പേജുകള്‍‌

തിങ്കളാഴ്‌ച, നവംബർ 03, 2008

ഓയൂരില്‍ നിന്നും തീവ്രവാദികളെ പിടിച്ചു

(Disclaimer: ഇതു വെറും ഒരു സങ്കല്പ കഥ മാത്രമാണ്. ഇതിന് ആരോടെങ്കിലും സംബന്ധം തോന്നുന്നെങ്കില്‍ അവരവര്‍ തന്നെ സഹിച്ചോണം!)

ഇങ്ങനെ പത്രത്തില്‍ ഒരു തലക്കെട്ട്‌ കണ്ടാണു ഞാന്‍ ഉറക്കം ഉണര്‍ന്നത്. ദൈവമേ! ചതിച്ചോ! ടോണിമോന്‍ നാട്ടില്‍ പോയിട്ടുണ്ടായിരുന്നു. അവന്‍ ഓയൂരുകാരന്‍ ആണ് താനും. അതും വെളുത്തു പൊക്കമുള്ള 25 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു യുവാവിനെ ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.ഇനി അബദ്ധത്തില്‍ എങ്ങാനം(തെറ്റിധാരണയുടെ പുറത്ത് ആണെങ്കില്‍ കൂടി) അവനെ പിടിച്ചാലോ?
ഇതു ടോണി മോന്‍ തന്നെ. ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു. അവനെ കണ്ടാല്‍ ഒരു തീവ്രവാദി ലുക്ക് ഒക്കെ ഉണ്ട് താനും.
ഞാന്‍ ഈ വാര്‍ത്ത ടിന്റുമോനെയും ബാബുമോനെയും കൊച്ചേട്ടനെയും ഒക്കെ കാണിച്ചു. അവരും ഉറപ്പിച്ചു പറഞ്ഞു. ഇതു അവന്‍ തന്നെ. ഒയൂരില്‍ നിന്നും നാടു വിട്ടു പോയിട്ടുള്ള ചുരുക്കം ചിലരില്‍ ഉള്ള ഒരാളാന്നു ടോണിമോന്‍.
"ഇനി നമ്മള്‍ എന്ത് ചെയ്യും? തീവ്രവാദികളുടെ ഫ്രണ്ട്സിനെ ഒക്കെ അകത്താക്കുന്ന സീസണ്‍ ആണ്. ഇനി അവനെങ്ങാനം നമ്മുടെ ഒക്കെ പേരു പറഞ്ഞാ... ദേവിയെ...ഞാന്‍ നാട്ടില്‍ പോവാ, എനിക്ക് വയ്യാ പോലീസിന്റെ ഇടി കൊള്ളാന്‍!" ബാബുമോന്‍ ആദ്യം കണ്ട കുറെ തുണികള്‍ ഒക്കെ വാരി ഒരു ബാഗില്‍ കുത്തിനിറച്ചു കൊണ്ടു പറഞ്ഞു.
"അയ്യാടാ...അതിന്റെ പേരില്‍ എന്റെ കുറെ ഉടുപ്പുകള്‍ അടിച്ചോണ്ട് പോകാമെന്ന് കരുതിയോ?" ടിന്റുമോന്‍ ചാടി വീണു തടഞ്ഞു.
"എടാ, അവന്‍ പറഞ്ഞതിലും കാര്യമുണ്ട്. ടോണിമോനേ പിടിച്ചാല്‍ ഉറപ്പായിട്ടും പോലീസ് നമ്മളേം തേടി വരും. ഒരുത്തനെ പോക്കിയാ അവന്റെ കൂട്ടുകാരേം പോക്കും, ഉറപ്പാ." ഞാന്‍ പറഞ്ഞു.
"ഹും ഗള്‍ഫില്‍ പോവാണെന്ന് പറഞ്ഞാ അവന്മാര്‍ വീട്ടില്‍ നിന്നും ഇറങ്ങിയിരിക്കുന്നത്. ടോണിമോന്‍ എന്താ പറഞ്ഞിരിക്കുന്നത് എന്ന് ആര് അറിയുന്നു!" പത്രത്തില്‍ നോക്കിക്കൊണ്ട്‌ കൊച്ചേട്ടന്‍ പറഞ്ഞു. "ഇനി നാട്ടില്‍ പോവാണന്നൊക്കെ നമ്മളോട് പറഞ്ഞിട്ട് വല്ല കാശ്മീരിലും പോയതാന്നോ? "
"ഇനി ഒറ്റ വഴിയേ ഉള്ളു. എത്രേം വേഗം നമുക്കും ഒന്നു മാറി നില്‍ക്കാം." ടിന്റുമോന്‍ പറഞ്ഞു.
"ഇപ്പൊ പോലീസുകാര്‍ ഒക്കെ ഭയങ്കര അന്വേഷണം അല്ലെ... വേഗം തന്നെ അവര്‍ ഇവിടേം എത്തും."
"ഡാ അവന്റെ കയ്യില്‍ മൊബൈല്‍ ഫോണ്‍ ഇല്ലേ? ഒന്നു വിളിച്ചു നോക്കിയാലോ? " ബാബുമോന്‍ ചോദിച്ചു.
"പിന്നെ എന്തിനാ? ചുമ്മാ ഇരിക്കുന്ന പട്ടിയുടെ വായില്‍ കമ്പിട്ടു കുത്തി കടിപ്പിക്കണോ?" ടിന്റുമോന്‍ എതിര്‍ത്ത് കൊണ്ടു പറഞ്ഞു.
"അതല്ലടാ...ഇനി അവന്‍ ശരിക്കും വീട്ടില്‍ പോയതാണങ്കിലോ? വെറുതെ ടെന്‍ഷന്‍ അടിക്കണ്ടല്ലോ." ഞാന്‍ പറഞ്ഞു.
"എന്നാ നി നിന്റെ ഫോണില്‍ നിന്നു തന്നെ അങ്ങ് വിളിച്ചാ മതി. ഇനി അവസാനം അതിനും ഉത്തരം പറയാന്‍ എനിക്ക് വയ്യ!" ബാബുമോന്‍ മൊബൈല്‍ ഒക്കെ കീശയില്‍ തിരുകി കൊണ്ടു പറഞ്ഞു.
