പേജുകള്‍‌

വെള്ളിയാഴ്‌ച, ഏപ്രിൽ 23, 2010

കരടി തകര്‍ത്ത സ്വപ്നം

വെറുതെ കിടന്നു ഉറങ്ങി മടുത്തപ്പോഴാണ് ഓഫീസില്‍ പോവാമെന്നു വെച്ചത്, പക്ഷേ അവിടെയും ഒരു രക്ഷ ഇല്ല.വെറുതെ ഇരിപ്പ് തന്നെ. എന്നാ കുറച്ചൊന്നു മയങ്ങി കളയാം എന്ന് വെച്ച് dormitory-ല്‍  ചെന്ന് നോക്കിയപ്പോ അവിടെ അടുക്കാന്‍ പറ്റാത്ത തിരക്ക്. എത്ര നേരം എന്ന് വച്ചാ കത്തി അടിച്ചു സമയം കളയുന്നെ! അങ്ങനെ ഒക്കെ ചിന്തിച്ചു ഇരിക്കുമ്പോഴാണ് രാജീവന്‍ ഒരു ഐഡിയ ഇട്ടത്: "നമുക്ക് ഷെയര്‍ മാര്‍കെറ്റില്‍ ഒരു കൈ നോക്കിയാലോ? എന്തായാലും വെറുതെ ഇരിക്കുവല്ലേ? ഇതാവുമ്പോ നാലു കശുണ്ടാക്കാമല്ലോ ..."
ഹും അതു  കൊള്ളാം, എനിക്കും തോന്നി "ഈ ബുദ്ധി എന്താ നമുക്ക് നേരത്തെ തോന്നാഞ്ഞേ? എത്ര ദിവസമാ വെറുതെ കളഞ്ഞേ, ശ്ശൊ! എന്തു മാത്രം നഷ്ടമാ ഉണ്ടായേ!"
"അങ്ങനെ ആണേല്‍ നമുക്ക് 1-2 ആള്‍ക്കാരെ കൂടെ ചേര്‍ക്കാം, കൂടുതല്‍ മുതല്‍ മുടക്കിയാല്‍ കൂടുതല്‍ ലാഭം!" രാജീവന്‍ പറഞ്ഞു.
അങ്ങനെ കുറേ പേരോട് ഞങ്ങള്‍ ഈ കാര്യം പറഞ്ഞു നോക്കി...പക്ഷേ ഒരുത്തനും വെറുതെ ഇരുന്നു പൈസാ ഉണ്ടാക്കാന്‍  താല്പര്യം ഇല്ലത്രെ! മണ്ടന്മാര്‍...ഞാന്‍ മനസ്സില്‍ അവരെ കളിയാക്കി ചിരിച്ചു.

അവസാനം ഞങ്ങള്‍ക്ക് ഒരു ബാലിയാടിനെ കിട്ടി : ദിനേശന്‍.

"എനിക്ക് ഇതിനുവേണ്ടി അദ്വാനിക്കാന്‍  ഒന്നും വയ്യ, വേണേ ഞാന്‍ കുറച്ചു പൈസാ ഇടാം, ലാഭം മാത്രം തന്നാ മതി..." ദിനേശന്‍ തുറന്നു പറഞ്ഞു.
ഹും സാരമില്ല, ഞങ്ങള്‍ കരുതി, "കൂടുതല്‍ പൈസാ...കൂടുതല്‍ ലാഭം"
"ഇനി നമുക്ക് market research നടത്തണം, എന്നാലല്ലേ ഏതു ഷെയറ നല്ലതെന്ന് പറയാന്‍ പറ്റു", ഞാന്‍ ഒരു ഐഡിയ അങ്ങ് ഇട്ടു കൊടുത്തു.
"അതെ അതെ, നമുക്ക് ഒരു 10 തരം ഷെയറുകള്‍ എങ്കിലും വാങ്ങാം, അപ്പൊ ഒരെണ്ണം നഷ്ടത്തില്‍ ആയാലും ബാക്കി കൊണ്ട് പിടിച്ചു നില്‍ക്കാമല്ലോ..." രാജീവന്‍ പറഞ്ഞു. "എനിക്ക് വണ്ടിക്കു പെട്രോള്‍ അടിക്കാനുള്ള കാശു കിട്ടിയാല്‍ മതി"
"എയ്‌ അതൊന്നും പോര, മാസം ഒരു 25000 രൂപ എങ്കിലും ഉണ്ടാക്കണം, എന്നാലെ കഷ്ടിച്ച് ചിലവോക്കെ നടന്നു പോവു..."ദിനേശന്‍ പറഞ്ഞു.

