ഞങ്ങള്‍ മുകളിലത്തെ നിലയിലും. ഞങ്ങള്‍ വല്ലപ്പോഴും ഒക്കെ അവിടെ പോയി വയറു നിറച്ചു കഴിക്കുമായിരുന്നു. അങ്ങനെ ഇരുന്നപ്പോഴാണ് അവര്‍ എല്ലാം കൂടി ഒരു തീര്‍ഥ യാത്രക്ക് പോവാന്‍ തീരുമാനിച്ചത്. ഒരു അഞ്ചാറു ദിവസത്തെ പരിപാടി. പോവുന്നതിനു മുന്‍പ് സുനിതചേച്ചി വന്നു ഞങ്ങളോട് കാര്യം പറഞ്ഞു. "മക്കളെ ഞങ്ങള്‍ എല്ലാവരും കുറെ ദിവസത്തേക്ക് ഒരു യാത്രക്ക് പോവാ, താഴെ ആരും ഉണ്ടാവില്ല. വീടൊക്കെ ഒന്നു നോക്കിക്കോണേ. കള്ളന്‍മാരുടെ ശല്യം ഒക്കെ ഉള്ള സ്ഥലമാ..."
അങ്ങനെ വീടൊക്കെ ഞങ്ങളെ വിശ്വസിച്ച് ഏല്‍പ്പിച്ചിട്ട് അവര്‍ യാത്ര ആയി. വിശ്വസിച്ച് ഏല്‍പ്പിച്ചെന്നു പറഞ്ഞാല്‍, അത്ര വിശ്വാസം ഒന്നും ഇല്ലാത്തതു കൊണ്ടു മുറി ഒക്കെ പൂട്ടി താക്കോല്‍ ഒന്നും തരാതെയാണ് പോയത്. രണ്ടു നിലയുടെയും ഇടയില്‍ ഒരു വാതില്‍ ഉണ്ടായിരുന്നു. എപ്പോഴും അത് താഴെ നിന്നു പൂട്ടിയിരിക്കും. അത് തുറന്നാല്‍ നേരെ ചെല്ലുന്നത് താഴത്തെ ഹാളില്‍ ആണ്.
രാത്രി ഒരു 9 മണി ആയി കാണും. എല്ലാവരും പഠിച്ചു പഠിച്ചു മയങ്ങികൊണ്ടിരുന്നപ്പോള്‍ മോള്‍ ഒരു ആഗ്രഹം പറഞ്ഞു. "എടാ നമുക്ക് ഇവിടെ ടി.വി. ഒന്നും ഇല്ലാലോ, താഴെ ആണെങ്കില്‍ ടി.വിയും സി.ഡി. പ്ലെയറും ഒക്കെ ഇരുപ്പുണ്ട്‌...ആരും ഇല്ല താനും. നമുക്ക് കുറച്ചു നേരം പോയി ടി.വി. ഒക്കെ കണ്ടിട്ട് വരാം."
അത് ശരിയാണ്, ഞങ്ങള്‍ കുഞ്ഞുക്കുട്ടി പരാധീനക്കാര്‍ക്ക് എവിടുന്നാ ടി.വി. ഒക്കെ! ഒരിക്കല്‍ മേടിക്കാന്‍ ഒരു ശ്രമം നടത്തി, പക്ഷേ സാമ്പത്തിക ബാധ്യത മൂലം അത് ചീറ്റിപോയി.
"അതിന് താഴെ എല്ലാം പൂട്ടി ഇട്ടേച്ചു പോയേക്കുവല്ലേ...എങ്ങനെ അകത്തു കയറും?" ഞാന്‍ ചോദിച്ചു.
"ഓ അതിനാന്നോ പാട്! ആ ഇടക്കലത്തെ വാതില്‍ ഉണ്ടല്ലോ, അത് തുറക്കാന്‍ വളരെ എളുപ്പമാ, ഒരു 4 സ്ക്രൂ ഉരേണ്ട കാര്യമേ ഉള്ളു... " ചുണ്ടില്‍ ഒരു ചിരി ഒക്കെ ഫിറ്റ് ചെയ്തു അവന്‍ തന്നെ പറഞ്ഞു.
"ആഹാ എന്നാ ഒന്നു നോക്കിയിട്ട് തന്നെ കാര്യം" പുഞ്ചിരി പുസ്തകം ഒക്കെ മടക്കി വെച്ചിട്ട് പറഞ്ഞു "ബോബനും മോളിയും ഒക്കെ ഇനി പിന്നെ വായിക്കാം".
"ശരി എന്നാ ടി.വി. കണ്ടിട്ട് തന്നെ കാര്യം." ഞാനും ശ്രീകുട്ടനും കൂടെ ഉറപ്പിച്ചു പറഞ്ഞു.
അങ്ങനെ എവിടുന്നോ ഒരു സ്ക്രൂ ഡ്രൈവര്‍ ഒക്കെ തപ്പി പിടിച്ചു കൊണ്ടു വന്നു ഞങ്ങള്‍ പണി ആരംഭിച്ചു. ഒരു 5 മിനിട്ട് കഴിഞ്ഞപ്പോ അതാ ആ വാതില്‍ ഞങ്ങള്‍ക്ക് മുന്നില്‍ തുറക്കപ്പെട്ടു. വേഗം തന്നെ ഓടി താഴെ ചെന്നു. എല്ലാ മുറികളും വീണ്ടും പൂട്ടിയിരിക്കുന്നു. ഞങ്ങളെ അവര്‍ക്ക് നന്നായി അറിയാവുന്നത് കൊണ്ടാണെന്ന് തോന്നിപോയി. ആകെ തുറന്നു കിടക്കുന്നത് ഹാളും അടുക്കളയും മാത്രം.