ഞാന്‍ അവിടെ നോക്കിയപ്പോള്‍ അതാ കിടക്കുന്നു ടിന്റുമോന്റെ മൊബൈല്‍ വഴിയില്‍! പിന്നെ താമസിച്ചില്ല, അവന്‍ കാണാതെ ഒരു വിളി അങ്ങ് വെച്ചു കൊടുത്തു. പക്ഷേ ഒരു രക്ഷയും ഇല്ല. ഫോണ്‍ സ്വിച്ചട് ഓഫ് ആണ്.
"ഇപ്പൊ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഒക്കെ ഉപയോഗിക്കാം എന്ന് കേട്ടല്ലോ. പിന്നെ എന്താ സ്വിച്ചട് ഓഫ്?" കൊച്ചേട്ടന്‍ ചോദിച്ചു.
"പിന്നെ നി ജയിലില്‍ നിന്നു വന്നതല്ലേ...എടാ തീവ്രവാദി എന്ന് പറഞ്ഞാ പിന്നെ ഒരു സൌകര്യോം കാണില്ല. ഇടി മാത്രം കിട്ടും" ടിന്റു മോന്‍ തന്‍റെ അനുഭവം വിവരിച്ചു.
"അത് ശരി ആയിരിക്കും. പോലീസുകാര്‍ മൊബൈലില്‍ നിന്നുള്ള കോള്‍ ഒക്കെ ട്രേസ് ചെയ്തു ഇങ്ങു വരും. എല്ലാവനും അകത്തായത് തന്നെ" ഞാന്‍ എന്ത് ചെയ്യുമെന്ന് ഒരു പിടിയുമില്ലാതെ പറഞ്ഞു.
ഇങ്ങനെ ഒക്കെ പറഞ്ഞു കൊണ്ടിരിക്കുമ്പോഴാന്നു പെട്ടെന്ന് ഡോര്‍ ബെല്‍ മുഴങ്ങിയത്....
"ദൈവമേ...." ഞങ്ങള്‍ എല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞു."ഇത്ര വേഗം പോലീസ് എത്തിയോ? ഇനി നമ്മള്‍ എന്ത് ചെയ്യും?" വിറയാര്‍ന്ന സ്വരത്തില്‍ ടിന്റുമോന്‍ ചോദിച്ചു.
"എടാ ആരേലും പോയി വാതില്‍ തുറക്ക്‌. എന്തായാലും നേരിട്ടല്ലാ പറ്റു..." അല്പം ധൈര്യം സംഭരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.
വീണ്ടും നിറുത്താതെ ബെല്‍ മുഴങ്ങി."ട്രിം ട്രീം...."
"എന്നാ വാ നമുക്ക് എല്ലാം കൂടി ഒരുമിച്ചു പോയി തുറക്കാം."
വാതില്‍ തുറന്നതും ഒരു അലര്‍ച്ച ആയിരുന്നു. "എവിടെ പോയി കിടക്കുവായിരുന്നെടാ എല്ലാ എണ്ണോം ?"
എവിടുന്നോ ഒരു കറുത്ത കണ്ണട ഒക്കെ വെച്ചു ദാ നില്ക്കുന്നു നമ്മുടെ ടോണി മോന്‍!
"എടാ നിന്നെ അവര്‍ വെറുതെ വിട്ടോ?" ഗുഡ് മോര്‍ണിംഗ് പറയുന്ന ഭാവത്തില്‍ ടിന്റുമോന്‍ ചോദിച്ചു.
"ആരാ എന്താ..നിനക്കൊക്കെ വട്ടു പിടിച്ചോ?" ഒന്നും മനസ്സിലാവാതെ ടോണിമോന്‍ ചോദിച്ചു.
"ഇനി ഒളിക്കാന്‍ നോക്കിയിട്ട് കാര്യമില്ല. ഞങ്ങള്‍ എല്ലാം അറിഞ്ഞു. നി കാശ്മീരി പോയിട്ട് എപ്പോ വന്നു?"
"കാശ്മിരോ? എടാ മണ്ടന്മാരെ ഞാന്‍ വീട്ടി പോയതാ. നിന്നോടൊക്കെ അന്നേ പറഞ്ഞതല്ലേ? ഇനി സംശയം ഉണ്ടെങ്കില്‍ ഇന്നാ നോക്ക്." ടോണി മോന്‍ ബാഗ് തുറന്നു വീട്ടില്‍ ഉണ്ടാക്കിയ കുറെ അച്ചാറുകളും തീറ്റി സാധനങ്ങളും പുറത്തിട്ടു."ഇപ്പൊ വിശ്വാസം ആയോ?"
ബാബുമോന്‍ ചാടി വീണു രണ്ടു കവര്‍ പൊട്ടിച്ചു തിന്നാന്‍ തുടങ്ങി.
"അപ്പൊ നിന്നെ ശരിക്കും പോലീസ് പിടിച്ചില്ലേ? ഞങ്ങള്‍ വിചാരിച്ചു നി തന്നെ ആരിക്കും അതെന്നു". കൊച്ചേട്ടന്‍ പറഞ്ഞു.
"ഏത്?"
ടിന്റുമോന്‍ ആ പത്ര വാര്‍ത്ത ടോണി മോനേ കാണിച്ചു.
"ഹും നിന്നെ പോലെ ഒക്കെ ഉള്ള കൂട്ടുകാരെ സഹിക്കുന്നതിലും നല്ലത് വല്ല തീവ്രവാധികളുടെയും കൂടെ പോവുന്നതാ! നിയൊക്കെ ചുട്ട കോഴിയെ പറപ്പിക്കുന്ന ഇനങ്ങള്‍ ആണല്ലോ. നിന്‍റെ ഒക്കെ വാക്കു കേട്ടു വല്ലോ പോലീസുകാര്‍ വരാഞ്ഞത് എന്‍റെ കാരണവന്മാര്‍ ചെയ്ത പുണ്യം!
-----
ഇതൊക്കെ ആണെങ്കിലും അന്നത്തെ ദിവസം മുഴുവനും ടോണി മോനേ ഒരു സംശയ ദൃഷ്ടിയോടെയാണ് ഞങ്ങള്‍ നോക്കിയത്!