"ശരി ശരി, നമുക്ക് ഒരു 2,000 രൂപ എങ്കിലും വെച്ച് ഇടാം, അങ്ങനെ ആവുമ്പോള്‍ നല്ല ലാഭം കിട്ടും" ഞാന്‍ പറഞ്ഞു.
"എന്തായാലും ഇതൊക്കെ ഒന്ന് പഠിക്കാമല്ലോ...ആരേലും ചോദിച്ചാ പറയാമല്ലോ" രാജീവനും പറഞ്ഞു.
അങ്ങനെ ഞങ്ങള്‍ പണി തുടങ്ങി, മേനെക്കെട്ടിരുന്നു കുറെ ഷെയറുകളുടെ ഒക്കെ പേരും വിലയും പഠിച്ചു:

റിലയന്‍സ് - 1100 രൂപ
ഇന്‍ഫോസിസ് - 2700 രൂപ
ടി സി എസ് - 800 രൂപ

"ഓ, ഇതൊന്നും നമ്മുടെ കയ്യില്‍ ഒതുങ്ങുന്നതല്ല, വല്ല കുറഞ്ഞ വിലയുടെയും  നോക്കാം" രാജീവന്‍ പറഞ്ഞു.
"കുറഞ്ഞ വില കൂടുതല്‍ ലാഭം,നമ്മള്‍ ഒരു കലക്ക് കലക്കും..." ഞാന്‍ തുള്ളിച്ചാടി.
അങ്ങനെ സന്തോഷിച്ചു ഇരിക്കുമ്പോഴാണ് ഷെയറില്‍ ഒക്കെ കയ്യിട്ടു പൊള്ളിയ ഒരു താപ്പാന അതിലെ വന്നത്.
"നിങ്ങള്‍ എന്താ കരുതിയെ? ചന്തയില്‍ പോയി മത്തി മേടിക്കുന്ന പോലെ അന്നോ ഷെയര്‍ മേടിക്കാന്‍ പോന്നെ? ഇതിനൊക്കെ ഒരു രീതി ഉണ്ട്...അക്കൗണ്ട്‌ വേണം അക്കൗണ്ട്‌! അറിയാന്‍ മേലേല്‍ ഇപ്പോഴേ നിറുത്തി പോടെ".
അതു ഞങ്ങള്‍ക്ക് അത്ര രസിച്ചില്ല, "അക്കൗണ്ട്‌ ഇല്ലെന്നു ആരു പറഞ്ഞു, ഞങ്ങള്‍ അതെല്ലാം ശരി ആക്കിയിട്ടുണ്ട്" നാണംകെടതിരിക്കാനായി ഞാന്‍ തട്ടിവിട്ടു.
അതു കഴിഞ്ഞപ്പോഴാണ് ഞങ്ങള്‍ക്ക് അക്കൗണ്ട്‌ തുടങ്ങുന്നതിനെ പറ്റി ബുദ്ധി ഉദിച്ചത്. എവിടുന്നോ തപ്പി പിടിച്ചു ഒരു എജെന്റിന്റെ ഫോണ്‍ നമ്പര്‍ എടുത്തു. എന്നിട്ട് അവനെ വിളിച്ചു വരുത്തി കാര്യം പറഞ്ഞു.
"ഹഹഹ" അവന്‍ പൊട്ടി ചിരിച്ചു.
"എന്തിനാ ചിരിക്കുനെ?" ഞങ്ങള്‍ മനസ്സിലാകാത്തത് കൊണ്ട് ചോദിച്ചു.
"അല്ല, ഇതു പോലെ എത്ര എത്ര പേരെ ഞാന്‍ കാശുകാര്‍ ആക്കിയിരിക്കുന്നു" അവന്‍ പറഞ്ഞു "ഇതൊക്കെ എനിക്ക് കുട്ടിക്കളി അല്ലെ! നിങ്ങള്‍ എന്റെ സുരക്ഷിതമായ കൈകളില്‍ അല്ലെ, ഇനി പേടിക്കണ്ട"
"ആട്ടെ, നിങ്ങള്‍ എത്ര രൂപയാ ഇന്‍വെസ്റ്റ്‌ ചെയ്യുന്നേ?" അവന്‍ ചോദിച്ചു.
"അതു ഒരു 2000 രൂപ വെച്ച്"
"ഛെ, അതു വളരെ കുറഞ്ഞു പോയല്ലോ, നിങ്ങള്‍ ഒരു 10000 രൂപ എങ്കിലും വെച്ച് ഇടണം, എന്നാലെ ലാഭം ഉണ്ടാവു"
"ലാഭം ഉണ്ടാവുമെന്ന് ഉറപ്പാണല്ലോ അല്ലെ?" ഞങ്ങള്‍ ചോദിച്ചു.
"പിന്നെന്താ സംശയം? പോരാഞ്ഞിട്ട് ഞങ്ങളുടെ കമ്പനി 'ഭാരത കാളകള്‍' ഇപ്പോള്‍ ഒരു IPO റിലീസ് ചെയ്യുന്നുണ്ട്, അതിന്റെ വില വെറും 50 രൂപയെ ഉള്ളു, നിങ്ങള്‍ ഒരു 200 ഷെയര്‍ വെച്ച് മേടിച്ചോളൂ...ഇതു മാര്‍ക്കറ്റില്‍ ഇറങ്ങുമ്പോള്‍ 60 രൂപ ആയിരിക്കും കുറഞ്ഞ വില, അപ്പൊ നിങ്ങടെ ലാഭം കൂട്ടി നോക്കിക്കോളൂ..."
"ഹോ ഒറ്റ ദിവസം കൊണ്ട് 2000 രൂപ ലാഭം, ഈ ബുദ്ധി എന്താ നമുക്ക് നേരത്തെ തോന്നാഞ്ഞേ?" രാജീവന്‍ ചോദിച്ചു.