മോള്‍ ചെന്നു ലൈറ്റ് ഇടാന്‍ ആരംഭിച്ചു.
"ടാ മണ്ടാ.. ലൈറ്റ് ഇട്ടാ ഇവിടെ ആരാണ്ട് കള്ളന്‍മാര്‍ കയറി എന്ന് നാട്ടുകാര്‍ വിചാരിക്കും" ശ്രീകുട്ടന്‍ പറഞ്ഞു.
"ഓ പിന്നെ...കള്ളന്‍മാര്‍ ലൈറ്റ് ഇട്ടോണ്ടല്ലേ മോഷ്ടിക്കുന്നത്! ഒന്നു പോടാ." മോള്‍ തിരിച്ചടിച്ചു.
"എന്തായാലും അവര്‍ ഇവിടെ ഇല്ലാന്ന് നാട്ടുകാര്‍ക്ക് എല്ലാം അറിയാവുന്ന സ്തിഥിക്ക് ലൈറ്റ് ഇടണ്ടാ..." ഒത്തു തീര്‍പ്പിനായി പുഞ്ചിരി പറഞ്ഞു.
മോള്‍ ചെന്നു സോഫയില്‍ മലര്‍ന്നു കിടന്നു ടി.വി. കാണാന്‍ ആരംഭിച്ചു.
"ടാ സൂക്ഷിച്ചു വേണം. സാധനങ്ങള്‍ എല്ലാം ഇരിക്കുന്ന സ്ഥലം എല്ലാം ഓര്‍ത്തു വെച്ചോണം,മാറി പോയാ അവര്‍ക്ക് വല്ലോ സംശയവും തോന്നും" എന്‍റെ കുശാഗ്ര ബുദ്ധി പ്രവര്‍ത്തിച്ചു.
"പോടാ പോടാ, 4-5 ദിവസം കഴിഞ്ഞിട്ട് വരുമ്പോള്‍ എന്ത് എവിടെയാണെന്നു എങ്ങനെ ഓര്‍മ്മിക്കാന്‍!" ശ്രീകുട്ടന്‍ എന്‍റെ ബുദ്ധിയെ പുച്ഛിച്ചു തള്ളി.
"എന്തായാലും ഒരു മുന്‍കരുതല്‍ ഒക്കെ വേണമല്ലോ, അതോണ്ട് പറഞ്ഞതാ." അല്പം സങ്കടത്തോടെ ഞാന്‍ പറഞ്ഞു.
"ശോ എനിക്ക് വിശക്കുന്നു. അടുക്കളെ വല്ലോം ഉണ്ടോന്നു ഞാന്‍ ഒന്നു നോക്കട്ടെ" പുഞ്ചിരി അടുക്കള ലക്ഷ്യമാക്കി ഓടി.
"അളിയാ രക്ഷപെട്ടു. എന്തുമാത്രം സാധനങ്ങളാ ഈ ഫ്രിഡ്ജില്‍ ഇരിക്കുന്നെ! ൨-൩ ദിവസം കുശാല്‍ ആയി!" പുഞ്ചിരിയുടെ നിലവിളി കെട്ട് ഞങ്ങളെല്ലാം ഓടി ചെന്നു.
ശരിയാണ്, ഫ്രിഡ്ജ്‌ മുഴുവനും സാധനങ്ങള്‍... വിവിധ തരം ജ്യുസുകള്‍ ഒക്കെ നിരത്തി വെച്ചിരിക്കുന്നു. എല്ലാവരും ഓരോന്ന് എടുത്തു തിന്നാന്‍ തുടങ്ങി.
"ടാ ഇതു കുഴപ്പം ആവും,അവര്‍ വന്നു എല്ലാം തീര്‍ന്നു പോയി എന്ന് കണ്ടാല്‍ പ്രശ്നം അല്ലെ?" ശ്രീകുട്ടന്‍ ചോദിച്ചു.
"അതിന് നമ്മള്‍ എല്ലാം തീര്‍ക്കുന്നില്ലലോ, കുറച്ചൊക്കെ വെച്ചേക്കാം" പുഞ്ചിരി പറഞ്ഞു.
ജ്യൂസ്‌ ഒക്കെ കുറെ കുടിച്ചിട്ട് അറിയാതിരിക്കാനായി കുറെ വെള്ളം ഒക്കെ ചേര്‍ത്ത് അങ്ങ് വെച്ചു.
"കളറിനു ഒരു ചെറിയ മങ്ങള്‍ ഉണ്ട്, എന്നാലും സാരമില്ല, നിറഞ്ഞു തന്നെ ഇരിപ്പുണ്ടല്ലോ." മോള്‍ പറഞ്ഞു.
അപ്പോളാണ് അവിടെ ഇരുന്ന ഫോണ്‍ പുഞ്ചിരിയുടെ ശ്രദ്ധയില്‍ പെട്ടത്. "ഹിഹി ഇന്നു ഞാന്‍ ഫോണ്‍ വിളിച്ചു മരിക്കും, ഹഹഹാ!" പുതിയ കളിപാട്ടം കിട്ടിയ കുട്ടികളെ പോലെ അവന്‍ തുള്ളിച്ചാടി.
ടാ അധികം ഒന്നും വിളിക്കണ്ട, ബില്‍ കൂടിയാ അവര്‍ക്ക് വല്ലോ സംശയവും തോന്നും." ഞാന്‍ വീണ്ടും സദാചാരത്തിന്റെ വക്താവായി."ഏയ് ഏറിയാല്‍ ഒരു മണിക്കൂര്‍ അത്രേ ഉള്ളു..." പുഞ്ചിരി നമ്പര്‍ കുത്തികൊണ്ട് പറഞ്ഞു.