5 അഭിപ്രായങ്ങൾ:

  1. കൊള്ളാം.പക്ഷേ ശ്രമിച്ചിരുന്നെങ്കില്‍ വളരെ മനോഹരം ആക്കാമായിരുന്നു(എന്‍റെ അഭിപ്രായമാണേ..തള്ളിക്കളയാം)

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2008, നവംബർ 3 11:09 AM

    പാവം ടോണിമോന്‍... പോസ്റ്റു വായിച്ച് തീവ്രവാദി അവതിരുന്നാല്‍ മതി! നന്നായിട്ടുണ്ട്....

    മറുപടിഇല്ലാതാക്കൂ
  3. അരുണ്‍ കായംകുളം: ശരി ഇനി എന്നാ കൂടുതല്‍ ശ്രമിക്കാം...നന്ദി...

    മറുപടിഇല്ലാതാക്കൂ
  4. Rajesh: ഞങ്ങടെ നടുവില്‍ അവന് അതിന് സാധിക്കുകയില്ല....

    മറുപടിഇല്ലാതാക്കൂ
  5. കുഞ്ഞാടെ , ടോണി മോന്‍ ഒരു ഭയങ്കരന്‍ തന്നെ !!

    മറുപടിഇല്ലാതാക്കൂ

Thank you for providing the comments