അങ്ങനെ ഞങ്ങള്‍ ഷെയര്‍ ഒക്കെ മേടിച്ചു, ലാഭം വരുന്നതും കാത്തിരുന്നു...

അങ്ങനെ അവസാനം  ആ ദിവസം വന്നെത്തി, ഞങ്ങളുടെ ഷെയര്‍, മാര്‍കെറ്റില്‍ ഇറങ്ങുന്ന ദിവസം! അന്ന് അതിരാവിലെ തന്നെ ഓഫീസില്‍ എത്തി ഞങ്ങടെ ഷെയറിന്റെ വിലയും കാത്തിരുന്നു.
ഏകദേശം 10 മണി ആയിക്കാണും,"അയ്യോ എല്ലാം പോയെ!" ദിനേശന്‍ ഒരു നിലവിളി ആയിരുന്നു.
"എന്തു പറ്റി അളിയാ?" ഞങ്ങള്‍ ഓടിച്ചെന്നു ചോദിച്ചു.

"ദേ നിങ്ങള്‍ ഇതു കണ്ടോ..നമ്മുടെ ഷെയറിന്റെ വില 25 രൂപ!"

ഞങ്ങളും അറിയാതെ തലയില്‍ കൈ വെച്ചിരുന്നു.

"വിളിയടാ അവനെ, അവന്റെ ഒരു അക്കൗണ്ട്‌!" രാജീവന്‍ ആക്രോശിച്ചു.
ഞങ്ങള്‍ ഉടനെ തന്നെ ഞങ്ങളുടെ എജെന്റിനെ  വിളിച്ചു.

"ഹി ഹി, അതിപ്പോ കാളകളും കരടികളും തമ്മില്‍ ഉള്ള പോരാട്ടം ആവുമ്പോ ചിലപ്പോ കാളകള്‍ ജയിക്കും ചിലപ്പോ കരടികള്‍", അവന്‍ പറഞ്ഞു.
"ഹും കാളക്കു നല്ലപോലെ വയ്ക്കോലും കാടിയും ഒക്കെ കൊടുത്തിട്ട് വേണം കരടിയോട് പോരാടാന്‍ വിടാന്‍,അല്ലെ ഇങ്ങനെ  ഇരിക്കും!" ദിനേശന്‍ കലി തുള്ളിക്കൊണ്ട്‌ പറഞ്ഞു.

പിന്നെ എപ്പോ അവനെ വിളിച്ചാലും "ഈ നമ്പര്‍ നിലവില്‍ ഇല്ല" എന്ന് ഒരു പെണ്ണ് ഇരുന്നു പറയുന്നതല്ലാതെ അവനെ കുറിച്ച് ഒരു വിവരവും  ഇല്ല.

5 അഭിപ്രായങ്ങൾ:

Thank you for providing the comments