അങ്ങനെ ഒരു 2-3 ദിവസം ടി.വി യും ഫോണും ഒക്കെ ആയി കഴിഞ്ഞു.ഒരു ദിവസം ഞങ്ങള്‍ പതിവുപോലെ ടി.വി. ഒക്കെ കണ്ടു വിശ്രമിക്കുക ആയിരുന്നു. രാത്രി ഒരു 9 മണി ആയി കാണും. മോള്‍ വിശപ്പ്‌ മൂത്ത് എന്തൊക്കെയോ അടുക്കളയില്‍ പോയി തപ്പി പെറുക്കി തിന്നാന്‍ ആരംഭിച്ചു. നോക്കുമ്പോള്‍ അതാ വീടിനു മുന്നില്‍ ഒരു കാര്‍ വന്നു നില്‍ക്കുന്നു. അതില്‍ നിന്നു സുനിത ചേച്ചിയും ഭര്‍ത്താവും ഒക്കെ ചാടി ഇറങ്ങുന്നു. പെട്ടന്ന് തന്നെ ഞങ്ങള്‍ എല്ലാം stair case വഴി ഓടി, മുകളില്‍ ചെന്നു കതകും അടച്ചു. ധൃതിക്കിടയില്‍ ഞങ്ങള്‍ മോളുടെ കാര്യം അങ്ങ് മറന്നു പോവുകേം ചെയ്തു. കതകു അടച്ചു കഴിഞ്ഞപ്പോഴാണ് മോള്‍ താഴെ കുടുങ്ങി പോയ കാര്യം ഓര്‍ത്തത്‌.
താഴെ നിന്നു ഒരു പൊട്ടിത്തെറി കേള്‍ക്കാമെന്ന് കരുതി ഞങ്ങള്‍ കതകിനോട് ചേര്‍ന്നു നിന്നു ശ്രദ്ധിച്ചു. പക്ഷേ കുറെ നേരം കഴിഞ്ഞിട്ടും നിരാശ ആയിരുന്നു ഫലം!
നോക്കിയിരുന്നു നോക്കിയിരുന്നു എപ്പോഴോ ഞങ്ങള്‍ എല്ലാം ഉറക്കത്തിലേക്കു വഴുതി വീണു.
പ്രഭാതം പൊട്ടി വിടര്‍ന്നു. സുനിത ചേച്ചിയുടെ അമ്മായി രാവിലെ മുറ്റമടിക്കാനായി ചൂല് തപ്പി സ്റ്റോര്‍ റൂമില്‍ ചെന്നു.
"അയ്യോ എന്നെ കൊല്ലുന്നേ...! കള്ളന്‍, കള്ളന്‍..." ഒരു നിലവിളി ആയിരുന്നു. ചക്കൊക്കെ മൂടിയ ഒരു രൂപം ചാടി, തുറന്നു കിടന്ന അടുക്കള വാതിലില്‍ കൂടെ ഇറങ്ങി അയ്യം വഴി ഓടി. ബഹളം ഒക്കെ കെട്ട് ഉണര്‍ന്ന ഞങ്ങളും ചാടി എഴുന്നേറ്റു ആ രൂപത്തിനെ പിന്തുടര്‍ന്നു. കുറച്ചു ദൂരം ഓടിയപ്പോഴാണ് ചാക്കൊക്കെ മാറ്റി മോള്‍ പുറത്തു ചാടിയത്. നാട്ടുകാര്‍ ആരും കൂടാഞ്ഞത് കൊണ്ടു ആരും അവനെ കണ്ടുമില്ല.
"എടാ അവിടുന്ന് പുറത്തു ചാടാന്‍ വേറെ വഴി ഇല്ലായിരുന്നു... എനിക്ക് വയ്യ നാട്ടുകാരുടെ ഇടി കൊള്ളാന്‍."
ഞങ്ങള്‍ അവനെയും കൂട്ടി ചാക്കും ഒക്കെ കൊണ്ടു ഒന്നും അറിയാത്ത പോലെ തിരിച്ചു ചെന്നു. അമ്മായി ബോധം ഇല്ലാതെ നിലത്തു കിടക്കുന്നു. സുനിത ചേച്ചിയും ഭര്‍ത്താവും വെള്ളം ഒക്കെ തളിച്ച് അമ്മായിയെ എഴുന്നേല്‍പ്പിച്ചു.
"ഏതോ ഭയങ്കര കള്ളനായിരുന്നു, ഒരു ആറു-ആറര അടി നീളമുണ്ട്! വല്യ കറുത്തിരണ്ട രൂപം! ചാടി വന്നു എന്നെ കൊല്ലാനും നോക്കി!" അമ്മായി ബോധം വീണപ്പോള്‍ പറഞ്ഞു.
"അതെ അതെ, ഞങ്ങള്‍ ഓടിച്ചിട്ടും അവന്‍ രക്ഷപ്പെട്ടു കളഞ്ഞില്ലേ... ഓടിച്ചപ്പോള്‍ ചാക്ക് ഒക്കെ ഇട്ടിട്ടു ഓടി കളഞ്ഞു. പക്ഷേ മുഖം കാണാന്‍ ഞങ്ങള്‍ക്ക് പറ്റിയില്ല...ഏതോ പഠിച്ച കള്ളന്‍ തന്നെ." അവര്‍ക്ക് കാര്യങ്ങള്‍ പിടികിട്ടുന്നതിനു മുന്‍പ് തന്നെ ഞങ്ങള്‍ മോളെയും കൊണ്ടു സ്ഥലം കാലിയാക്കി.
-----------
എന്തായാലും ഞങ്ങള്‍ കയറി വിളയാടിയത് അവര്‍ക്ക് മനസ്സിലാവാഞ്ഞത് കൊണ്ടു തടി കേടാവാതെ രക്ഷപ്പെട്ടു. കുറെ നാള്‍ കൂടി അവിടെ താമസിക്കുകേം ചെയ്തു.

6 അഭിപ്രായങ്ങൾ:

  1. "ഏതോ ഭയങ്കര കള്ളനായിരുന്നു, ഒരു ആറു-ആറര അടി നീളമുണ്ട്!
    ഹ ഹ ... ലതെനിക്കിഷ്ടപെട്ടു...!
    ഇക്കാര്യത്തില്‍ ഫാമിലിക്ക്‌ നല്ല എക്സ്പീരിയന്‍സ് ആണല്ലേ..?

    മറുപടിഇല്ലാതാക്കൂ
  2. കൊച്ചുണ്ണീടെ ആരായിട്ടു വരുമെന്നാ പറഞ്ഞേ... :)

    മറുപടിഇല്ലാതാക്കൂ
  3. സാബിത്ത്.കെ.പി: ഞങ്ങള്‍ അവിടെ താമസിച്ചത് കൊണ്ടുള്ള എക്സ്പീരിയന്‍സ് മാത്രമെ അവര്‍ക്ക് കാണുള്ളൂ...

    മറുപടിഇല്ലാതാക്കൂ
  4. ബഷീര്‍ വെള്ളറക്കാട്‌ / pb: കൊച്ചുണ്ണി ഒക്കെ പഴയതായി പോയില്ലേ?? ഇപ്പൊ അതിലും വല്യ കള്ളന്‍മാര്‍ അവിടെ ഉണ്ട്. ഞാന്‍ അതിലൊന്നും പെടില്ല കേട്ടോ, വെറുതെ എഴുതിയെന്നു മാത്രം!

    മറുപടിഇല്ലാതാക്കൂ

Thank you for providing the comments